അടൂർ: പുതിയ കാവിൽചിറ ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല. എല്ലാ ബജറ്റിലും കോടികളാണ് വിനോദ സഞ്ചാര കേന്ദ്രമാക്കേണ്ട പുതിയകാവിൽ ചിറയ്ക്കായി പ്രഖ്യാപിക്കുന്നത്. സംരക്ഷണമില്ലാതായതോടെ ചിറയിൽ പായലടിഞ്ഞും ചെളിയടിഞ്ഞും പരിസരം കാടുകയറി ഇവിടെക്കാരും തിരിഞ്ഞ് നോക്കാതെയായി. പല ഘട്ടങ്ങളായി നിരവധി വികസന പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല.
2 കോടി അഞ്ച് ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്. ചിറയ്ക്ക് ചുറ്റും മതിൽ നിർമ്മാണം, പാർക്കിംഗ് സൗകര്യം, സൈക്കളിംഗ് ട്രാക്ക് , കുട്ടികളുടെ പാർക്ക്, ടോയ്ലറ്റ്, ബോട്ടിംഗ് എന്നിവയ്ക്കാണ് തുക അനുവദിച്ചത്. എ എസ് (അഡ്മിനിസ്ട്രേറ്റീവ് സാംഗ്ഷൻ ) ലഭിച്ചാൽ ടെണ്ടർ നടപടിയിലേക്ക് കടക്കുമെന്നാണ് അധികൃതർ പറയുന്നത്. പദ്ധതി എന്ന് നടപ്പാകുമെന്ന കാര്യത്തിൽ മാത്രം വ്യക്തതയില്ല. പുതിയ കാവിൽ ചിറയിലെ ഇന്നത്തെ സ്ഥിതി അതിദയനീയമാണ്. ചിറയിൽ പായൽ അഴുകി ദുർഗസം വമിക്കുന്നു. നേരത്തെ ചിറയ്ക്ക് ചുറ്റുമുള്ള നടപ്പാതയിൽ പ്രഭാത സവാരിക്കാരുടെ തിരക്കുണ്ടായിരുന്നു. നടപ്പാതയിൽ പാകിയ ടൈലുകൾ പൊട്ടി ഇവിടെ കാട് വളർന്നതോടെ നടത്തം സാധ്യമല്ലാതെയായി. കാട് കാരണം ഇഴ ജന്തുക്കളുടെ ശല്യവും ഉണ്ട്. ചിറയുടെ സമീപത്തായുള്ള ടോയ്ലറ്റ് സമുച്ചയം ഒരു വശത്തേക്ക് ചരിഞ്ഞ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
കുട്ടികളുടെ പാർക്ക് കാടുകയറി കിടക്കുന്നു. ഇവിടെ സ്ഥാപിച്ച കളി കൊപ്പുകൾ വള്ളിപ്പടർപ്പ് കയറി കിടക്കുകയാണ്. ഇവയെല്ലാം തുരുമ്പെടുത്ത് നശിച്ചിട്ടുമുണ്ട്. നേരത്തെ ലക്ഷങ്ങൾ ചിലവിട്ട് നടപ്പാക്കിയ സൗന്ദര്യവല്ക്കരണ പദ്ധതികൾ സംരക്ഷണമില്ലാത്തതിനെ തുടർന്ന് നശിച്ചു. നടപ്പാതയ്ക്ക് ചുറ്റും സ്ഥാപിച്ച മനോഹരമായ വൈദ്യുത വിളക്കുകൾ പൂർണ്ണമായും നശിച്ചു. ഹൈസ്കൂൾ ജംഗ്ഷന് സമീപം പന്തളത്തേക്ക് പോകുന്ന ഭാഗത്ത് എം.സി റോഡരുകിലാണ് പുതിയ കാവിൽ ചിറ ടൂറിസം പദ്ധതി. കുട്ടികളുടെ പാർക്ക് , ഓപ്പൺ എയർ തിയേറ്റർ, ബോട്ടിംഗ് സൗകര്യം എന്നിവയോട് കൂടി വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതിയുടെ ഒന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി ചിറയിൽ പുതിയ സൗധം പണിതിരുന്നു. ഇവിടെയാണ് ഹോട്ടൽ ആരാം പ്രവർത്തിക്കുന്നത്. ഹോട്ടലിന്റെ ചുറ്റും മുൻവശവും ഹോട്ടൽ നടത്തുന്നവർ അലങ്കാര വിളക്കും വൈദ്യുത ബൾബ് മാലകളും ഒക്കെയിട്ട് മനോഹരമാക്കിയിട്ടുണ്ട്. കൂടാതെ ഈ കെട്ടിടം പെയിന്റിംഗ് നടത്തി അവർ മനോഹരമാക്കിയിരുന്നു. ഇത് മാത്രമാണ് സഞ്ചാരികൾക്ക് ഏറെ ആശ്വാസം പകരുന്ന ഒരു മനോഹര കാഴ്ച്ച അഞ്ചരയേക്കർ വിസ്തൃതിയുള്ള പുതിയകാവിൽ ചിറയ്ക്ക് ചുറ്റും നിർമ്മിച്ച സംരക്ഷണഭിത്തി പല ഭാഗത്തും തകർന്നു. ഭിത്തിയുടെ കല്ലിളകി ചിറയിൽ വീണ് കിടക്കുകയാണ്. മഴക്കാലത്ത് സമീപത്ത് നിന്നും വെള്ളം ചിറയിലേക്ക് ഒഴുകി എത്തുന്നുണ്ട്. മലിനജലവും ചെളിയും മണ്ണും പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളുമാണ് ചിറയിൽ പതിക്കുന്നത്.
പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ മറ്റ് മാലിന്യങ്ങളുമാണ് വെള്ളത്തിനൊപ്പം ഒഴുകി ചിറയിൽ വീഴുന്നത്. ഇവിടെ നേരത്തെ പൂന്തോട്ടം വച്ച് പിടിപ്പിച്ചിരുന്നെങ്കിലും കാടുകയറി സംരക്ഷണമില്ലാതായതോടെ ചെടികൾ ഏതാണ്ട് പുരണ്ണമായും നശിച്ചു. ചിറയിൽ നിറയെ പായലാണ്. ഇത് അഴുകി ദുർഗന്ധം വമിക്കുന്നുണ്ട്. തെന്മല മാതൃകയിൽ ചിറയിൽ മ്യൂസിക് ഫൗണ്ടൻ, ബോട്ടിംഗ് , വൈദ്യുതാലങ്കാരങ്ങൾ എന്നിവയൊക്കെയുണ്ടെങ്കിൽ ഇവിടെ കൂടുതൽ സഞ്ചാരികൾ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: