ബെംഗളൂരു : സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം സ്റ്റേ ചെയ്യാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വികരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുകയോ തുടര്‍ച്ചയായി നിയമലംഘനം നടത്തുകയോ ചെയ്യുന്ന അക്കൗണ്ടുകള്‍ ഉടന്‍ പൂട്ടാന്‍ ട്വിറ്റര്‍ തയ്യാറാണ്. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ പൂട്ടണമെങ്കില്‍ നടപടി ക്രമം പാലിക്കേണ്ടതായുണ്ട്. ഐടി ആക്ടിന്റെ 69 എ അതിന് കൃത്യം നടപടിക്രമം നിര്‍ദേശിക്കുന്നുണ്ട്. അത് പാലിച്ചില്ലെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകും.
ട്വിറ്ററിലെ അതേ ഉള്ളടക്കം മറ്റ് ടിവി ചാനലുകളിലോ പത്രങ്ങളിലോ വരാം. അപ്പോള്‍ ട്വിറ്ററിലെ അക്കൗണ്ടുകള്‍ മാത്രം പൂട്ടാന്‍ നിര്‍ദേശം നല്‍കുന്നത് വിവേചനപരമാണെന്നും അതിനാല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ട്വിറ്ററിന്റെ ആവശ്യം. എന്നാല്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
നടപടികള്‍ അകാരണമായി വൈകിച്ചതിന് ഹൈക്കോടതി ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയുമിട്ടു. കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും, അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനോ നടപടിയെടുക്കാനോ ഒരു വര്‍ഷം വരെ സമയമെടുത്തത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏജന്‍സികളുടെ ഉത്തരവുകള്‍ അനുസരിക്കാനും അവര്‍ ബാധ്യസ്ഥരാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: