കണ്ണൂര്‍ : സമൂഹ മാധ്യമങ്ങളിലൂടെ തന്റെ നമ്പര്‍ പരസ്യപ്പെടുത്തിയതില്‍ വിവാദ യൂ ട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പോലീസില്‍ പരാതിയുമായി ശ്രീകണ്ഠാപുരം സ്വദേശി സജി. തന്റെ നമ്പര്‍ തൊപ്പി തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയതിനാല്‍ രാത്രിയും പകലും നിരന്തരം തനിക്ക് ഫോണ്‍വിളികള്‍ വരുന്നുണ്ട്. ഇത് മാനസിക പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും എസ്പിക്ക് നല്കിയ സജിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
കമ്പിവേലി നിര്‍മിച്ചുകൊടുക്കുന്ന ജോലിയാണ് സജിയ്ക്ക്. നിഹാദിന്റെ സ്വദേശമായ മാങ്ങാട് സജി കമ്പിവേലി നിര്‍മിച്ചുനല്‍കിയതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. കമ്പിവേലി നിര്‍മിച്ചതിനോടൊപ്പം സജി അവിടെ മൊബൈല്‍നമ്പറടക്കമുള്ള പരസ്യവും പതിച്ചിരുന്നു. ഈ പരസ്യം വീഡിയോയില്‍ പകര്‍ത്തി ഈ നമ്പറിലേക്ക് വിളിക്കുന്നതായി നിഹാദ് ചിത്രീകരിച്ചു. ആരോടോ മൊബൈലില്‍ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.
അതിനുപിന്നാലെ സ്ത്രീകളടക്കമുള്ളവര്‍ രാത്രിയും പകലുമെല്ലാം സജിയെ വിളിക്കാന്‍ തുടങ്ങുകയായിരുന്നു. ഒരു ദിവസം നാല്പത് ഫോണ്‍കോള്‍ വരെ വന്നിട്ടുണ്ടെന്നും ജോലിയുടെ ഭാഗമായി പലരും വിളിക്കാറുള്ളതിനാല്‍ കോളുകള്‍ എടുക്കാതിരിക്കാനാവില്ലെന്നും സജി പറഞ്ഞു. സംഭവത്തില്‍ ആദ്യം ശ്രീകണ്ഠാപുരം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടാകാത്തതിനാല്‍ എസ്പിക്കും പരാതി നല്‍കുകയായിരുന്നു. തൊപ്പിയെപ്പോലെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണെമെന്നും സജി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: