മലപ്പുറം: ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ കുടുംബം ബലം പ്രയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്ന് പരാതി. അഫീഫ എന്ന യുവതിയെ വീട്ടുകാര്‍ ബലംപ്രയോഗിച്ച് തടങ്കലിലാക്കി എന്ന പരാതിയുമായി പങ്കാളി സുമയ്യ ഷെരിന്‍ ആണ് രംഗത്തെത്തിയത്. അഫീഫയ്ക്ക് സ്വന്തം വീട്ടില്‍ നിന്നും ശാരീരിക മാനസിക പ്രയാസങ്ങള്‍ നേരിടുന്നു എന്ന് വനജ കലക്ടീവ് എന്ന എന്‍ജിഒ മലപ്പുറം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
ഇത് അന്വേഷിക്കാന്‍ ജീവനക്കാര്‍ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടില്‍ എത്തിയപ്പോള്‍ അഫീഫയെ ഹോസ്പിറ്റലിലേക്ക് എന്ന് പറഞ്ഞ് കുടുംബം വാഹനത്തില്‍ കൊണ്ടു പോയെന്ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പറഞ്ഞു.തനിക്ക് വീട്ടില്‍ ശാരീരിക മാനസിക അതിക്രമങ്ങള്‍ നേരിടുന്നു എന്ന അഫീഫയുടെ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വനിതാ പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസര്‍മാര്‍ പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തി മൊഴിയെടുത്തു. തനിക്ക് സുമയ്യക്കൊപ്പം പോകണമെന്ന് അഫീഫ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി. എന്നാല്‍ അഫീഫയെ വീട്ടില്‍ നിന്ന് കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാരും തടിച്ച് കൂടിയ നാട്ടുകാരും. അഫീഫ കാറില്‍ കയറുന്നത് തടയുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
പോലീസിന്റെ സഹായത്തോടെ അഫീഫയെ പെരിന്തല്‍മണ്ണ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റാന്‍ വനിതാ പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസര്‍ തീരുമാനിച്ചു. വീട്ടുകാരുടെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ ഉമ്മയ്ക്കൊപ്പം അഫീഫയെ മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍ വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് കൊണ്ടുപോകും വഴി അഫീഫയുടെ വീട്ടുകാര്‍ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തള്ളിമാറ്റി അഫീഫയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കള്‍ അഫീഫയെ തടഞ്ഞു വെച്ചു എന്നാരോപിച്ച് പങ്കാളിയായിരുന്ന സുമയ്യ നല്കിയ ഹേബിയസ് കോര്‍പ്പസ്ഹര്‍ജി ഹൈക്കോടതി കഴിഞ്ഞയാഴ്ച തീര്‍പ്പാക്കിയിരുന്നു. അഫീഫയുടെ അഭിപ്രായപ്രകാരം വീട്ടുകാര്‍ക്കൊപ്പം പോകാനായിരുന്നു കോടതി വിധി.എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം സുമയ്യയ്ക്ക് അഫീഫ സന്ദേശങ്ങള്‍ അയച്ചിരുന്നു. തന്നെ വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നും സുമയ്യക്കൊപ്പം ജീവിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിക്കൊണ്ടുമുള്ള സന്ദേശങ്ങള്‍ വനജ കളക്ടീവാണ് വനിതാ പ്രൊട്ടക്ഷന്‍ സെല്ലിന് കൈമാറിയത്.
മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന സുമയ്യ ഷെറിനും അഫീഫയും തമ്മില്‍ രണ്ട് വര്‍ഷമായി സൗഹൃദത്തിലാണ്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതോടെ അഫീഫയുടെ പിതാവ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന പരാതി നല്കി. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്ട്രേറ്റ് കോടതിയില്‍ ഇരുവരും സ്വമേധയാ ഹാജരായി. പ്രായപൂര്‍ത്തി ആയതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി ഇരുവരും വാങ്ങുകയും ചെയ്തിരുന്നു. ശേഷമാണ് സുമയ്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: