തൃശൂര്‍: കോടശ്ശേരി ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെയും ഒരു കി.മീ. ചുറ്റളവിലുള്ള പന്നിഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്‍ ഓഫ് ആക്ഷന്‍ പ്രകാരമുള്ള പ്രോട്ടോകോള്‍ പാലിച്ച് ഉടന്‍ ഉന്മൂലനം ചെയ്യുന്നതിനും ജഡം സംസ്കരിക്കുന്നതിനും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഉത്തരവിട്ടു.
കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നിഫാമില്‍ നിന്നും മറ്റു പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുളളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്കി. കേരളത്തിലേക്കോ കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കോ പന്നിമാംസവും പന്നികളേയും അനധികൃതമായി കടത്തുന്നത് തടയുന്നതിനായി ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ മറ്റ് പ്രവേശനമാര്‍ഗങ്ങളിലും പോലീസ്, ആര്‍ടിഒ എന്നിവരുമായി ചേര്‍ന്ന് മൃഗസംരക്ഷണവകുപ്പ് കര്‍ശന പരിശോധന നടത്തും.
രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണസ്ഥാപന പരിധിയില്‍ പോലീസ്, മൃഗസംരക്ഷണവകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്, വില്ലേജ് ഓഫീസര്‍ എന്നിവരുള്‍പ്പെട്ട റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തില്‍ മുനിസിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വെറ്ററിനറി ഓഫീസറെ ഉടന്‍ വിവരം അറിയിച്ച് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: