പാലക്കാട്: ഇതിഹാസ കഥാകാരന് ഒ.വി. വിജയന്റെ ജന്മദിനം ജൂലൈ രണ്ടിന് രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ തസ്രാക്കിലെ ഒ.വി. വിജയന് സ്മാരകത്തില്‍ ആഘോഷിക്കും. ചില്ലുജാലകങ്ങള്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള പൂര്‍ണദിന പരിപാടി കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദന് ഉദ്ഘാടനം ചെയ്യും. സ്മാരക സമിതി ചെയര്മാന് ടി.കെ. നാരായണദാസ് അധ്യക്ഷത വഹിക്കും.
പുഷ്പാര്‍ച്ചന, ഉദ്ഘാടന സമ്മേളനം, സ്മൃതി പ്രഭാഷണം, വിജയന് കഥകളെ കുറിച്ചുള്ള സെമിനാര്‍, അനുസ്മരണ പ്രഭാഷണം, സമാപന സമ്മേളനം, കവിതാലാപനം, കഥകളുടെ ചൊല്‍ക്കാഴ്ച എന്നിവയാണ് ജന്മ ദിനാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.
വി.കെ. ശ്രീകണ്ഠന് എംപി, എ. പ്രഭാകരന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പഞ്ചായത്ത് അംഗം എം. പദ്മിനി, കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആര്. ധനരാജ്, കൊടുമ്പ് പഞ്ചായത്ത് അംഗം അനിത, രഘുനാഥന് പറളി, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ. സി. ഗണേഷ്, സി.പി. പ്രമോദ് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും. പ്രഭാഷകന്‍ പി.കെ. അനില്‍ കുമാര്‍ ‘ഒ.വി. വിജയന് – പ്രവചനത്തിന്റെ വഴികള്‍’ എന്ന വിഷയത്തില്‍ സംസാരിക്കും. ഡോ. സി.പി. ചിത്രഭാനു അധ്യക്ഷത വഹിക്കും.
വിജയന്റെ കഥകളെ ആധാരമാക്കിയുള്ള സെമിനാറില്‍ ആഷാ മേനോന്, ഇ.പി. രാജഗോപാലന്‍, ഡോ. എസ്. ശാരദക്കുട്ടി, ഇ. സന്തോഷ്കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമാപന സമ്മേളനം കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. കെ.പി. മോഹനന് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും തിരക്കഥാകൃത്തുമായ കെ. ഹരികൃഷ്ണന് സമാപന പ്രസംഗം നടത്തും. ടി.കെ. ശങ്കരനാരായണന്, കെ.പി. രമേഷ്, ഡോ. സുനിതാ ഗണേഷ്, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം എന്നിവര്‍ പങ്കെടുക്കും.
ജ്യോതിബായ് പരിയാടത്ത് കവിതയും എം. ശിവകുമാറും മുരളി എസ്. കുമാറും വിജയന് കഥകളുടെ ചൊല്‍ക്കാഴ്ച അവതരിപ്പിക്കും. ഡോ. പി.ആര്. ജയശീലന്‍, രാജേഷ് മേനോന്, എ.കെ. ചന്ദ്രന്‍കുട്ടി, ആര്. ശാന്തകുമാരന്‍, സെയ്ദ് മുസ്തഫ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.
ഒ.വി. വിജയന്റെ ജന്മഗ്രാമത്തില് സാഹിത്യകൂട്ടായ്മ നടക്കും
പാലക്കാട്: ഒ.വി. വിജയന്റെ ജന്മദിനമായ ജൂലൈ രണ്ടിന് അദ്ദേഹത്തിന്റെ ജന്മഗ്രാമമായ മങ്കരയില്‍ സാഹിത്യകൂട്ടായ്മ നടക്കും. ചരിത്രം, രാഷ്ട്രീയം, വംശീയത, മതം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒ.വി. വിജയന്റെ ചിന്തകള്‍ ചര്‍ച്ച ചെയ്യാനുള്ള വേദികൂടിയാവും കൂട്ടായ്മ. സദ്ഗുരു സ്വാമി പ്രഭാകരനാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന് പി. കണ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും.
ഒ.വി. വിജയന്റെ ആത്മീയ വഴിയമ്പലങ്ങള്‍ എന്ന വിഷയത്തില്‍ നടനും എഴുത്തുകാരനുമായ മദന്‍ബാബു, ഒ.വി. വിജയന്റെ ചെറുകഥകളിലൂടെ എന്ന വിഷയത്തില്‍ അധ്യാപികയും എഴുത്തുകാരിയുമായ മുത്തുമ്മ, ഒ.വി. വിജയന്റെ കാര്ട്ടൂണുകള് എന്നവിഷയത്തില്‍ എഴുത്തുകാരന് ദേവീപ്രസാദ് പീടിയേക്കല്‍ എന്നിവര്‍ വിഷയാവതരണം നടത്തും. മുരളി മങ്കര, ജെ. വാസവന്, ശാന്തി പാട്ടത്തില്‍, തുളസി കേരളശ്ശേരി, സതീഷ് കോയിലോത്, മുരളി ബമ്മണൂര്‍, സരസ്വതി പെരുങ്ങോട്ടുകുറിശ്ശി, രമേഷ് മങ്കര മച്ചിങ്ങല്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: