പാലക്കാട്: അട്ടപ്പാടി പാലൂരിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയാന ക്ഷീണിതനായിരുന്നു. വെറ്റിനറി ഡോക്ടറുടെ പ്രത്യേക പരിചരണം ആനക്ക് നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണ എന്ന് പേരിട്ട ഒരു വയസുളള ആനക്കുട്ടിയാണ് ചെരിഞ്ഞത്.
ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിൽ ചികിത്സയിലായിരുന്നു ആന. 13 ദിവസമാണ് കുട്ടിക്കൊമ്പൻ വനപാലകരുടെ സംരക്ഷണത്തിൽ കഴിഞ്ഞത്. കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് 16ന് ആണ് ആനയുടെ സംരക്ഷണം വനപാലകർ ഏറ്റെടുത്തത്. വ്യാഴാഴ്ച കാട്ടാനക്കൂട്ടത്തിനൊപ്പം ജനവാസമേഖലയിലെത്തിയ കുട്ടിയാന കൂട്ടംതെറ്റുകയായിരുന്നു. തൊഴിലുറപ്പ് ജോലിക്ക് പോയ തൊഴിലാളികളാണ് ആനക്കുട്ടിയെ കണ്ട വിവരം വനപാലകരെ അറിയിച്ചത്.
കുട്ടിയാനയെ അമ്മയാന വന്ന് കൊണ്ടുപോകുമെന്നായിരുന്നു നിഗമനം. എന്നാൽ നാല് ദിവസം കഴിഞ്ഞിട്ടും കാട്ടാനക്കൂട്ടം തിരിച്ചുവന്നില്ല. പിന്നീട് കൃഷ്ണയെ ആരോഗ്യനില വഷളായതോടെ ബൊമ്മിയാംപടിയിലേക്ക് മാറ്റി. ചികിത്സ തുടരവേ കൃഷ്ണ ആരോഗ്യനിലയിൽ നേരിയ പുരോഗതി പ്രകടിപ്പിച്ചു. ആനക്കുട്ടി ഭക്ഷണം കഴിക്കുകയും ഉഷാറാകുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയാന ക്ഷീണിതനായിരുന്നു. വെറ്റിനറി ഡോക്ടറുടെ പ്രത്യേക പരിചരണം ആനക്ക് നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയാനയുടെ പോസ്റ്റ്മോർട്ടം ഉടൻ നടത്താനാണ് തീരുമാനം. മൂന്ന് വെറ്റിനറി സർജൻമാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തുക. അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: