പത്തനംതിട്ട: പത്തനംതിട്ട പെരുനാട് ബഥനിമലയില്‍ വീണ്ടും കടുവയിറങ്ങി. പെരുനാട് സ്വദേശി രാജന്റെ രണ്ട് ആടുകളെ കൊന്നു. രാജന്റെ രണ്ടു പശുക്കളെ നേരത്തെ കടുവ പിടികൂടിയിരുന്നു. ഒരു മാസത്തിനുശേഷം മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
നേരത്തെ ഈ മേഖലയില്‍ കടുവയിറങ്ങിയതോടെ ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുയരുകയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വനം വകുപ്പ് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല. ഇപ്പോള്‍ വീണ്ടും കടുവയിറങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ജനങ്ങള്‍.
രാജന്റെ വീട്ടുമുറ്റത്തുനിന്നാണ് ആടുകളെ കടുവ പിടികൂടിയത്. രാജന്‍ വനം വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. സ്‌ട്രൈക്കിംഗ് ഫോഴ്‌സ് അടക്കമുള്ള സേനയെ അവിടെ വിന്യസിച്ച് കടുവയെ തെരയാമെന്നും കൂട് സ്ഥാപിക്കാമെന്നുമാണ് റാന്നി ഡിഎഫ്ഒ അറിയിച്ചിരിക്കുന്നത്.
കോന്നി സീതത്തോട് മേഖലയില്‍ കണ്ടത് പുലിക്കുട്ടിയെ
പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കലില്‍നിന്നു പുലിക്കുട്ടിയെ കണ്ടെത്തി. ആറു മാസം പ്രായം വരുന്ന പുലിക്കുട്ടി ഇപ്പോള്‍ വനംവകുപ്പിന്റെ സംരക്ഷണത്തിലാണ്. വെള്ളിയാഴ്ച രാവിലെ 8.45-ഓടെയാണ് നാട്ടുകാര്‍ പുലിക്കുട്ടിയെ കണ്ടത്.
വനാതിര്‍ത്തി പങ്കിടുന്ന ഗ്രാമപ്രദേശമാണ് കൊച്ചുകോയിക്കല്‍. ഇവിടെനിന്ന് റോഡ് മുറിച്ചു കിടക്കുന്നതിനിടെയാണ് പ്രദേശവാസികള്‍ പുലിക്കുട്ടിയെ കണ്ടത്. തുടര്‍ന്ന് റോഡ് മുറിച്ച് കടന്നതിന് ശേഷം പുലിക്കുട്ടി ഒരു അരുവിയില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.പ്രദേശവാസികള്‍ സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാരെ അക്രമിക്കാനോ അവിടെ നിന്ന് രക്ഷപ്പെടാനോ ഉള്ള ശ്രമങ്ങള്‍ ഉണ്ടായില്ല.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുമുള്ള ഉദ്യോ?ഗസ്ഥരാണ് പുലിക്കുട്ടിയെ പിടികൂടുന്നത്. വല ഉപയോഗിച്ചുള്ള കൂട്ടിലാണ് പുലിക്കുഞ്ഞിനെ അകപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: