തിരുനെല്‍വേലി: തമിഴ്നാട്ടിലെ കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ കഴിയുന്ന അരിക്കൊമ്പന് ആരോഗ്യവാനെന്ന് തമിഴ്നാട് വനം വകുപ്പ്. ആന അവശനെന്ന അഭ്യൂഹങ്ങള്‍ക്കിടെ ട്വിറ്റര്‍ വഴി പുതിയ ദൃശ്യങ്ങളും പുറത്തുവിട്ടു. ആന പുല്ലു തിന്നുന്ന വീഡിയോ ആണ് പുറത്തുവിട്ടത്. അരിക്കൊമ്പന്റെ അടുത്ത് ആനക്കൂട്ടവുമുണ്ട്.
അപ്പര്‍ കോതയാറില്‍ തുടരുന്ന ആന ആരോഗ്യവാനാണെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും വനം വകുപ്പ് വ്യക്തമാക്കി. പുതിയ സാഹചര്യവുമായി ആന പൂര്‍ണ്ണമായും ഇണങ്ങിയെന്ന് വനം വകുപ്പ് വിശദീകരിച്ചു. 19ന് ശേഷം ആദ്യമായാണ് അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. ക്ഷീണിച്ചെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച അരിക്കൊമ്പന്റെ ചിത്രം ജൂണ്‍ 10ന് എടുത്തതാണെന്ന് കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ചെമ്പകപ്രിയ അറിയിച്ചു. ആന നില്‍ക്കുന്നതിന് 100 മീറ്റര്‍ അകലെ നിന്നാണ് ആ ദൃശ്യം പകര്‍ത്തിയത്. അതിനാലാണ് മെലിഞ്ഞതായി തോന്നുന്നതെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. അരിക്കൊമ്പന് പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടു. ഒരാഴ്ചയായി സാമൂഹ്യമാധ്യമത്തില്‍ അരിക്കൊമ്പന്റെ ഈ ചിത്രത്തെ ചൊല്ലി വലിയ വിവാദമാണ്. ആന മെലിഞ്ഞുപോയ തരത്തില്‍ പ്രചാരണം എത്തിയതോടെയാണ് തമിഴ്നാട് എന്‍വയോണ്‍മെന്റ് ക്ലൈമറ്റ് ചേയ്ഞ്ച് ആന്‍ഡ് ഫോറസ്റ്റ് ചീഫ് സെക്രട്ടറിയുമായ സുപ്രിയ സാഹു പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ തേനിയില്‍ നിന്ന് പിടികൂടിയ അരിക്കൊമ്പനെ ജൂണ്‍ ആറിനാണ് കളക്കാട് തുറന്നുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: