തൃശൂര്‍: തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയിലെ അറ്റകുറ്റപ്പണികളും നിര്‍മാണവും ഇഴയുന്നു, വന്‍ഗതാഗതക്കുരുക്കില്‍ ശമനമില്ലാതെ ജനങ്ങളുടെ ദുരിതയാത്ര.
കരാറുകാര്‍ക്ക് ബില്ല് മാറി പണം കൊടുക്കുന്നില്ലെന്നും നിര്‍മാണ സാമഗ്രികള്‍ക്കുള്ള ക്ഷാമവും അടക്കമുള്ള നിരവധി തടസങ്ങളാണ് അധികൃതര്‍ നിരത്തുന്നത്. 2021 ല്‍ തുടങ്ങിയ പണി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. നിര്‍മാണങ്ങളുടെ പേരില്‍ വാഹനങ്ങള്‍ രണ്ട് വര്‍ഷത്തോളമായി പലയിടങ്ങളിലും ഒറ്റവരിയായിരുന്നു.
ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന പദ്ധതിയായി മാറുകയാണ് ഇപ്പോള്‍ ഈ പണി. കലുങ്കു നിര്‍മാണത്തിന്റെ പേരില്‍ മാസങ്ങളോളമാണ് റോഡിന്റെ പകുതി ഭാഗം അടച്ചിടുന്നത്. റോഡ് അടച്ചിട്ടതിനാല്‍ വാഹനങ്ങള്‍ പലപ്പോഴും ഇടുങ്ങിയ വഴികളിലൂടെയാണ് തിരിച്ചുവിടുന്നത്.
റോഡിന്റെ ഒരു വശത്തെ കലുങ്കുപണികള്‍ ഒന്നിച്ച് നടത്താമെന്നിരിക്കെയാണ് കരാര്‍ കമ്പനി പല ഘട്ടങ്ങളിലായി റോഡ് അടച്ച് പണികള്‍ നടത്തുന്നത്. പല കാനകളുടെയും ജങ്ഷനുകളുടെയും വികസനത്തിന് ഇപ്പോഴും ഒരു കൃത്യതയുമില്ല. പാതയുടെ പലഭാഗത്തും ജലവിതരണത്തിനായി റോഡ് കുഴിച്ച് വലിയ പൈപ്പുകള്‍ സ്ഥാപിച്ച് മണ്ണിട്ട ഭാഗങ്ങളില്‍ മഴ പെയ്ത് വെള്ളം നിറഞ്ഞതോടെ കുണ്ടും, ചെളിക്കുഴികളും രൂപപ്പെട്ടത് മൂലം ജീവന്‍ പണയം വച്ചാണ് ആയിരക്കണക്കിന് യാത്രികര്‍ ഇതുവഴി യാത്ര ചെയ്യുന്നത്. പേരാമംഗലം, അമല, മുതുവറ, പുഴയ്‌ക്കല്‍ എന്നീ ഭാഗങ്ങളിലാണ് റോഡിന്റെ സ്ഥിതി ഏറെ ദയനീയം. ഇതേത്തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളിലും ഗതാഗതക്കുരുക്കിലും പെട്ട് ആംബുലന്‍സ് ഉള്‍പ്പടെയുള്ളവ നിരത്തില്‍ കിടക്കുന്നത് പതിവാണ്. ദുരിതയാത്രക്ക് വഴിയൊരുക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത അമര്‍ഷമാണ് ജനങ്ങള്‍ രേഖപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: