കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നതിനിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യാപകമായി വാര് റൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ കലാപാന്തരീക്ഷം തണുപ്പിക്കാന്‍ സമാധാന മുറിയും (പീസ്റൂം) അക്രമങ്ങള്‍ തടഞ്ഞ് ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ ദ്രുത പരാതിപരിഹാര സെല്ലും (റാപ്പിഡ് റെസ്പോണ്‍സ് സെല്‍) രൂപീകരിച്ച് രാജ്ഭവനും ജനസ്പന്ദനമറിയുന്ന ഗവര്‍ണര്‍ സി.വി ആനന്ദബോസും ബംഗാളില്‍ ശ്രദ്ധാകേന്ദ്രമാവുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പതിനഞ്ചു ദിവസത്തിനുള്ളില്‍ അക്രമങ്ങളില്‍ ഒന്‍പതുപേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് മാരകമായ പരിക്കേറ്റു. അഞ്ചുദിവസം മുന്‍പ് തുടക്കം കുറിച്ച ഈ സംവിധാനങ്ങളിലേക്ക് അക്രമങ്ങളും അനീതിയും സംബന്ധിച്ച് ഇപ്പോള്‍ പരാതി പ്രവാഹമാണ്. ഇതിനകം നേരിട്ടും ഫോണിലുമായി ആയിരത്തിലേറെ പരാതികളും പരിദേവനങ്ങളും ഇവിടെയെത്തി.
കൊലപാതകങ്ങളും അക്രമവും നടന്ന സ്ഥലങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ച ഗവര്‍ണര്‍ ആനന്ദബോസ്, ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വേണ്ട രീതിയില്‍ നടപടിയുണ്ടാകുന്നില്ലെന്ന ജനങ്ങളുടെ വ്യാപകമായ പരാതിയെ തുടര്‍ന്നാണ് രാജ്ഭവനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംവിധാനം സജ്ജീകരിച്ചത്. അതോടെ ജനങ്ങളും സര്‍ക്കാരും മാധ്യമങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. രാജ്ഭവനിലെ പത്തു ജീവനക്കാര്‍ ഉള്‍പ്പെട്ടതാണ് പീസ് റൂം. പുറമെയാണ് ഗവര്‍ണറുടെ ഒഎസ്ടി നേതൃത്വം നല്കുന്ന റാപ്പിഡ് റെസ്പോണ്‍സ് സെല്‍.
പരാതിയുമായി എത്തുന്നവരോട് സഹാനുഭൂതിയോടെ പെരുമാറണമെന്നും എല്ലാവിധ സഹായവും ചെയ്തുനല്‍കണമെന്നും ഗവര്‍ണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചെയ്യേണ്ട കാര്യങ്ങള്‍ ഗവര്‍ണര്‍ ഏറ്റെടുക്കുകയാണോ എന്ന് സംശയമുന്നയിച്ചവരോട്, ജനങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുക എന്ന തന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിനയത്തോടെ അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ആദ്യദിവസം ലഭിച്ച പരാതികളിലൊന്ന് ഡാര്‍ജിലിങ്ങിലെ എംപിയുടേതാണ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന അദ്ദേഹത്തിന്റെ പരാതി അപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറുകയും സുരക്ഷയുറപ്പാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
സ്ഥാനാര്‍ഥികളെയും പ്രാദേശിക നേതാക്കളെയും കൊല്ലുക, അവരെയും വീട്ടുകാരെയും ആക്രമിക്കുക, വീടുകള്‍ നശിപ്പിക്കുക, നാമനിര്‍ദേശം നല്കുന്നതില് നിന്ന് ഗുണ്ടകളെ ഉപയോഗിച്ച്ബലമായി തടയുക, പരാതികളില്‍ പോലീസ് നടപടിയെടുക്കാതിരിക്കുക, അക്രമികളെ സഹായിക്കുക തുടങ്ങി പലവിധ പരാതികളാണ് ദിവസവും ഈ സെല്ലുകളില്‍ വന്നു നിറയുന്നത്. നേരിട്ടും ഫോണിലും ഇമെയില്‍ ആയും വാട്സാപ്പിലും പരാതികള്‍ സ്വീകരിക്കുന്നു.
പല പരാതികളും ഗവര്‍ണര്‍ തന്നെ നേരിട്ട് കേള്‍ക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നടപടിയെടുത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ രാജ്ഭവന് അടിയന്തര നിര്‍ദേശം നല്‍കുകയും ചെയ്തതോടെ ജനങ്ങളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും വര്‍ധിച്ചതായി സംസ്ഥാനത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുക്കേണ്ട പരാതികള്‍ അതതു അധികാരികക്ക് കൈമാറുന്നതിനൊപ്പം അതിന്മേലുള്ള നടപടികള്‍ രാജ്ഭവന് ഉറപ്പുവരുത്തുന്നു എന്നതാണ് ജനങ്ങളില്‍ ആത്മവിശ്വാസം പകരുന്നത്.
പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം തനതു മുദ്ര പതിപ്പിച്ച ആനന്ദബോസ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ‘ജനകീയ രാജ്ഭവന്, ജനകീയ ഗവര്‍ണര്‍’ എന്ന വിശേഷണത്തിലൂടെ ബംഗാള്‍ ജനതയുടെ ഹൃദയത്തിലിടം പിടിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: