കോട്ട :ഉത്തര്‍പ്രദേശില്‍ നിന്നുള്ള 17 വയസുള്ള വിദ്യാര്‍ത്ഥിയെ രാജസ്ഥാനിലെ കോട്ടയില്‍ വാടക താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി, മറ്റൊരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തു വന്ന് മണിക്കൂറുകള്‍ക്കകമാണ് ഇത്. ഇതോടെ രാജസ്ഥാനിലെ പ്രവേശന പരീക്ഷ പരിശീലന സ്ഥാപനങ്ങള്‍ക്ക് പേരുകേട്ട കോട്ടയില്‍ ഒരു മാസത്തിനിടെ നാല് വിദ്യാര്‍ത്ഥികളാണ് ജീവന് വെടിഞ്ഞത്.
ജീവനൊടുക്കിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥി അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്നും ഒരു മാസം മുമ്പാണ് കോട്ടയില്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു. കോട്ടയില്‍ ഈ വര്‍ഷം ഇതുവരെ 15 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. 2022-ലും കോട്ടയില്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ ജീവിതം അവസാനിപ്പിച്ചിരുന്നു..
ഏകദേശം 225000 വിദ്യാര്‍ത്ഥികള്‍ കോട്ടയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനായി എത്തുന്നതായാണ് കണക്ക്. കുടുംബത്തില്‍ നിന്ന് അകന്നു നില്ക്കുന്നതും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവുമാണ് പ്രധാനമായും വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് കരുതുന്നത്.
ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് പരിശീലന കേന്ദ്രങ്ങളില്‍ ചേരുന്നവരുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.പരിശീലന കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളുമായി പതിവായി ആശയവിനിമയം നടത്താന്‍ പൊലീസ് സെല്‍ രൂപീകരിച്ചിട്ടുണ്ട്..
2019 നും 2022 നും ഇടയില്‍ 52 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തുവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു. 2016-ല്‍ 17 വിദ്യാര്‍ഥികള്‍ മരിച്ചതിനെത്തുടര്‍ന്ന് കോട്ട ഭരണകൂടം കൗണ്‍സിലര്‍മാരുടെ നിയമനം, വീക്ക്ലി ഓഫുകള്‍, വിനോദ പരിപാടികള്‍ എന്നിവ നിര്‍ബന്ധമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: