കൊച്ചി: അടിയന്തരാവസ്ഥയ്ക്കെതിരായ സമരം നയിച്ചത് പോരാളികളാണെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ആര്. ഹരി. ജയിലില്‍ പോയവരുടെ ചരിത്രം മാത്രമല്ല അത്. ജയിലിന് പുറത്ത് അണ്ടര്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച എമര്‍ജന്‍സി സോള്‍ജിയേഴ്സിന്റെ ചരിത്രമാണ്, അദ്ദേഹം പറഞ്ഞു. വിശ്വ സംവാദകേന്ദ്രം യു ട്യൂബ് ചാനലിലൂടെ ഏഴ് ദിവസമായി പൂര്‍ത്തിയാക്കിയ പ്രഭാഷണ പരമ്പരയിലാണ് ആര്. ഹരി ഇങ്ങനെ പരാമര്‍ശിച്ചത്.
1942 ലെ ക്വിറ്റിന്ത്യ സമര കാലത്തേതിലും സമഗ്രവും വിപുലവുമായ സഹന സമരമാണ് ലോക് സംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയത്. ജയിലില്‍ പോകണമെന്ന് നിശ്ചയിച്ചവരെയല്ലാതെ ഒരാളെ പോലും തുറുങ്കിലടയ്ക്കാന്‍ അവര്‍ക്ക് കിട്ടിയില്ല. അത്രയ്ക്ക് ആസൂത്രണ ബദ്ധമായിരുന്നു സമരം, അദ്ദേഹം പറഞ്ഞു.
സോഷ്യലിസ്റ്റുകള്‍ക്ക് നേതാക്കളേ ഉണ്ടായിരുന്നുള്ളൂ. പ്രവര്‍ത്തകരില്ലായിരുന്നു. പല നേതാക്കളും ജയിലില്‍ പോയി തടി രക്ഷപ്പെടുത്തിയപ്പോള്‍ ഒളിവില്‍ പ്രവര്‍ത്തിച്ച് തടി നഷ്ടപ്പെടുത്തുകയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കാപ്പിത്തോട്ടവും പണവുമൊക്കെയുള്ള കേരളത്തിലെ വളരെ പ്രശസ്തനായ ഒരു സോഷ്യലിസ്റ്റ് നേതാവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കേട്ടപ്പോഴേ തമിഴ്നാട്ടിലേക്ക് മുങ്ങി. കമ്മ്യൂണിസ്റ്റുകള്‍ തുറന്നെതിര്‍ക്കാതെ അമര്‍ന്നു കിടക്കാനാണ് ശ്രമിച്ചത്. അതിന്റെ ആനുകൂല്യവും ഇന്ദിരയില്‍ നിന്ന് അവര്‍ പറ്റി. ക്വിറ്റിന്ത്യ സമരത്തെ എന്നതു പോലെ അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തെയും കമ്യൂണിസ്റ്റുകള്‍ ഒറ്റിയെന്ന് കരുതാന്‍ നിരവധി കാരണങ്ങളുണ്ട്, ആര്. ഹരി ചൂണ്ടിക്കാട്ടി.
ജയിലില്‍ കഴിഞ്ഞവര്‍ക്ക് വായിക്കാന്‍ അദ്വാനിയും എ.കെ. ഗോപാലനുമെഴുതിയ പുസ്തകങ്ങളെത്തിച്ചിരുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇന്ന് വീമ്പ് പറയുന്ന ദേശാഭിമാനിയൊക്കെ അന്ന് താളം തുള്ളുകയായിരുന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എ.കെ. ഗോപാലന് നടത്തിയ ഉജ്ജ്വലമായ പ്രസംഗം അച്ചടിക്കാന്‍ പോലും ദേശാഭിമാനി തയാറായില്ല. ആ പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രസിദ്ധീകരിച്ച കുരുക്ഷേത്രത്തിലൂടെയായിരുന്നുവെന്ന് ആര്. ഹരി പറഞ്ഞു.
അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തിന്റെ യഥാര്‍ഥവും സമഗ്രവുമായ ചരിത്രം പുറത്തുവരണം. വിക്ടിംസല്ല സോള്‍ജിയേഴ്സായിരുന്നു സമര ഭടന്മാരെന്ന് എല്ലാവരും അറിയണം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ പ്രയത്നം രേഖപ്പെടുത്തണം. ദേശീയതലത്തില്‍ തന്നെ സമഗ്രമായ ചരിത്രം എഴുതേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: