മോസ്കോ : വാഗ്നര്‍ ഗ്രൂപ്പിന്റെ കലാപത്തിനിടെ റഷ്യക്കാര്‍ പരസ്പരം ആക്രമിച്ച് മരിക്കാന്‍ യുക്രൈനും പാശ്ചാത്യ സഖ്യകക്ഷികളും ആഗ്രഹിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് .വിമതര്‍ പിന്‍വാങ്ങിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിലാണ് പുടിന് ഇങ്ങനെ പറഞ്ഞത്.
അതേസമയം രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ ഭരണത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ കലാപം നടത്തിയ വാഗ്നര്‍ പോരാളികള്‍ക്ക് പൊതുമാപ്പ് അനുവദിച്ചതായി പുടിന് പറഞ്ഞു. വാഗ്നര്‍ പോരാളികള്‍ക്ക് റഷ്യന്‍ സൈന്യത്തില്‍ ചേരണോ അതോ ബെലാറസിലേക്ക് പോകണോ അതോ അവരുടെ വീടുകളിലേക്ക് മടങ്ങണോ എന്ന് തിരഞ്ഞെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയപ്പെട്ട കലാപത്തിനിടെ കൊല്ലപ്പെട്ട പൈലറ്റുമാര്‍ക്കും പുടിന് ആദരാഞ്ജലി അര്‍പ്പിച്ചു.
സായുധ കലാപകാലത്ത് തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രവര്‍ത്തനത്തിന് പുടിന് നന്ദി പറഞ്ഞു. അതേസമയം, വാഗ്നര്‍ കലാപം അവസാനിപ്പിക്കാന്‍ കരാര്‍ ഉണ്ടായിരുന്നിട്ടും, സായുധ കലാപം സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് വാഗ്നര്‍ ഗ്രൂപ്പിന്റെ നേതാവ് യെവ്ജെനി പ്രിഗോജിനെതിരെ അന്വേഷണം നടക്കുകയാണ്. റഷ്യയുടെ സൈനിക നേതൃത്വത്തിനെതിരായ പ്രതിഷേധമാണ് ഉണ്ടായതെന്നും അട്ടിമറി ശ്രമമല്ലെന്നും പ്രിഗോസിന് ഒരു ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം വാഗ്നര്‍ കലാപത്തില്‍ അമേരിക്കയ്ക്കും നാറ്റോയ്ക്കും പങ്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നേരത്തെ പറഞ്ഞിരുന്നു. യുഎസ് അംബാസഡര്‍ ലിന് ട്രേസി റഷ്യയുമായി നേരിട്ട് ബന്ധപ്പെടുകയും യുഎസിന് പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: