തൊടുപുഴ: കാലവര്‍ഷം ആദ്യമാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 60 ശതമാനം മഴ കുറഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ രാവിലെ വരെ 64.83 സെ.മീ. മഴ ശരാശരി ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 26.03 സെ.മീറ്ററാണ്. ജൂണില്‍ ശരാശരി മഴ കിട്ടിയത് രണ്ട് ദിവസം മാത്രം. ജൂണ്‍ 7, 27 തിയതികളില്‍. ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞത് വയനാടാണ് 78 ശതമാനം.
കഴിഞ്ഞ വര്‍ഷം ജൂണില്‍ 48 ശതമാനം മഴക്കുറവുണ്ടായിരുന്നു. കാലവര്‍ഷത്തില്‍ ആകെ പെയ്യുന്ന മഴയുടെ 63% മഴയും ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ലഭിക്കേണ്ടത്. ജൂണ്‍ ആദ്യവാരം അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതും പിന്നാലെ ഇത് ബിപോര്‍ജോയി ചുഴലിക്കാറ്റായി മാറിയതുമാണ് മഴക്കുറവിന് കാരണമായതെന്ന് കൊച്ചി കുസാറ്റിലെ കാലാവസ്ഥ ശാസ്ത്രജ്ഞനായ ഡോ. എസ്. അഭിലാഷ് ജന്മഭൂമിയോട് പറഞ്ഞു.
10 ദിവസത്തോളം കടലില്‍ തുടര്‍ന്ന ശേഷമാണ് ഗുജറാത്തില്‍ ചുഴലിക്കാറ്റ് കരകയറിയത്. ജൂണ്‍ 6ന് ചുഴലിക്കാറ്റ് രൂപമെടുക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസം കേരളത്തില്‍ മഴ ലഭിച്ചിരുന്നു. പിന്നീട് കാറ്റ് വടക്കോട്ട് നീങ്ങിയതോടെ മഴ അകന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയില്‍ ശരാശരിയോ അതില്‍ കൂടുതലോ മഴ; മൂന്നിനും നാലിനും ശക്തമാകും
തൊടുപുഴ: ജൂലൈ മാസത്തില്‍ ശരാശരിയോ അതില്‍ കൂടുതലോ മഴ ലഭിക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം. അതേ സമയം ജൂണിലെ മഴക്കുറവ് പരിഹരിക്കാന്‍ സാധ്യതയില്ല. വടക്കന്‍ ജില്ലകളിലും ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിലും ശരാശരി മഴയാണ് ഈ മാസം പ്രവചിക്കുന്നത്. ജൂലൈ 3, 4 തിയതികളില്‍ ശക്തമായ മഴയാണ് ഐഎംഡി പ്രവചിക്കുന്നത്. നിലവില്‍ ഓറഞ്ച് അലര്‍ട്ട് അടക്കം ഈ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നിന് രണ്ടിടത്തും നാലിന് ആറിടത്തും ഓറഞ്ച് അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ചുരുങ്ങിയ സമയംകൊണ്ട് കനത്തമഴ എത്തുന്നത് പ്രാദേശിക പ്രളയത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: