കൊച്ചി: കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ നിയമന വിഷയത്തിൽ പ്രിയ വർഗീസിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ യു ജി സി സുപ്രീം കോടതിയിലേക്ക്. വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് യു ജി സിയുടെ ആവശ്യം
കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന്റെ റാങ്ക് പട്ടികയിൽ പ്രിയയുടെ അദ്ധ്യാപന പരിചയം യുജിസി ചട്ടങ്ങൾക്ക് വിധേയമല്ലെന്നായിരുന്നു സിംഗിൽ ബെഞ്ചിന്റെ ഉത്തരവ്. വിധിക്കെതിരെ പ്രിയ വർഗീസ് അപ്പീൽ നൽകി. തുടർന്ന് ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂലമായ ഉത്തരവ് ലഭിച്ചിരുന്നു. അദ്ധ്യാപന യോഗ്യതയില്ലെന്ന സിംഗിൽ ബെഞ്ചിന്റെ നിരീക്ഷണം തള്ളിക്കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നതിന് പിന്നാലെ തിരക്കിട്ട് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് പ്രിയാ വര്‍ഗ്ഗീസിന് ഒന്നാം റാങ്കുള്ള റാങ്ക് പട്ടിക അംഗീകരിച്ചു. വിവാദത്തെ തുടർന്ന് മാസങ്ങളായി മാറ്റിവെച്ചിരുന്ന ലിസ്റ്റിനാണ് സിൻഡിക്കേറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയത്.
ചൊവ്വാഴ്ച ചേർന്ന കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് അസ്സോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റ് അംഗീകരിച്ചത്. പ്രിയ വർഗ്ഗീസിന്റെ നിയമനത്തിന് അനുകൂലമായ നിയമോപദേശം കിട്ടിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സർവകലാശാല മാസങ്ങളായി തടഞ്ഞുവെച്ച റാങ്ക് ലിസ്റ്റ് അംഗീകരിച്ചത്. അടിസ്ഥാന യോഗ്യതയായ എട്ടു വർഷത്തെ അധ്യാപന പരിചയം ഇല്ലെന്ന ആക്ഷേപത്തെ തുടർന്നാണ് പ്രിയ വർഗ്ഗീസിന്റെ നിയമനം വിവാദമായത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയയെ പിൻവാതിൽ വഴി നിയമിക്കാൻ നീക്കം നടക്കുന്നു എന്നായിരുന്നു ആക്ഷേപം. സർവകലാശാലാ തയ്യാറാക്കിയ ആറുപേരുടെ ചുരുക്കപ്പട്ടികയിൽ പ്രിയയും ഇടംപിടിച്ചപ്പോൾ ആക്ഷേപവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും രംഗത്ത് എത്തിയിരുന്നു.
2012 കേരള വർമ്മ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി ചേർന്ന പ്രിയക്ക് എട്ടു വർഷത്തെ അധ്യാപന പരിചയം ഇല്ലെന്നായിരുന്നു ക്യാമ്പയിൻ കമ്മിറ്റിയുടെ ആരോപണം. അതേസമയം പ്രിയക്ക് ആവശ്യമായ യോഗ്യതകൾ ഉണ്ട് എന്നാണ് സർവകലാശാലയുടെ നിലപാട്.
ചൊവ്വാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രിയ വർഗീസിനു നിയമനം നൽകുവാനുള്ള സിൻഡിക്കേറ്റ് തീരുമാനം വി സി നിയമനത്തിനുള്ള പ്രത്യുപകരമാണെന്ന് സെനറ്റ് അംഗം ഡോ. ആർ. കെ. ബിജു ആരോപിച്ചിരുന്നു. “വി.സിയുടെ കാലാവധി തീരുന്നതിനുമുൻപ് തന്നെ ധൃതി പിടിച്ച് പ്രിയ വര്‍ഗ്ഗീസിന് നിയമനം നൽകുവാനുള്ള തീരുമാനമെടുത്തത് വീണ്ടും താൽസ്ഥാനത്ത് തുടരുന്നതിന് വേണ്ടിയായിരുന്നു. പക്ഷെ യുജിസി നിഷ്കർഷിക്കുന്ന പ്രവർത്തന പരിചയം ഇല്ലെന്നു മനസിലാക്കിയതിനാൽ പുറകോട്ട് പോകുകയും വിവാദങ്ങൾ കെട്ടടങ്ങിയതിനു ശേഷം നിയമനം നൽകുവാൻ തീരുമാനിക്കുകയും ആയിരുന്നു. ” ഡോ ബിജു ആരോപിക്കുന്നു.
എന്തായാലും ഇപ്പോള്‍ പ്രിയ വര്‍ഗ്ഗീസിന് അനുകൂലമായ ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് യുജിസി സുപ്രീം കോടതിയെ സമീപിക്കുന്നത്. ഈ വിഷയത്തിൽ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിനിടെ, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഡോ. ജോസഫ് സ്‌കറിയ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കുമെന്നിരിക്കെയാണ് തടസ്സവാദവുമായി പ്രിയ വര്‍ഗ്ഗീസ് സുപീംകോടതിയെ സമീപിച്ചിട്ടുമുണ്ട്.
നിയമനത്തിനായുള്ള റിസര്‍ച് സ്‌കോര്‍ പ്രിയ വര്‍ഗീസിന്‍റേത് 156 പോയിന്‍റും, രണ്ടാം സ്ഥാനത്തുള്ള ജോസഫ് സ്‌കറിയയ്‌ക്ക് 651 പോയിന്‍റുമായിരുന്നു. തുടര്‍ന്ന് അഭിമുഖത്തിന് ശേഷം പ്രിയ ഒന്നാമതായി എത്തിയെന്നതാണ് വിവാദമായത്. അഭിമുഖത്തില്‍ ലഭിച്ച മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കിയതും വിവാദമായി.ഇതെല്ലാം വിവാരാവകാശ രേഖകള്‍ വഴി പുറത്തുവന്നു. അതിനു പിന്നാലെ പ്രിയയുടെ നിയമന ഉത്തരവ് സംസ്ഥാന ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: