ന്യൂദല്‍ഹി : കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്തെ ദേശീയപാതകളുടെ ദൈര്‍ഘ്യം 59 ശതമാനം വര്‍ധിച്ചതായി ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഈ വിപുലീകരണത്തെ തുടര്‍ന്ന് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ റോഡ് ശൃംഖലയുളളത് ഇന്ത്യയിലാണ്.
2013-14ല്‍ ദേശീയ പാതകളുടെ ആകെ നീളം 91,000 കിലോമീറ്ററായിരുന്നുവെന്നും 2022-23ല്‍ ഇത് ഒരു ലക്ഷത്തി 45,000 കിലോമീറ്ററായി വര്‍ധിച്ചതായും ഗഡ്കരി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ നാലുവരി ദേശീയ പാതകളുടെ ദൈര്‍ഘ്യം ഏകദേശം രണ്ട് മടങ്ങ് വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.
ഫാസ്ടാഗ് നിലവില്‍ വന്നതോടെ ടോള്‍ പിരിവില്‍ ഗണ്യമായ കുതിപ്പുണ്ടായതായി മന്ത്രി പറഞ്ഞു. 2013-14ല്‍ നാലായിരത്തി 770 കോടിയായിരുന്ന ടോള്‍ വരുമാനം 2022-23ല്‍ 41,342 കോടിയായി വര്‍ദ്ധിച്ചു.
2030-ഓടെ ടോള്‍ വരുമാനം ഒരു ലക്ഷത്തി 30,000 കോടി രൂപയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഗഡ്കരി പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയിലെ റോഡ് ഹൈവേ ശൃംഖലയുടെ വിപുലീകരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികളാണ് മേഖലയില്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: