ഡോ. ശ്രീകുമാര്‍. ജെ
ഡോക്ടര്‍മാരുടെ പ്രതിബദ്ധതയും പ്രതിരോധശേഷിയും ആഘോഷിക്കൂ എന്നതാണ് ഈ വര്‍ഷത്തെ ദേശീയ ഡോക്ടേഴ്സ് ദിന സന്ദേശം. 1991 മുതല്‍ ഭാരതത്തില്‍ ദേശീയ ഡോക്ടേഴ്സ് ദിനം ജൂലൈ 1ന് ആചരിക്കുന്നു. പ്രഗത്ഭനായ ഭിഷഗ്വരനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ഭാരതരത്ന ഡോക്ടര്‍ ബിദാന്‍ചന്ദ്ര റോയിയുടെ ജന്മവാര്ഷികവും ചരമ വാര്‍ഷികവുമാണ് ഈ ദിനം.
നൂറ്റാണ്ടുകളായി ചികിത്സാരംഗത്തു ഭാരതത്തിന്റെ സംഭാവന ചെറുതല്ല. ചരകസംഹിത, ശുശ്രുത സംഹിത മുതല്‍ നിരവധി പ്രാചീന ഗ്രന്ഥങ്ങള്‍ ഒരുകാലത്തു ലോകത്തിനു മുന്നില്‍ ഭാരതത്തിനു ആരോഗ്യരംഗത്തു പ്രത്യേക സ്ഥാനം തന്നെ നേടി തന്നിരുന്നു. കൊവിഡ് മഹാമാരികാലത്തു ഡോക്ടര്‍മാര്‍ സമൂഹത്തിനു നല്കിയ സംഭാവന മാനിച്ചു കൊണ്ടാണ് ഇത്തവണ ഭാരതം ഈ ദിനത്തിന് ഡോക്ടേഴ്സിന്റെ സാമൂഹിക പ്രതിബദ്ധതയും പ്രതിരോധശേഷിയും ശീര്‍ഷകമായി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന വസ്തുത അഭിമാനാര്‍ഹമാണ്. എന്നിരിക്കിലും കേരളത്തില്‍ അടുത്തിടെ നടന്ന രണ്ടു സംഭവങ്ങള്‍ മനസ്സാക്ഷിയെ വല്ലാതെ ഞെട്ടിച്ചു എന്ന് പറയാതെ വയ്യ.
പ്രിയ സഹോദരി ഡോക്ടര്‍ വന്ദനയെ നിയമപാലകരുടെ സാന്നിധ്യത്തില്‍ കത്രികയാല്‍ ഒരു സാമൂഹ്യദ്രോഹി കുത്തിക്കൊലപ്പെടുത്തിയ സംഭവവും, അവയവ മാഫിയകളെ സംബന്ധിച്ച് ഉണ്ടായ ആരോപണങ്ങളില്‍ മുഴുവന്‍ ഡോക്ടര്‍മാരെയും പ്രതിക്കൂട്ടിലാക്കാന്‍ നടത്തുന്ന ശ്രമവുമാണ് അവ. ഈ രണ്ടു വിഷയങ്ങളും ഒരേ തരത്തില്‍ പവിത്രമായ ഈ തൊഴിലിനു മുകളില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു എന്ന വസ്തുത മറക്കാനോ പൊറുക്കാനോ കഴിയുന്ന ഒന്നല്ല.
ഏതൊരു തൊഴിലിനേയും പോലെയല്ല ഡോക്ടര്‍മാരുടെ തൊഴില്‍ എന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിലൊരു ചെറിയ ഉദാഹരണമാണ് കൊവിഡ് എന്ന മഹാമാരി കാണിച്ചു തന്നത്. ഇതിനു സമാനമായ അവസ്ഥയിലൂടെയാണ് ജീവിതകാലം മുഴുവന്‍ ഒരു ഡോക്ടര്‍ കടന്നു പോകുന്നത് എന്ന് സമൂഹം തിരിച്ചറിയണം. പരസ്പര വിശ്വാസത്തിലും ആത്മാര്‍ത്ഥതയിലും അടിയുറച്ചു വിജയിക്കുന്ന ഒരു ശാസ്ത്രമേഖലയാണ് ആധുനികവൈദ്യശാസ്ത്രം എന്നിരിക്കെ ഉപഭോഗ സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്കു ഈ ശാസ്ത്ര ശാഖയെ ഉള്‍പ്പെടുത്തിയത് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിച്ചു എന്നു വേണം കരുതാന്‍.
തൊഴില്‍ സ്ഥലത്തു ആവശ്യമായ അടിസ്ഥാനഘടകങ്ങളില്‍ ഒന്ന് ആത്മവിശ്വാസത്തോടെയും സുരക്ഷിത ബോധത്തോടെയുമുള്ള ഒരു തൊഴിലിടം ഉണ്ടാവുക എന്നതാണ്. ഇത് പാലിക്കാന്‍ ബാധ്യസ്ഥരായവര്‍, നിയമങ്ങള്‍ ഉത്തരവില്‍ എഴുതിവയ്ക്കാന്‍ മാത്രമുള്ളതാണ് എന്ന നയം സ്വീകരിക്കുമ്പോള്‍ അത് ഡോക്ടര്‍ -രോഗി ബന്ധത്തില്‍ വന്‍ വിടവ് സൃഷ്ടിക്കുകയും, ഡോക്ടര്‍മാരെ പ്രതിരോധത്തിലാക്കികൊണ്ടു ഡിഫെന്‍സിവ് മെഡിസിന് പ്രാക്ടീസ് ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും. ഇത് ആരോഗ്യരംഗത്തു ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ട്ടിക്കാന്‍ മാത്രമേ ഉതകൂ.
കാലത്തിന്റെ കുത്തൊഴുക്കില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ‘കുടുംബ ഡോക്ടര്‍’ എന്ന സങ്കല്പം, നികത്താനാവാത്ത നഷ്ടമാണ് രോഗികള്ക്കുണ്ടാക്കുക എന്ന് അവര്‍ തിരിച്ചറിയണം. എങ്കില്‍ മാത്രമേ ആരോഗ്യരംഗത്തിന്റെ നഷ്ടപ്പെട്ടുപോയ ഇന്നലെകളുടെ മാഹാത്മ്യം തിരിച്ചുകൊണ്ടുവരാനും, തദ്വാരാ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ദുഷിച്ച പ്രവണതകളില്‍ നിന്ന് സമൂഹത്തിനു മാറി ചിന്തിക്കാനും കഴിയു. വോള്‍ട്ടയര്‍ ഒരിക്കല്‍ പറഞ്ഞപോലെ ഡോക്ടര്‍ നല്ല ഭാഷിതം കൊണ്ട് സമാധാനം വിതക്കുമ്പോള്‍ പ്രകൃതി രോഗം സുഖപ്പെടുത്തും എന്ന മഹത്തരമായ യാഥാര്‍ഥ്യം സംഭവിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
ഇതിനു അത്യവശ്യം വേണ്ടത് ഡോക്ടര്‍ സമൂഹത്തോടുള്ള ‘മരണത്തിന്റെ വ്യാപാരികള്‍ ‘എന്ന ബാലിശമായ കാഴ്ചപാട് മാറുക എന്നതാണ്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രമാണ് ആധുനികവൈദ്യം എന്ന സത്യം മനസ്സിലാക്കിയാല്‍ മാത്രമേ ഈ രംഗത്ത് വരാനിരിക്കുന്ന നിര്‍മിതബുദ്ധിയുടെ ഉപയോഗം ശരിയായ രീതിയില്‍ ലോകമെമ്പാടും എത്തുകയുള്ളൂ. ഇതില്‍ ആദ്യം വേണ്ടത് ആരോഗ്യരംഗത്തിനു വേണ്ടി ഓരോ സര്‍ക്കാരും മാറ്റിവെക്കുന്ന തുക ഇപ്പോഴുള്ള തുച്ഛമായ 1.5%ജിഡിപിയില്‍ നിന്നും 7% വരെയെങ്കിലും ഉയര്‍ത്തുക എന്നുള്ളതാണ്.
ആരോഗ്യമുള്ള ഒരു സമൂഹത്തിനു മാത്രമേ ഒരു രാജ്യത്തെ മുന്നോട്ടുനയിക്കാനാവു എന്നതിനാല്‍ ആരോഗ്യമാണ് സര്‍വ്വധനാല്‍ പ്രധാനം. ഇത് പകര്‍ന്നു നല്കാന് അശ്രാന്ത പരിശ്രമം നടത്തുന്ന ഡോക്ടര്സമൂഹത്തെ, അവരുടേതല്ലാത്ത തെറ്റുകള്‍ക്ക് വാക്കു കൊണ്ടും അക്രമത്തിലൂടെയും പരാജയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ ആധുനികവൈദ്യശാസ്ത്ര വിദ്യാഭ്യാസ രംഗത്തേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ വരെ അതില്‍ നിന്നു പിന്നാക്കം പോയേക്കാം. ഒരു ആധുനിക സമൂഹത്തിനു ഒട്ടും അഭികാമ്യമല്ല ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന അക്രമ പരമ്പരകള്‍. ജീവന്റെ കാവലാളുകളായും ദൈവതുല്യരായുമൊക്കെ വിശേഷിപ്പിച്ചിരുന്ന ഡോക്ടര്‍മാര്‍ക്കുനേരെ, ഒറ്റതിരിഞ്ഞും കൂട്ടായും ചില ഭാഗങ്ങളില്‍ നിന്നുണ്ടാവുന്ന അക്രമങ്ങള്‍ തെറ്റു തന്നെയെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു പ്രതിരോധം തീര്‍ക്കാന്‍ ഈ കൊവിഡാനന്തരകാലത്തെങ്കിലും ജനങ്ങള്‍ ഒരുമിക്കും എന്ന് പ്രതീക്ഷിക്കാം.
(കൊല്ലം വിവി ന്യൂറോസെന്ററര് ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: