ഹിന്ദു തീര്‍ത്ഥയാത്രയായ കന്‍വാര്‍ യാത്രയ്ക്കിടയില്‍ ഉത്തര്‍പ്രദേശില്‍ എവിടെയും പരസ്യമായി ഇറച്ചിവില്പന പാടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരസ്യമായ ഇറച്ചിവില്പന നിരോധിച്ച് ഉത്തരവിട്ടിരിക്കുകയാണ് യുപി സര്‍ക്കാര്‍. ശിവഭക്തരായ കന്‍വാരിയകള്‍ ഗംഗാജലം കൊണ്ടുവരാന്‍ ഹരിദ്വാറിലേക്കും ഗോമുഖിലേക്കും ഗംഗോത്രിയിലേക്കും സുല്താന്ഗഞ്ചിലേക്കും നടത്തുന്ന യാത്രയാണ് കന്‍വാര്‍ യാത്ര.
കന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ പൊലീസ് കമ്മീഷണര്‍മാര്‍, ഡിവിഷണല്‍ കമ്മീഷണര്‍മാര്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്ത കൂടിയാലോചനാ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്കപ്പെട്ടത്. ഇക്കുറി കന്‍വാര്‍ യാത്ര നടക്കുന്ന ശ്രാവണമാസത്തിന് ഹിന്ദു കലണ്ടര്‍പ്രകാരം രണ്ട് മാസത്തെ ദൈര്‍ഘ്യമുണ്ട്. ശ്രാവണി, ശിവരാത്രി, നാഗപഞ്ചമി, രക്ഷാബന്ധന് എന്നിവയും അധികമാസത്തില്‍ കൊണ്ടാടുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
“ഭക്തരുടെ വിശ്വാസം മാനിച്ച്, കന്‍വാര്‍ യാത്രികര്‍ കടന്നുപോകുന്ന റൂട്ടുകളില്‍ തുറന്നുള്ള ഇറച്ചിവില്പന നിരോധിച്ചു. ഈ ആത്മീയപാതകള്‍ ശുദ്ധമായും വൃത്തിയോടെയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. തെരുവ് വിളക്കുകളും ആവശ്യത്തിന് നല്‍കും. ചൂടേറിയ മാസമായതിനാല്‍ കുടിവെള്ളത്തിനുള്ള സൗകര്യം ഒരുക്കും. “- യോഗി ആദിത്യ നാഥ് പറഞ്ഞു.
ഇവരുടെ യാത്രാപഥങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിയ്ക്കും. കന്‍വാരിയകള്‍ തമ്പടിക്കുന്ന കൂടാരങ്ങളും മുന്‍കൂട്ടി തീരുമാനിക്കും. അതുവഴി ട്രാഫിക് ജാം ഒഴിവാക്കും. കന്വാറുകള് കടന്നുപോകുമ്പോള്‍ ഡിജെ മ്യൂസിക്കിന്റെ ശബ്ദം കുറയ്ക്കുന്നത് ശ്രദ്ധിക്കണമെന്നും യോഗി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: