ഉപശമപ്രകരണം
രാമഭദ്ര! രാജസതാമസന്മാരായ മനുഷ്യര്‍, മണ്ഡപത്തെ സ്തംഭങ്ങളെന്നപോലെ, ദീര്ഘസംസാരമായ മായയെ ഭരിക്കുന്നു. സാത്വികന്മാരായി നല്ല മൈത്ര്യാദിഗുണങ്ങളാല് വര്ദ്ധിതധീരന്മാരാകുന്ന അതേപോലുള്ളവര് പക്വമായിരിക്കുന്ന മായയെ, സ്വന്തം ത്വക്കിനെ സര്‍പ്പങ്ങള്‍ വിനോദരീതിയില്‍ എന്നപോലെ, ത്യജിക്കുന്നു. ഇക്കണ്ടീടുന്നതൊക്കെ ബ്രഹ്മമാണ്. എല്ലായിടവും പരന്നു വ്യാപി
ച്ചു വിളങ്ങീടുന്നത് ആത്മാവാണ്. അന്യനായുള്ളവന്‍, ഞാന്‍, ഇക്കാണുന്നതു വേറെ, എന്നേവം ഭ്രാന്തിയുള്ളത് നീ അകലെക്കളയുക. സത്യമായി, ഘനീഭൂതമായ ഇടം ബ്രഹ്മത്തിങ്കല്‍ കല്പനയെന്നതോര്ത്താല് സമുദ്രത്തില്‍ തിരയെന്നതുപോലെയാണെന്ന് നീ ധരിക്കുക. ശോകമെന്നുള്ളതില്ല, മോഹമെന്നുള്ളതില്ല, രാഘവ! ജന്മമില്ല, ജന്മവാനില്ല. യാതൊന്നാണുള്ളത് എന്നും ആയതേയുള്ളു. നീ താപത്രയഹീനനായി ഭവിക്കുക രാമ! നിത്യവും സത്വഗുണനിഷ്ഠനായി, ആത്മാവാനായി, നിര്‍ദ്വന്ദനായി, നിര്യോഗക്ഷേമവാനായി, അദ്വിതീയനായി, വിശോകാത്മാവായി, വിജ്വരനായി പൃത്ഥ്വിയില് ശ്രീരാഘവ! വര്‍ത്തിച്ചുകൊണ്ടാലും. ശാന്തമാനസനായി, സമനായി, സ്വസ്ഥനായി, ശാന്തനായി, സ്ഥിരമതിയായി, സദാ മുനിയായി, മൗനിയായി, വരമണിസ്വച്ഛനായി, വിജ്വരനായി, മാനവേശ്വരസൂനോ! നീ വര്‍ത്തിച്ചുകൊണ്ടാലും. കിട്ടുന്നതനുഭവിച്ചീടുക, യാതൊന്നിലും ഒട്ടും ആഗ്രഹംവെക്കാതിരിക്കുക, ത്യാഗവും സ്വീകാരവും കൂടാതെകണ്ട് ഈ ലോകത്തില്‍ വിജ്വരനായി നീ വര്‍ത്തിച്ചുകൊണ്ടാലും. ഓര്‍ത്താലും, ഒടുക്കത്തെ ജന്മമായീടുന്ന മനുഷ്യന് ഈ ആത്മജ്ഞാനം നന്നായി ഉദിച്ചീടും; ഉത്തമമായീടുന്ന മുളയില്‍ നല്ല മുത്തുണ്ടായിവന്നീടുന്നപോലെ എന്നറിഞ്ഞാലും.
ഹൃദ്യത, സൗമ്യത, നല്ലാര്യത, നല്ലമൈത്രി, മുക്തത, ജ്ഞാനനിഷ്ഠത ഇവയെല്ലാം ആ മഹാത്മാവുതന്നെ, അംബുജാക്ഷികള് അന്തഃപുരത്തെ എന്നതുപോലെ, നന്നായി ആശ്രയിക്കുന്നു. കാട്ടിലുള്ള മൃഗക്കൂട്ടം മഞ്ജുസ്വരമാര്ന്നുള്ളതായ മുളയെയെന്നതുപോലെ, നല്ലോരാചാരമധുരനായ അവന്‍തന്നെ പാരിലെല്ലാവരും വാഞ്ഛിക്കുന്നുവെന്ന് നീ ഓര്‍ത്തുകൊള്ളുക. ഈ ക്രമം സര്വസാധാരണമായുള്ളതാണെന്നോര്ക്കുക, വിശേഷമായുള്ളത് ഇനിപ്പറയാം. മുക്തിയെ പ്രാപിക്കാനായി സംസാരികള്ക്കുത്തമമായ മാര്‍ഗം രണ്ടത്രെ രാജീവാക്ഷ! സാദരം ഗുരുവരനരുളിച്ചെയ്തതുപോലെ ചെയ്തീടുന്ന അനുഷ്ഠാനം ഹേതുവായി മെല്ലെ മെല്ലെ, ജന്മംകൊണ്ടോ ജന്മങ്ങള്‍കൊണ്ടോ സിദ്ധിയാല്‍ ലഭിച്ചതാണെന്നറിക നീ. അല്പം ഉല്പ്പന്നചേതസ്സിനു നന്നായി ചെയ്തുകൊണ്ടീടുന്ന മനനത്താല്‍ ആകാശഫലം താഴെപ്പതിക്കുന്നതിനു തുല്യമായി ബോധം ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിവാനായി പുരാതനമായ ഒരു വൃത്താന്തം ഞാന്‍ നിന്നോടു പറയാം, കേട്ടുകൊണ്ടാലും.
ശ്രീമാന്‍, വീര്യവാന്‍, ആപത്തൊക്കെയും അകന്നവന്‍, ധീമാന്‍, സല്‍ക്കീര്‍ത്തിമാന്‍, അര്‍ത്ഥികള്‍ക്ക് ഒരു കല്പവൃക്ഷമായീടുന്നവനായ വിദേഹരാജാവ് ജനകന് വിളങ്ങുന്നു. മത്തകോകിലോല്ലാസശാലിയാകുന്ന ആ രാജാവ് വസന്തകാലത്ത് സകൗതുകം സുന്ദരമായ, നന്ദനോദ്യാനത്തില്‍ ദേവേന്ദ്രനെന്നപോലെ, പൂന്തോട്ടത്തിലെത്തി രാജാവ് ജനകന് അനുചരന്മാരെക്കൂടാതെ കേസരങ്ങളെ ഉണര്‍ത്തുന്ന ചെറുകാറ്റുചേര്ന്ന ആ പൂന്തോട്ടത്തില്‍ ചാരുത്വം പാരമാര്ന്നുള്ള ഓരോരോ പക്ഷിക്കൂടുകളെ നോക്കി നോക്കി സൈ്വരം സഞ്ചരിച്ചു. ഒളിവില്‍ സഞ്ചരിക്കുന്നവരും നോക്കിയാല്‍ കാണപ്പെടാത്തവരുമായ പര്‍വതങ്ങളിലും ഗുഹകളിലും സഞ്ചാരികളായുമുള്ള സിദ്ധന്മാര് സ്വന്തം അനുസന്ധാനപ്രകാരങ്ങള് ഏറെ കീര്‍ത്തിച്ചു പാടുന്നത് രാജാവ് അന്നേരം കേട്ടു.
സിദ്ധന്മാര് അവിടെവെച്ചു പാടിയ ഗാനം നീ കേട്ടാലും. ദ്രഷ്ടാവും ദൃശ്യവു(കാണുന്നവനും കാണപ്പെടുന്നതും)മായി ചേര്‍ന്നീടുന്ന നേരത്ത് ദ്രഷ്ടാവിനുണ്ടാകുന്ന പ്രത്യയാനന്ദനിശ്ചയം ആത്മതത്ത്വത്തില്‍ നിന്നു ഭവിച്ചതാകുന്നു, നാമായി ആത്മാവിനെ നിശ്ചഞ്ചലം ഉപാസിച്ചുകൊള്ളുന്നു. വാസനയോടുകൂടി ദൃഷ്ടാവിനെയും ദൃശ്യത്തിനെയും ദര്‍ശന(ദൃശ്യത്തെ കണ്ടപ്പോളുണ്ടായ ജ്ഞാനം)ത്തെയും ദൂരെനീക്കി നല്ലവണ്ണം ദര്‍ശനത്തിന് ആദ്യമായി പ്രകാശിച്ചിടുന്ന ഒരു ആത്മാനം പരം നാമുപാസിച്ചിടുന്നു. ഉണ്ടെന്നുള്ളതും ഇല്ലെന്നുള്ളതുമായീടുന്ന രണ്ടു പക്ഷങ്ങളുടെ മദ്ധ്യത്തില്‍ ചേര്‍ന്നതായി നിത്യമായി പ്രകാശങ്ങള്ക്കൊക്കെ പ്രകാശമായി വര്‍ത്തിക്കുന്ന ആത്മാവിനെ നാമുപാസിച്ചിടുന്നു. സര്‍വശരീരത്തിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആ ഹംസമന്ത്രത്തെ സര്‍വദാ സ്വാത്മാനം നാമുപാസിച്ചിടുന്നു. ഹൃദയമാകുന്ന വീട്ടിലിരിക്കുന്ന ദേവനെ വിട്ടു ഈ ലോകത്തില്‍ വേറെ ദേവനെത്തേടുന്നതാരാണ്? കൈയിലിരിക്കുന്ന കൗസ്തുഭത്തെക്കൈവിട്ട് രത്നത്തെ ചിത്തത്തില്‍ കൊതിക്കുന്നതിനു തുല്യമാണത്. എല്ലാ വാഞ്ഛകളെയും ദൂരെക്കളഞ്ഞിട്ട് ഈ ആത്മോപാസനാരൂപമാകുന്ന ഫലം പ്രാപിക്കുന്നു. ആത്മോപാ
സകനാകുന്നവന് ആശയാകുന്ന വിഷവല്ലിയുടെ മൂലമാലകളെ ഛേദിക്കുന്നു. ഇപ്പദാര്ത്ഥങ്ങളൊന്നും സാരമില്ലെന്നീവണ്ണം ഉള്പ്പൂവിലറിഞ്ഞിട്ട് പിന്നെയും ഇവകളില്‍ ദുര്മ്മതിയായുള്ളവന് വാസനവെച്ചിടുന്നു. അവന് നിശ്ചയമായും മനുഷ്യനല്ല, കഴുതതന്നെ. ആടോപത്തോടുകൂടി പൊങ്ങിപ്പൊങ്ങിവന്നീടുന്ന നല്ല ഈടാര്ന്നുള്ള ഇന്ദ്രിയങ്ങളായ ശത്രുക്കളെ ആവോളം വിവേകമാകുന്ന തടികൊണ്ട്, ദേവേന്ദ്രന് ഗിരികളെ വജ്രംകൊണ്ടെന്നപോലെ അടിക്കണം. കൈകളെ കൈകള്‍കൊണ്ടു നല്ലവണ്ണം പീഡിപ്പിച്ചും പല്ലുകളെ പല്ലുകള്‍കൊണ്ടു ഉടച്ചും അംഗങ്ങളെ അംഗങ്ങള്കൊണ്ടുതന്നെ ആക്രമിച്ചും ആദ്യമായി തന്റെ മനസ്സിനെ ജയിക്കണം. ആദ്യമായി ഉപശമത്തില്ക്കൂടിയുള്ള സുഖത്തെ നേടണം, എന്നാല്‍ ചേതസ്സേറ്റം ശമം പ്രാപിക്കും. മാനസമടങ്ങിയാല് തന്റെ സ്വരൂപമാകുന്ന ആനന്ദം തന്നില്‍ വളരെക്കാലത്തെ സ്ഥിതി ഭവിച്ചീടുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: