മാള: വാഹനാപകടത്തില്‍ ചികില്‍സയിലായിരുന്ന ബിഎഡ് വിദ്യാര്‍ത്ഥി മരിച്ചു. പുത്തന്‍ചിറ തെക്കെ താന്നിയില്‍ മനയില്‍ നാരായണന് നമ്പൂതിരി (മേല്‍ശാന്തി തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം) യുടെയും ശ്രീദേവി (അധ്യാപിക, മുകുന്ദപുരം പബ്ളിക് സ്കൂള്‍) മകന് പ്രണവ് (25) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച നടവരമ്പ് – മാള റോഡില്‍ വെളയനാട് ജംഗ്്ഷനും ദേവാലയത്തിനുമിടയിലുള്ള റോഡില്‍ പ്രണവ് ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ തൃശൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്ക് പറ്റിയ പ്രണവിനെ ആദ്യം ഇരിങ്ങാലക്കുട സഹകരണാശുപത്രിയിലും പിന്നീട് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സക്കായി കളമശേരി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകീട്ട് മരിച്ചു. ഇരിങ്ങാലക്കുട തരണനെല്ലൂര്‍ കോളേജിലെ ബിഎഡ് വിദ്യാര്‍ത്ഥിയായ പ്രണവ് കോളേജിലേക്ക് പരീക്ഷക്ക് പോകുമ്പോഴായിരുന്നു അപകടം. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും. സഹോദരി ഗായത്രി (സൈക്കോളജി വിദ്യാര്‍ത്ഥിനി, ഇരിങ്ങാലക്കുട സെ. ജോസഫ് കോളേജ്).
തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ അമിത വേഗതയും മല്‍സരയോട്ടവും കാരണം അപകടങ്ങളും അപകടമരണങ്ങളും ഒട്ടേറെ ഉണ്ടായിട്ടും അധികൃതര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് പരക്കെ പരാതി ഉണ്ട്. സ്വകാര്യ ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധി ഉണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. പോലീസ് ഉദ്യോഗസ്ഥരൊ മോട്ടോര്‍ വാഹന വകുപ്പോ സ്വകാര്യ ബസുകളുടെ നിയമലംഘനത്തിനെതിരെ നടപടി എടുക്കാത്തത് പരാതിക്കിടയാക്കുന്നു.
സഹായത്തിന് കാത്തുനില്‍ക്കാതെ പ്രണവ് വിടവാങ്ങി
മാള: വാഹനാപകടത്തില്‍ പ്രണവിന് കാല്‍മുട്ടിന് താഴെയും ഇടുപ്പെല്ലിനും പരിക്ക് പറ്റിയിരുന്നു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അണുബാധയെ തുടര്‍ന്ന് എആര്‍ഡിഎസ് (Acute Respiratory Distress Syndrome) എന്ന രോഗം ബാധിച്ചു. ഇതിന്റെ തുടര്‍ചികില്‍സക്കായി ഏകദേശം 15-20 ലക്ഷം രൂപ വേണ്ടിയിരുന്നു. ഇതിനായി പുത്തന്‍ചിറ സേവാഭാരതി ഭാരവാഹികളായ പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണന്, സെക്രട്ടറി പി. രാഖി, ഖജാന്‍ജി ടി.പി. നാരായണന് എന്നിവരുടെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്തിനായി ചികില്‍സാ സഹായനിധി രൂപീകരിച്ചുവെങ്കിലും സഹായം എത്തുംമുമ്പ് പ്രണവ് (ഉണ്ണിക്കുട്ടന്) അപകടങ്ങളില്ലാത്ത ലോകത്തേക്ക് വിടവാങ്ങി. എക്മോ സഹായത്തോടെയാണ് ഇത്രയും ദിവസം പ്രണവിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: