ഭാരതത്തിലെ വിദ്യാഭ്യാസരംഗം അടിമുടി മാറുകയാണ്. പല സര്‍വകലാശാലകളും ലോകോത്തര നിലവാരത്തിലേക്കുയരുന്നു. ഇവിടെ ക്യാമ്പസുകള്‍ ആരംഭിക്കുവാന്‍ വിദേശസര്‍വകലാശാലകള്‍ തയ്യാറെടുക്കുന്നു. ഇതേ സമയം തന്നെ കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥിസമൂഹം പലായനം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഒന്നാമത് എന്നവകാശപ്പെടുന്ന കേരളത്തില്‍നിന്നും മറ്റുസംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കുമാണ് കുടിയേറുന്നത്. നവീകരിക്കാത്ത വിദ്യാഭ്യാസ സമ്പ്രദായവും തൊഴിലില്ലായ്മയുമാണ് കേരളം വിടുന്നതിനുള്ള കാരണമായി ചൂണ്ടികാണിക്കുന്നതെങ്കിലും മറ്റുസംസ്ഥാനങ്ങളിലൊന്നുമില്ലാത്ത വിധത്തില്‍ കക്ഷിരാഷ്‌ട്രീയത്തിന്റെ അതിപ്രസരം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ കേരളത്തിലെ ക്യാമ്പസുകളില്‍ ദൃശ്യമാണ്. സംഘടനാ സംവിധാനത്തിലൂടെയുള്ള ലഹരിവിതരണം, നിര്‍ബന്ധിതസമരങ്ങള്‍, പ്രചരിപ്പിക്കുന്നരാജ്യവിരുദ്ധത, വളരുന്നമതമൗലികവാദം തുടങ്ങിയവ വിദ്യാര്‍ത്ഥിസമൂഹത്തില്‍ ഈ വ്യവസ്ഥയോട് മടുപ്പുളവാക്കുന്നു.
ഫാസിസ്റ്റ് കേന്ദ്രങ്ങള്‍
കേരളത്തിലെ പ്രധാന സര്‍വകലാശാല ക്യാമ്പസുകള്‍ സിപിഎം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമായി ചുരുങ്ങുകയാണ്. കമ്മ്യൂണിസ്റ്റ് അദ്ധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളും സിന്‍ഡിക്കേറ്റും ചേര്‍ന്നുള്ള കൂട്ടുകെട്ട് എതിര്‍ശബ്ദമുയര്‍ത്തുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നിശബ്ദരാക്കുന്നു. പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകള്‍ പരിശോധിച്ചു വരുന്ന വിദ്യാര്‍ത്ഥിയുടെ രാഷ്‌ട്രീയ പശ്ചാത്തലം മുന്‍കൂട്ടി പരിശോധിക്കുകയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി പ്രവേശനം നേടുന്നത് തടയുവാനും ശ്രമിക്കുന്നു. കേരളത്തിലെ ഒരു പ്രമുഖ സര്‍വ്വകലാശാലക്യാമ്പസിന്റെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. ക്യാമ്പസിന്റെയുള്ളില്‍ ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തുള്ള കെട്ടിടത്തിലാണ് കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ചരിത്രപ്രസിദ്ധമായ ഒരു സ്ഥലനാമമാണ് കെട്ടിടത്തിന് നല്‍കിയിരിക്കുന്നത്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സര്‍വകലാശാല അധികൃതരുടെ പിന്തുണയുണ്ട്.
പുതുതായിയെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ ഹോസ്റ്റല്‍ ലഭിക്കണമെന്നില്ല. വിദ്യാര്‍ത്ഥികളുടെ ഈ നിസ്സഹായവസ്ഥ മുതലെടുത്ത് അവര്‍ക്ക് താത്കാലിക താമസസൗകര്യം വിദ്യാര്‍ത്ഥി സംഘടന ഈ കെട്ടിടത്തില്‍ ഒരുക്കി നല്‍കുന്നു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയെന്നതാണ് വിദ്യാര്‍ത്ഥി പകരം ചെയ്യേണ്ടത്. വാളുകള്‍ അടക്കം മാരകായുധങ്ങള്‍ സൂക്ഷിക്കുന്ന ഈ കെട്ടിടമാണ് സര്‍വ്വകലശാല ക്യാമ്പസിലെ ഗുണ്ടായിസത്തിന്റെ ഉറവിടം. തൊട്ടടുത്തുള്ള ഹോസ്റ്റലുകളെ മുഴുവന്‍ ഭയത്തിലൂടെ നിയന്ത്രിക്കുന്നത് ഈ കെട്ടിടത്തില്‍ താമസിക്കുന്നവരും പുറമെ നിന്നുമുള്ള വിദ്യാര്‍ത്ഥികളല്ലാത്തവരും കൂടി ചേര്‍ന്നാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഒരുകെട്ടിടം ധാരാളം അക്രമസംഭവങ്ങളുടെയും രാജ്യവിരുദ്ധ പ്രചരണത്തിന്റെയും പ്രഭവ കേന്ദ്രമായിട്ടുപോലും സര്‍വകലാശാല അധികൃതരുടെയും പോലീസ്, ഇന്റലിജന്റ്‌സ് സംവിധാനങ്ങളുടെയും ശ്രദ്ധയില്‍ വരാത്തത് അത്ഭുതമാണ്. തീര്‍ച്ചയായും ചാന്‍സിലറായ ഗവര്‍ണറുടെയും കേന്ദ്ര ഇന്റലിജന്റ്‌സിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ട വിഷയമാണിത്. കേരളത്തിലെ മറ്റ് സര്‍വകലാശാലകളിലും, കോളജുകളിലുമടക്കം ഗുണ്ടായിസത്തിലൂടെയാണ് കമ്യൂണിസ്റ്റ് സംഘടന നിലനില്‍ക്കുന്നതും തെരഞ്ഞെടുപ്പുകളിലുള്‍പ്പടെ വിജയിക്കുന്നതും.
അനധികൃത നിയമനങ്ങള്‍
ഇത്തരം പ്രവര്‍ത്തന രീതികളോട് കൂട്ടിചേര്‍ത്തുവായിക്കേണ്ട ഒന്നാണ് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാര്‍, അധ്യാപകര്‍ മറ്റ് ഉദ്യോഗസ്ഥര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമനങ്ങള്‍. യോഗ്യതയില്ലാത്തവരെ വി.സിമാരായി നിയമിച്ചതും കോടതിയുടെയും ചാന്‍സിലറായ ഗവര്‍ണ്ണറുടെയും ഇടപെടലുകളെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചതാണ്. ധാരാളം ആളുകളെ തത്കാലിക നിയമനത്തിലൂടെ സര്‍വകലാശാലകളില്‍ നിയമിക്കുന്നു. സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരെയാണ് നിയമനത്തിനായി പരിഗണിക്കുന്നത്. ഇങ്ങനെ നിയമിക്കുന്ന അധ്യാപകരും അനധ്യാപകരുമെല്ലാം ഈ വ്യവസ്ഥയെ പിന്താങ്ങുന്നു. ഒപ്പം എല്ലാ കാര്യങ്ങള്‍ക്കും പുറമെ നിന്നുള്ള രാഷ്‌ട്രീയ പിന്തുണയും സഹായവും ആവോളം ലഭിക്കുന്നു.
ഇതിന് ഏറ്റവും നല്ല ഉദാഹരണമാണല്ലോ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായത്. കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗമായാല്‍ പരീക്ഷ എഴുതാതെ ജയിക്കുവാനും, വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുവാനും, വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു പ്രവേശനം നേടുവാനും പിഎസ്‌സി അടക്കമുള്ളവയുടെ റാങ്കുലിസ്റ്റുകളില്‍ അനായാസം ഉള്‍പ്പെടുവാനും സാധിക്കുന്നു. കൂടാതെ അധ്യാപക നിയമനങ്ങള്‍ ജനപ്രതിനിധികളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും സംവരണം ചെയ്തിരിക്കുന്നു.
അക്കാദമികരംഗത്തെ അഴിമതി
വിവിധ മേഖലകളില്‍ കേരളത്തിലെ അഴിമതിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ള ഏജന്‍സികള്‍ പരിശോധനകള്‍ നടത്തുന്ന കാലമാണിത്. എന്നാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകുന്ന ഒരുവിഷയമാണ് സര്‍വ്വകലാശാലകളില്‍ ഒരുവിഭാഗം അധ്യാപകരും ഉദ്യോഗസ്ഥരും സിന്‍ഡിക്കേറ്റ് അംഗങ്ങളടങ്ങുന്ന മാഫിയയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി. വിവിധ സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍, പ്രൊജക്ടുകള്‍ തുടങ്ങിയവയ്‌ക്ക് ലഭിക്കുന്ന പൊതുപണം ചെലവഴിക്കുന്നതിന് കൃത്യമായ ഓഡിറ്റ് നടക്കുന്നില്ല. രാഷ്‌ട്രീയ ബന്ധം മാത്രമാണ് ഇത്തരത്തില്‍ ഫണ്ടുകള്‍ ലഭിക്കാനുള്ള ഏക വഴിയും. ഇത് മറ്റധ്യാപകര്‍ ഉള്‍പ്പടെയുള്ളവരെ രാഷ്‌ട്രീയ സ്വാധീനങ്ങള്‍ക്ക് വഴങ്ങുവാന്‍ നിര്‍ബന്ധിതരാക്കുന്നു.
കഴിഞ്ഞ കുറെ വര്‍ഷത്തെ പണവിനിയോഗങ്ങള്‍ പരിശോധിച്ചാല്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ഈ മേഖലയില്‍ നടന്നിട്ടുള്ളതായി തെളിയും. ഇത്തരത്തില്‍ വിനിയോഗിക്കുന്ന പണത്തിലൂടെ കേരളത്തിലെ സര്‍വകലാശാല ക്യാമ്പസുകളെ രാജ്യവിരുദ്ധ പ്രചരണങ്ങളുടെ കേന്ദ്രങ്ങളാക്കി മാറ്റി. സെമിനാറുകളിലൂടെയും, അധ്യയനത്തിലൂടെയും രാജ്യവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ പണം അനുവദിക്കുകയുമുള്ളൂ.
മാറുന്ന ഭാരതം
വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിനുഗുണകരമായ മാതൃക തീര്‍ത്തത് മോദിസര്‍ക്കാരാണ്. അതിലൊന്നാണ് പുതിയ വിദ്യാഭ്യാസനയം. കോണ്‍ഗ്രസ് ഭരണത്തില്‍കീഴില്‍ കമ്മ്യൂണിസ്റ്റുകളുടെ രാഷ്‌ട്രീയ അതിപ്രസരത്തിന് വിധേയമായിരുന്നു രാജ്യത്തെ പ്രധാനസര്‍വ്വകലാശാലകള്‍. വിവിധ പഠനങ്ങള്‍ക്ക് വിദ്യാര്‍ത്ഥിയുടെ രാഷ്‌ട്രീയം നോക്കിയാണ് പ്രവേശനം നല്‍കിയിരുന്നത്. ഉദാഹരണമായി രാജ്യത്തെ പ്രധാന സര്‍വ്വകലാശാലകളിലൊന്നായ ദല്‍ഹിയിലെ ജവഹര്‍ലാല്‍നെഹ്രു യൂണിവേഴ്‌സിറ്റി തന്നെയെടുക്കാം. ഒരുകാലത്ത് ജെഎന്‍യുവില്‍ അറുപതുശതമാനത്തോളവും ബംഗാളില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റുകാരായ അദ്ധ്യാപകരായിരുന്നു. കൂടാതെ കേരളം, ആന്ധ്രാപ്രദേശ് തുടങ്ങിയ കമ്മ്യൂണിസ്റ്റ് സ്വാധീനമേഖലയില്‍ നിന്നും ധാരാളം അദ്ധ്യാപകര്‍ ഇവിടെയെത്തി. സര്‍വ്വകലാശാല സ്വന്തമായിപ്രവേശന പരീക്ഷ നടത്തിയിരുന്നതിനാല്‍ വിദ്യാര്‍ത്ഥിയുടെ രാഷ്‌ട്രീയ കാഴ്ചപ്പാട് നോക്കിയായിരുന്നു പ്രവേശനം നല്‍കിയിരുന്നത്.
അദ്ധ്യാപക നിയമനങ്ങള്‍ തീരുമാനിച്ചിരുന്നത് രണ്ട് ബംഗാളി അധ്യാപക കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ്. നിലവില്‍ ജോലി ചെയ്യുന്ന പലഅനധ്യാപകരും ബന്ധുക്കളാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ സര്‍വ്വകലാശാലകയെ അടിമുടി മാറ്റി. ആദ്യമായി ദേശിയ പരീക്ഷ ഏജന്‍സി(നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി-എന്‍ടിഎ) രൂപീകരിച്ചു. പ്രവേശന പരീക്ഷ നടത്തുന്നതും വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നതും എന്‍ടിഎയുടെ ചുമതലയാക്കി. വിശദമായ എഴുത്തുപരീക്ഷ മാറ്റി ഒബ്‌ജെക്റ്റീവ് രീതിയിലുള്ള പരീക്ഷ കൊണ്ടുവന്നു. ഇതോടെ ഉത്തരകടലാസ് നോക്കുന്നത് അധ്യാപകനില്‍ നിന്നും കമ്പ്യൂട്ടര്‍ ഏറ്റെടുത്തു. അധ്യാപക നിയമനങ്ങളിലും സുതാര്യത കൊണ്ടുവന്നു. ഇപ്പോള്‍ ജെഎന്‍യു ഭാരതത്തിന്റെ യഥാര്‍ഥ പരിഛേദമായിരിക്കുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ധാരാളം മിടുക്കരായ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ വിദ്യാലയത്തില്‍ അവസരം ലഭിച്ചു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ മാറ്റത്തോടുള്ള അസഹിഷ്ണുതയായിരുന്നു ജെഎന്‍യുവില്‍ അടക്കം നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലം. ഇതേ അസഹിഷ്ണുതയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് ഗവര്‍ണ്ണരുടെ നടപടികള്‍ ഉണ്ടായപ്പോള്‍ അരങ്ങേറിയതും. ഇപ്പോള്‍ ജെഎന്‍യു അക്രമങ്ങളുടെയോ പ്രതിഷേധങ്ങളുടെയോ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയോ പേരിലല്ല അറിയപ്പെടുന്നത്. പരിഷ്‌കാരങ്ങള്‍ സര്‍വ്വകലാശാലയുടെ അക്കാദമിക രംഗത്തെ മുന്നേറ്റത്തിന് കാരണമായി.
ഇതുപോലെ തന്നെ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റി(സിയുഇടി)ലൂടെ രാജ്യത്തെ 54 കേന്ദ്ര സര്‍വകലാശാലകളിലും പ്രവേശനപരീക്ഷ അവതരിപ്പിക്കുകയും ഏകീകരിക്കുകയുംചെയ്തു. ഇക്കാലമത്രയും കേരളത്തില്‍ നിന്നും വാരിക്കോരി നല്‍കിയിരുന്ന +2 മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിരുന്നു. ചില ക്ലാസ്സുകളില്‍ 90 ശതമാനം മലയാളികള്‍ മാത്രം ഉണ്ടായിരുന്ന അവസ്ഥയുണ്ടായിരുന്നു. സിയുഇടി പ്രവേശന പരീക്ഷയോടെ ഇത് അവസാനിക്കുകയും രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നും എല്ലാ വിഭാഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുവാനും തുടങ്ങി.
മാറ്റം അനിവാര്യം
കേരളത്തിലും വിദ്യാഭ്യാസ മേഖലയില്‍ അടിമുടി മാറ്റം അനിവാര്യമാണ്. രാഷ്‌ട്രീയ സ്വാധീനങ്ങളില്‍ നിന്നും സര്‍വ്വകലാശാലകളെ പൂര്‍ണ്ണമായും മോചിപ്പിക്കണം. വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തണം. യുവതലമുറയെ കേരളത്തില്‍ തന്നെ നിലനിര്‍ത്തണം. ഗവര്‍ണ്ണറെ സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നും മാറ്റുവാന്‍ നടക്കുന്ന ശ്രമങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ പരിപൂര്‍ണ്ണമായ തകര്‍ച്ചയിലേക്ക് മാത്രമേ നയിക്കൂ. പകരം എത്തുന്നത് മുഖ്യമന്ത്രിയും മന്ത്രിസഭയുമായതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും സര്‍വ്വാധിപത്യത്തിലേക്ക് കേരളത്തിലെ വിദ്യാഭ്യാസമേഖല എത്തപ്പെടും. ഇത് കേരളത്തിന്റെ വരുംതലമുറയെ വലിയ തകര്‍ച്ചയിലേക്കായിരിക്കും തള്ളിവിടുക.
(ദില്ലി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: