ചെന്നൈ: തമിഴ്നാട്ടിലെ വീരചോലപുരത്തെ അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ ഭൂമിയില്‍ സര്‍ക്കാര്‍ കെട്ടിടം പണിതെങ്കിലും വര്‍ഷങ്ങളോളം വാടകയിനടത്തില് കുടിശ്ശിക വരുത്തിയ സ്റ്റാലിന് സര്‍ക്കാരിനോട് ഉടനെ 57.6 ലക്ഷം അടയ്ക്കാന്‍ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ 34.817 ഏക്കര്‍ ഭൂമിയാണ് കള്ളക്കുറിച്ചി ജില്ലാ ഭരണകൂടത്തിന് കെട്ടിടം പണിയാന്‍ പിടിച്ചെടുത്തത്.
തമിഴ്നാട് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ആര്.ഷണ്മുഖസുന്ദരം രണ്ട് മാസത്തെ സമയം നീട്ടിച്ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. നാല് ആഴ്ചകള്‍ക്കകം കുടിശ്ശിക അടച്ചുതീര്‍ക്കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധിച്ചത്.
ഈ കെട്ടിടത്തിന് വാടകനല്കിയിട്ട് ഏറെ നാളായി. വാടക കുടിശ്ശിക തിരിച്ചടയ്ക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് കോടതി ഒരു മാസത്തെ സാവകാശം സ്റ്റാലിന് സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ വാടക അടച്ചില്ല.
ഇതോടെ മദ്രാസ് ഹൈക്കോടതി ഉടനെ വാടക കുടിശ്ശിക തീര്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂലായ് 2020 മുതല്‍ മാസം 1.6 ലക്ഷം വീതം കുടിശ്ശികയിനത്തില്‍ ആകെ 57.6 ലക്ഷം അടയ്ക്കേണ്ടതുണ്ട്. ക്ഷേത്രത്തിന്റെ ട്രസ്റ്റികളുടെ ബോര്‍ഡിന്റെ ചെയര്മാന് ആയിരുന്ന എസ്. ദൈവീഗന് നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി വിധി. ചീഫ് ജസ്റ്റിസ് എസ്.വി. ഗംഗാപൂര്‍ വാല, ജസ്റ്റിസ് പി.ഡി. ആദികേശവലു എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: