പാലക്കാട്: കഞ്ചിക്കോട് ഐടിഐക്കു സമീപം വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാന്‍ഡ് മാക്ക് എം സാന്‍ഡ് യൂണിറ്റിനെതിരെ വ്യാപക പരാതി. ക്രഷര്‍ കമ്പനിയായ ഈ സ്ഥാപനത്തില്‍ നിന്നു പുറന്തള്ളുന്ന മാലിന്യം നിറഞ്ഞ വെള്ളവും മറ്റവശിഷ്ടങ്ങളും റോഡിലേക്ക് ഒഴുക്കി വിടുന്നതായാണ് പരാതി. മഴക്കാലം കൂടി തുടങ്ങിയതോടെ റോഡില്‍ പരന്നുകിടക്കുന്ന മാലിനവസ്തുക്കള്‍ ചെളിയും വെള്ളവും നിറഞ്ഞു മൂടിയ അവസ്ഥയിലാണെന്നും ഇതുവഴിയുള്ള ഗതാഗതവും കാല്‍നടയാത്രയുമടക്കം ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പഞ്ചായത്ത് സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. പ്രീകോട്ട് മില്‍ ന്യൂ കോളനിയിലെ എം.വി. മനോഹരന്‍ ആണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി സമര്‍പ്പിച്ചത്.
കാലങ്ങളായി ഈ ക്രഷര്‍ യൂണിറ്റിലെ പൊടിയും മാലിന്യങ്ങളും അടിഞ്ഞുകൂടി കമ്പനിക്കു മുന്നിലെ സൈഡിലുള്ള ഓടകളെല്ലാം അടഞ്ഞ അവസ്ഥയിലാണ്. ഇത് മലിന വെള്ളം റോഡിലേക്ക് പരന്നൊഴുകാന്‍ കാരണമാകുന്നു. സ്വാഭാവിക ജലസ്രോതസുകളും കോരയാര്‍ പുഴയും ജലസംഭരണികളുമെല്ലാം മലിന മാകുന്നതിന്റെ പ്രധാനകാരണം ഇവിടങ്ങളിലെ കമ്പനികളുടെ ഇത്തരം അനിയന്ത്രിത പ്രവര്‍ത്തനങ്ങള്‍ തന്നെയാണെന്ന് നാട്ടുകാരും കുറ്റപ്പെടുത്തുന്നു.
ക്രഷര്‍ കമ്പനിയോട് ചേര്‍ന്നു തന്നെ ആട്ട, മൈദ തുടങ്ങിയ ഭക്ഷ്യോത്പാദന കമ്പനിയും പ്രവര്‍ത്തിക്കു ന്നുണ്ട്. സാന്‍ഡ് മാക്ക് കമ്പനി മലിനവസ്തുക്കള്‍ പരിസരത്തുള്ള ഭക്ഷ്യോത്പന്നങ്ങളില്‍ കലരാന്‍ സാധ്യത കൂടുതലാണെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നതായും നേരത്തെ തന്നെ പരാതിയുള്ളതാണ്. ഏകദേശം 700ൽ കൂടുതല്‍ കുടുംബങ്ങള്‍ ഈ വ്യവസായ മേഖലയുടെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ട്. സമീപത്തെ ഒരു ഇരുമ്പു കമ്പനിയില്‍ നിന്നുള്ള വിഷപ്പുകയുടെ വിഷമതകള്‍ അനുഭവിക്കുന്ന ഇവിടത്തുകാര്‍ക്ക് കൂടുതല്‍ ദുരിതം വിതയ്‌ക്കുകയാണ് ക്രഷര്‍ യൂണിറ്റ് പോലെയുള്ള കമ്പനികള്‍. എന്നാല്‍ പഞ്ചായത്തോ ആരോഗ്യ, വ്യവസായ വകുപ്പുകളോ, മലിനീകരണ നിയന്ത്രണ അധികൃതരോ ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന കാര്യക്ഷമമായി നടത്താത്തതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: