ശ്രീനി കോന്നി
അങ്ങ് തെക്കേയറ്റത്ത്, പശ്ചിമഘട്ടം തീരുന്നിടത്താണ് മരുത്വാമല. മരുതുവാഴും മലൈയെന്ന് തമിഴ്പേര്. മൃതസഞ്ജീവനിയുടെ പൊരുളുറങ്ങുന്ന മല താണ്ടി നെറുകയിലെത്തുമ്പോള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്തൊരു യാത്രയും കാഴ്ചയുമായത് മാറുന്നു. കണ്ടാലും മതിവരാതെ കന്യാകുമാരി. കടലിലെ തലയെടുപ്പായി, തിരുവള്ളവരുടെ പ്രതിമയും വിവേകാനന്ദപ്പാറയും. തൊട്ടു പടിഞ്ഞാറ് അറബിക്കടല്‍. പിന്നെ ഉപ്പുപാടങ്ങള്‍. ദൂരെ കിഴക്ക് കൂടംകുളം ആണവനിലയം. കണ്ടതെല്ലാം ഇങ്ങനെ എണ്ണിയെണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ അന്തമില്ലാതെയത് നീളും.
ഇതെല്ലാം ഒരു സഞ്ചാരിയുടെ അനുഭൂതിയെങ്കില്‍ മരുത്വാമലയുടെ ആത്മീയചരിതം മറ്റൊന്നാണ്. അനേകം ഔഷധസസ്യങ്ങളുടെ സാന്നിധ്യമുള്ളതായി കരുതുന്ന, അഗസ്ത്യമുനിയും നാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും ആത്മീയ ചൈതന്യം തിരിച്ചറിഞ്ഞ, അനാദിയായ സ്വത്വം തേടി ഇപ്പോഴും എത്രയോ യോഗീശ്വരന്മാരെത്തുന്ന മരുത്വാമലയുടെ ഐതിഹ്യവും ചരിത്രവും രാമായണത്തോളം നീളുന്നു.
‘മരുതുവാഴും മലൈ’
തമിഴ്നാട്ടില്‍ കന്യാകുമാരി ജില്ലയിലാണ് ഐതിഹ്യപ്രസിദ്ധമായ മരുത്വാമലയുള്ളത്. അതിന്റെ ഉല്പത്തിക്കഥയ്ക്ക് രാമായണത്തോളം പഴക്കമുണ്ട്. ലങ്കയിലെ രാമരാവണയുദ്ധമാണ് സന്ദര്‍ഭം. യുദ്ധത്തില്‍ പരിക്കേറ്റ ലക്ഷ്മണന്റെ ജീവന് രക്ഷിക്കാന്‍ ദിവ്യൗഷധങ്ങള്‍ കൊണ്ടുവരാന്‍ നിയോഗിച്ചത് ഹനുമാനെയായിരുന്നു. അതിനായി ഹിമാലയ സാനുക്കളിലെ ഋഷഭാദ്രി (ദ്രോണഗിരി)യിലെത്തിയ ഹനുമാന് ആ പര്‍വതമൊന്നാകെ കൈയിലേന്തി ലങ്കയിലേക്ക് പറന്നു. യാത്രയ്ക്കിടെ പര്‍വതത്തിന്റെ ഒരു ഭാഗം ഭൂമിയില്‍ പതിച്ചു. അതാണ് മരുത്വാമലയായി മാറിയതെന്നാണ് വിശ്വാസം. പേരു സൂചിപ്പിക്കുന്നതു പോലെ, എത്രയെത്രയോ ഔഷധസസ്യങ്ങളുടെ കലവറയാണ് മരുത്വാമല. അഗസ്ത്യമുനിയുടെയും, പരമാര്‍ഥലിംഗേശ്വരുടെയുമെല്ലാം പാദസ്പര്‍ശത്താല്‍ത്താല്‍ പവിത്രമായിരുന്ന മരുത്വാമലയില്‍ ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും തപസ്സനുഷ്ഠിച്ചിരുന്നു. ഗുരുദേവന് ധ്യാനിക്കാനിരുന്ന കൊച്ചു ഗുഹ, പിള്ളത്തടമെന്ന പേരില്‍ ഏറെ പവിത്രമായി ഇവിടെ സംരക്ഷിച്ചു പോരുന്നു. മൂന്നുമലകളായി കാണുന്ന മരുത്വാമലയില്‍, മൂന്നാമത്തേതിലാണ് പിള്ളത്തടം ഗുഹയുള്ളത്. ദുര്‍ഘടമാണ് ഇങ്ങോട്ടുള്ള വഴി. നൂണ്ടിറങ്ങണം ഇവിടേയ്ക്ക്. ആറുവര്‍ഷം ഗുരുദേവന് ഇവിടെ തപം ചെയ്തു.
അക്കാലത്ത് മുള്‍ക്കാടുകളാല്‍ ചുറ്റപ്പെട്ടതായിരുന്നു മരുത്വാമല. പോരാത്തതിന് പുലിയുള്‍പ്പെടെയുള്ള വന്യജീവികളും വിഷസര്‍പ്പങ്ങളും ധാരാളമുണ്ടായിരുന്നു. ഒന്നിനെയും ഗുരു ഭയപ്പെട്ടിരുന്നില്ല. ഗുരുവിനു മുമ്പില്‍ അവ ശാന്തതയോടെ നില്ക്കും. അത്ഭുതത്തോടെ ആ കാഴ്ച കണ്ടു നിന്ന താഴ്വരയിലെ ജനങ്ങളോട്, ഗുരുദേവന് പറഞ്ഞിരുന്നത് ഇതാണ്. ‘നിങ്ങള്‍ അവയെ ഭയപ്പെടാതെയിരിക്കുക, ഭയപ്പെടുത്താതെയും. എങ്കില്‍ അവ നിങ്ങളെയും ഉപദ്രവിക്കുകയില്ല.’
കടല്‍ക്കാറ്റിന്റെ സമൃദ്ധി കൊതിപ്പിക്കുന്ന കാഴ്ച
തിരുവനന്തപുരം വഴി നാഗര്‍കോവിലെത്തിയാല്‍ അവിടെ നിന്ന് പതിനൊന്നു കിലോമീറ്റര്‍ ദൂരമേയുള്ളൂ മരുത്വാ മലയിലേക്ക്. പൊത്തയടി എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. വീണ്ടും അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കന്യാകുമാരിയിലെത്താം. എണ്ണൂറടി പൊക്കമുണ്ട് മലയ്ക്ക്. മലകയറി തുടങ്ങുന്നിടത്ത് ചെറിയ കോവിലുകളും പ്രാര്‍ഥനാമന്ദരിരങ്ങളുമാണ് നമ്മെ വരവേല്‍ക്കുക. മലയുടെ ഏറ്റവും മുകളിലായി ഹനുമദ്പ്രതിഷ്ഠയുള്ള ചെറിയൊരു കോവിലും കാണാം.
പണ്ടൊക്കെ താഴ്വാരം മുതല്‍ മലയുടെ മുകള്‍ വരെ ചെറിയ ചെറിയ ഗുഹകളുണ്ടായിരുന്നു. അവിടെയെല്ലാം യോഗികള്‍ തപസ്സു ചെയ്തിരുന്നു. ഇന്ന് അവയില്‍ കൂടുതലും വനം വകുപ്പ് കെട്ടി അടച്ച നിലയിലാണ്. വഴിയിലുടനീളം ചെറിയ നീര്‍ത്തടങ്ങളും കാണാം. രണ്ടുമണിക്കൂറോളം എടുക്കും കുന്നുകയറിയെത്താന്‍. കെട്ടിയൊരുക്കിയ പടികളിലൂടെയാണ് മലകയറ്റം തുടങ്ങുന്നതെങ്കിലും അല്പദൂരം ചെല്ലുന്നതോടെ അതു തീരും. പിന്നെ ചെങ്കുത്തായ പാറകളിലൂടെ അതിസാഹസ യാത്രയാണ്. പാറക്കെട്ടുകളുടെ വശങ്ങളിലെല്ലാം ദിശാസൂചികകള്‍ വരച്ചിട്ടതു കാണാം. സമൃദ്ധമായ കടല്‍ക്കാറ്റും കൊതിപ്പിക്കുന്ന കാഴ്ചയും കിതപ്പിന്റെ കാഠിന്യം മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: