ന്യൂദല്‍ഹി : 2002ലെ ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് മുംബൈ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ് ഉടന്‍ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് മൂന്നംഗ സുപ്രീം കോടതി ബെഞ്ച് സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്ക് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കിയിട്ടുണ്ട്.
കീഴടങ്ങുന്നതിന് മുമ്പ് സെതല്‍വാദിന് ഗുജറാത്ത് ഹൈക്കോടതി കുറച്ച് സമയം അനുവദിക്കണമായിരുന്നുവെന്ന് നിരീക്ഷിച്ച് ജസ്റ്റിസുമാരായ എഎസ് ഓക്കയും പികെ മിശ്രയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് നേരത്തെ വിഷയം വിശാല ബെഞ്ചിന് വിട്ടിരുന്നു.തുടര്‍ന്ന് രാത്രി 9.15ന് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ വിശാല ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ഉത്തരവിനെ തുടര്‍ന്ന് കേസ് ഒരാഴ്ചയ്ക്ക് ശേഷം റെഗുലര്‍ ബെഞ്ച് പരിഗണിക്കും.
2002ലെ കലാപക്കേസില്‍ വ്യാജതെളിവുകള്‍ ചമച്ചതിനും സാക്ഷികളെ വ്യാജ മൊഴി നല്കാന് പ്രേരിപ്പിച്ചതിനും കുറ്റാരോപിതയായ ടീസ്റ്റയ്ക്ക് സുപ്രീം കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യമാണ് അറസ്റ്റില്‍ നിന്ന് അവരെ സംരക്ഷിച്ചത്.
ഇതിനെത്തുടര്‍ന്ന്, സ്ഥിരം ജാമ്യത്തിനായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് ശനിയാഴ്ച നിരസിച്ച് ഉടന്‍ കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു കോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: