തിരുവനന്തപുരം : വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊന്ന സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ്. പ്രണയ നൈരാശ്യവും, വിവാഹം നിരസിച്ചതിലെ രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികളുടെ ലക്ഷ്യം എന്തായിരുന്നു എന്നത് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ലഹരി സാന്നിധ്യം പരിശോധിക്കുമെന്നും റൂറല്‍ എസ്പി ഡി. ശില്പ പ്രതികരിച്ചു.
വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെ തലേന്ന് രാത്രി വിരുന്ന് സത്കാരത്തിന് ശേഷമാണ് രാജു കൊല്ലപ്പെടുന്നത്. ഗള്‍ഫില്‍ നിന്ന് മടങ്ങി വന്ന ശേഷം നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുക ആയിരുന്നു രാജു. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് ജിഷ്ണു ഉള്‍പ്പെടെ നാല് പേര് പോലീസ് പിടിയിലായി.
രാജന്റെ മകളുമായി ജിഷ്ണു നേരത്തെ അടുപ്പത്തിലായിരുന്നു. വിവാഹം ആലോചിച്ചിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ വിവാഹം വേണ്ടെന്നു വെച്ചു. പിന്നീട് മകള്‍ക്ക് മറ്റൊരു ആലോചന വരികയും ആ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും കൂട്ടരും വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. ഇതോടെ രാജന് ഇവരോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് രാജനെ വെട്ടുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയില്‍ നിന്ന് ചോര വാര്‍ന്നായിരുന്നു മരണം. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതികളെ കല്ലമ്പലം പോലീസ് വര്‍ക്കലയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ആക്രമണത്തില്‍ രാജുവിനെ കൂടാതെ മറ്റു ചില ബന്ധുക്കള്‍ക്കും പരിക്കേറ്റു. വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിന്, ശ്യം, മനു എന്നിവരുള്‍പ്പെട്ട നാല് പേരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ വധുവായ ശ്രീലക്ഷ്മിയ ലക്ഷ്യംവെച്ചാണ് വീട്ടില്‍ എത്തിയത്. ഇത് രാജു തടഞ്ഞതോടെയാണ് ഇയാളെ മണ്‍വെട്ടി ഉപയോഗിച്ച് ആക്രമിച്ചത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സ്ഥിരമാക്കിയവരാണ് ഇവരെന്നും കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി ഭര്‍ത്താവ് പറഞ്ഞു. ശ്രീലക്ഷ്മിയെ പലപ്പോഴും ജിഷ്ണു ശല്യം ചെയ്തിരുന്നു. സമാധാനമായി ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. രാജുവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് നാല്‍വര്‍ സംഘവും പിന്തുടര്ന്നിരുന്നു. മരിച്ചെന്ന് അറിഞ്ഞതോടെയാണ് ഇവര്‍ ഒളിവില്‍ പോകാന്‍ ശ്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: