പേട്ട : ചികിത്സ പിഴവിൽ കരിക്കകം ചാമുണ്ഡീ ക്ഷേത്ര പ്രസിഡൻ്റ് മേലേ വീട് കാർത്തികയിൽ എം.വിക്രമൻ നായർക്ക് (73) ദാരുണാന്ത്യം. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെയാണ് പിഴവ് സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
പാൻക്രിയാസിലുണ്ടായ മുഴയെ തുടർന്ന് കഴിഞ്ഞ 11നാണ് വിക്രമൻ നായർ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അഡ്മിറ്റായത്. 12 ന് ശസ്ത്രക്രിയ നടന്നു. തുടർന്ന് 17 ന് ഡിസ്ചാർജ്ജായി. വീട്ടിലെത്തിയതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇതോടെ 21 ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. തുടർ ചികിത്സയ്‌ക്കിടെ 26 ന് ശസ്ത്രക്രിയ ഭാഗത്തുള്ള തയ്യൽ നൂൽ പൊട്ടി രക്തംപുറത്തേയ്‌ക്ക് ഒഴുകി. നിയന്ത്രിക്കാൻ കഴിയാത്ത വിധമായിരുന്നു രക്തപ്രവഹിച്ച് ഗുരുതരാവസ്ഥയിലെത്തുകയായിരുന്നു. വിവരം സ്വകാര്യ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും വിശദ പരിശോധനയ്‌ക്ക് പോലും വിധേയമാക്കാതെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് വരാൻ കഴിയില്ലെന്നും മറ്റ് ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദ്ദേശിക്കുകയായിരുന്നു.
തുടർന്ന് ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് ആന്തരികാവയങ്ങളിലുണ്ടായ അണുബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തിൽ ആറ് വർഷം ട്രസ്റ്റ് ചെയർമാൻ ചുമതല വഹിച്ചിരുന്നു.കഴിഞ്ഞ ഒന്നര വർഷമായി പ്രസിഡൻ്റ് ചുമതലയിലാണ്. ഭാര്യ ചന്ദ്രിക കുമാരി. മക്കൾ: വീണ,വിജി. വിമ. മരുമക്കൾ: ബിജു, പ്രശാന്ത്, ഷാജു. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: