കൊച്ചി : കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജിലെ യുയുസി ആള്‍മാറാട്ട കേസില്‍ എസ്എഫഐ നേതാവും പ്രിന്‍സിപ്പലും നല്കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്.
കോളജില്‍ നിന്ന് യൂണിവേഴ്സ്റ്റി യൂണിയന് കൗണ്‍സിലിലേക്ക് ജയിച്ച എസ്എഫ്ഐ പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനിയെ ഒഴിവാക്കി എസ്എഫ്ഐ നേതാവായ വിശാഖിനെ ഉള്‍പ്പെടുത്തിയെന്നാണ് കേസ്. ആള്‍മാറാട്ടത്തിന് സഹായിച്ചെന്നാണ് പ്രിന്‍സിപ്പലിനെതിരായ കുറ്റം. അതേസമയം ആള്‍മാറാട്ടത്തിനായി വ്യാജരേഖ ചമച്ചിട്ടില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ ഷൈജു കോടതിയില്‍ അറിയിച്ചത്.
യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അനഖ എന്ന വിദ്യാര്‍ത്ഥിനി രാജി വെച്ച കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രേഖകളുമുണ്ട്. കൂടാതെ ഒന്നാം പ്രതിയായ വിശാഖിനെ നീക്കണം എന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് കത്ത് നല്‍കിയിരുന്നെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
എന്നാല്‍ അനഖ രാജിവെച്ച ഒഴിവില്‍ പൊതുവായ ആവശ്യത്തെ തുടര്‍ന്ന് തന്നെ യുയുസിയാക്കിയതാണെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നുമാണ് വിശാഖ് കോടതിയില്‍ വാദിച്ചത്. തെരഞ്ഞെടുപ്പെട്ട ഒരാള്‍ രാജിവെച്ചാല്‍ പകരം ഒരാളെ നിയോഗിക്കാതെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. രണ്ട് പ്രതികളും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: