മാന്നാര്‍: സ്കൂളുകളിലെ താല്‍ക്കാലിക അദ്ധ്യാപക നിയമനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. സംസ്ഥാന സര്‍ക്കാര്‍ താത്കാലിക നിയമനങ്ങള്‍ക്ക് വേണ്ടിയിറക്കിയ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ ഒന്നും പാലിക്കാതെയാണ് ഇത്തരം നിയമനങ്ങള്‍ നടക്കുന്നതെന്ന ആരോപണമാണ് ശക്തമാകുന്നത്.
പഞ്ചായത്തുകള്‍ ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെയും ഇടത് അധ്യാപക സംഘടനകളുടെയും സ്വാധീനത്താല്‍ ഈ ക്രമക്കേട് നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ യോഗ്യത ഇല്ലാത്ത നിരവധി പേര് ബന്ധപ്പെട്ട അധികാരികളുടെ പിന്‍വാതില്‍ നിയമനങ്ങളിലൂടെ സ്കൂളുകളില്‍ ജോലി ചെയ്ത് വരികയാണ്. പിഎസ്സി ലിസ്റ്റിലുള്ളവര്‍ പോലും അഭിമുഖത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഇവരെയെല്ലാം മറികടന്നാണ് പലപ്പോഴും അദ്ധ്യാപകരെ നിയമിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. പല സ്കൂളുകളിലും വര്‍ഷങ്ങളായി സ്ഥിര നിയമനത്തിന് സമാനമായി അദ്ധ്യാപകര്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ വര്‍ഷം ജില്ലയിലെ ഒരു സ്കൂളില്‍ അദ്ധ്യാപക നിയമനത്തിനായി പങ്കെടുത്തത് 15ല്‍ അധികം ഉദ്യോഗാര്‍ഥികളാണ്. എന്നിട്ടും നിയമനം അട്ടിമറിച്ചുകൊണ്ട് സ്ഥിരമായി ജോലി ചെയ്യുന്ന ആള്‍ക്ക് തന്നെ ജോലി കൊടുക്കുകയായിരുന്നു. നിയമിച്ച ആളിനെക്കാളും യോഗ്യതയുള്ളവര്‍ ഇതിനെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. സാധാരണക്കാര്‍ക്കും ശുപാര്‍ശ ചെയ്യാന്‍ നേതാക്കളുടെ പിന്ബലമില്ലാത്തവര്ക്കും അവകാശപ്പെട്ട ഈ നിയമനങ്ങള്‍ പലപ്പോഴും അട്ടിമറിക്കപ്പെടുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
സ്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ ലോക്കല്‍ നേതാക്കളുടെ താല്‍പ്പര്യാര്‍ഥം അദ്ധ്യാപക നിയമനങ്ങള്‍ അട്ടിമറിച്ച് അവര്‍ക്ക് ഇഷ്ടപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന സാഹചര്യമാണുള്ളതെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. പൊതു സ്കൂളുകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുമ്പോള്‍ സ്ഥിരമായി അതും 5 വര്‍ഷം കൊണ്ട് ഒരാള്‍ തന്നെ വന്നാല്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ എക്സ്പീരിയന്‍സ് ഉണ്ടാകുമെന്നും അവര്‍ ചോദിക്കുന്നു. ഇത്തരത്തില്‍ ബന്ധുക്കളെയും ഇഷ്ടക്കാരെയും തിരുകി കയറ്റാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായെന്ന് വിവരാകാശ രേഖകളും വ്യക്തമാക്കുന്നു. സുതാര്യമായതും കൃത്യവുമായ അധ്യാപന നിയമനങ്ങള്‍ നടത്തണമെന്ന ആവശ്യമാണ് ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: