ദുബായ്: ആഘോഷ രാവുകൾ അരങ്ങ് വാഴുന്ന ദുബായ് ഗ്ലോബൽ വില്ലേജ് പാർക്ക് യുഎഇ യിലെ ഏറ്റവും പ്രശസ്തിയുളളതും ജനങ്ങൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്നതുമായ വിനോദ സഞ്ചാര കേന്ദ്രമായി തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ഡാറ്റാ റിസർച്ച് അനലിറ്റിക്സ് ഗ്രൂപ്പായ യൂ ഗവ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
യുഎഇയിൽ കഴിഞ്ഞ പന്ത്രണ്ട് മാസത്തിൽ ഏറ്റവും അധികം സഞ്ചാരികൾ സന്ദർശിച്ച ടൂറിസ്റ്റ് കേന്ദ്രമായി ഇവിടം മാറിയെന്ന് റിപ്പേർട്ടിൽ പറയുന്നു. സൗദിയിലും യുഎഇയിലുമായി രണ്ടായിരത്തിലധികം പേരിൽ നടത്തിയ സർവ്വെയിലാണ് ഈ വിവരം ലഭിച്ചത്. യുഎഇ നിവാസികളിൽ അഞ്ചിൽ രണ്ട് പേർ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. അതേ സമയം മാജിക് പ്ലാനറ്റ് രണ്ടാം സ്ഥാനത്തും ദുബായ് അക്വാറിയം ആൻഡ് അണ്ടർ വാട്ടർ സൂ മൂന്നാം സ്ഥാനവും നേടി.
ഗ്ലോബൽ വില്ലേജ് എത്ര സന്ദർശിച്ചാലും മതിവരില്ലെന്നാണ് സർവേയിൽ നിന്ന് വ്യക്തമാകുന്നത്. അടുത്ത പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ ഇവിടം വീണ്ടും സന്ദർശിക്കാൻ സഞ്ചാരികൾ ഒരുക്കമാണ്. സീസൺ 27 ൽ 90 സംസ്കാരങ്ങളുടെ പുനരാവിഷ്കാരങ്ങളും 27 പവലിയനകളുമാണ് ഒരുക്കിയത്. നാൽപത് രാജ്യങ്ങളിൽ നിന്നായി നാൽപതിനായിരത്തോളം കലാകാരൻമാർ പാർക്കിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇതിനു പുറമെ ഇവിടെ എത്തിയ സഞ്ചാരികൾക്കായി 175 വിവിധതരം സാഹസിക റൈഡുകളും 77 വ്യത്യസ്തമാർന്ന വെടിക്കെട്ട് പ്രകടനങ്ങളുമാണ് ഒരുക്കിയിരുന്നത്. കൂടാതെ ആഢംബരം ഒട്ടും കുറയ്ക്കാത്ത ഷോപ്പിങ് ഔട്ട്ലെറ്റുകളും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള രുചികരമേറിയ ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ് സെന്ററുകളും ഒരുക്കിയിരിക്കുന്നു.
ഈ വർഷം ഒക്ടോബർ 28 ന് തുടങ്ങി 194 ദിവസം നീണ്ടുനിൽക്കുന്ന തരത്തിലാണ് സീസൺ 28 ഗ്ലോബൽ വില്ലേജ് ആഘോഷങ്ങൾ അധികൃതർ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഒരുക്കങ്ങൾ ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. 2024 ഏപ്രിൽ 28 നാണ് ഈ മഹാ ആഘോഷങ്ങൾക്ക് തിരശീല വീഴുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: