കോഴിക്കോട് : പരാതികളൊന്നുമില്ലാതെ കരിങ്കല്‍ ക്വാറിയുടെ നടത്തിക്കണമെങ്കില്‍ 2 കോടി നല്‍കണമെന്ന സിപിഎം നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം. രാജീവന്റെ പേരിലുള്ള ഫോണ്‍ സംഭാഷണങ്ങളാണ് പുറത്തായത്. തന്റേയും മറ്റൊരാളുടെയും വീടുകള്‍ കൈമാറുന്നതിനും ക്വാറിക്കെതിരെ നിലവിലുള്ള പരാതികള്‍ പിന്‍വലിക്കുന്നതിനും രണ്ട് കോടി രൂപ നല്‍കണമെന്നാണ് സിപിഎം നേതാവ് ആവശ്യപ്പെടുന്നത്.
13 അംഗങ്ങളുള്ള ബ്രാഞ്ച് കമ്മിറ്റിയാണ് ക്വാറിക്കെതിരെയുള്ള നടപടികള്‍ക്കായി തീരുമാനങ്ങള്‍ എടുക്കുന്നത്. അതില്‍ നിന്നും തനിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും ചര്‍ച്ചകള്‍ ഉയരുന്ന ഘട്ടത്തിലെല്ലാം വിവരങ്ങള്‍ ക്വാറി ഉടമയെ അറിയിച്ചിരുന്നതായും സംഭാഷണത്തില്‍ പറയുന്നു. അന്ന് ക്വാറി കമ്പനി ഇടപെടാതിരുന്നതിനാലാണ് പാര്‍ട്ടി വിജിലന്‍സിനു പരാതി നല്‍കിയതെന്നും വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ക്വാറി നടത്തിപ്പിന് തുടര്‍ന്നും ഒരു പ്രയാസവും ഉണ്ടാകില്ലെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ വീടുകള്‍ക്ക് ഒരു കോടി വില വരില്ലെന്ന് ക്വാറി കമ്പനിയുടെ പ്രതിനിധി പറയുമ്പോള്‍ അത് ശരിയാണെന്ന് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. തുകയുടെ കാര്യത്തില്‍ തീരുമാനമായാല്‍ ക്വാറിക്കെതിരെ സംഘടിപ്പിച്ച എല്ലാ തെളിവുകളും കൈമാറുമെന്ന് സിപിഎം നേതാവ് ഫോണിലൂടെ ഉറപ്പും നല്‍കുന്നുണ്ട്. അടുത്തിടെ ക്വാറിയില്‍ വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നേതാവ് ഉടമകളുമായി സംസാരിച്ചത്.
അതേസമയം പാര്‍ട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് വിളിച്ചപ്പോള്‍ ക്വാറിക്ക് ബുദ്ധിമുട്ടുണ്ടാകാതെ സിപിഎം നേതാവ് അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. ഇത് ഉദ്യോഗസ്ഥരില്‍ സംശയം ഉണ്ടാക്കുകയും ചെയ്തിരുന്നു. പുറത്തായ ശബ്ദസന്ദേശത്തെ കുറിച്ച് പാര്‍ട്ടി പിന്നീട് പരിശോധിക്കും. കമ്യൂണിസ്റ്റ് അംഗത്തിനു യോജിക്കാത്ത ഇടപെടലുകള്‍ ഉണ്ടായെങ്കില്‍ ബന്ധപ്പെട്ട കമ്മിറ്റി നടപടി സ്വീകരിക്കും. ആരുടെയെങ്കിലും ഭാഗത്ത് തെറ്റുണ്ടായെങ്കില്‍ ഇതുസംബന്ധിച്ച് പരിശോധിച്ചു വരുന്നതേയുള്ളൂവെന്നും സിപിഎം ഏരിയ സെക്രട്ടറി ഇസ്മായില്‍ കുറുമ്പൊയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: