വർക്കല: അജ്മാനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 11 മത്സ്യത്തൊഴിലാളികളെയാണ് അതിർത്തി ലംഘനം നടത്തി എന്ന പേരിൽ ഇറാൻ കസ്റ്റഡിയിൽ എടുത്തത്. വർക്കല , പരവൂർ , തമിഴ്നാട് സ്വദേശികളായ 10 പേരും ഒരു അജ്മാൻ സ്വദേശിയുമാണ് പിടിയിലായത്.
വർക്കല അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം സ്വദേശി സാജു ജോർജ് (54) മാമ്പള്ളി സ്വദേശി ആരോഗ്യരാജ് (43 ) മാമ്പള്ളി ഓലുവിളാകം സ്വദേശി ഡെന്നിസൺ പൗലോസ് (48) കായിക്കര കുളങ്ങര പടിഞ്ഞാറ്റൻ സ്റ്റാലിൻ വാഷിംഗ്ടൺ (44) പുതുമണൽ പുരയിടത്തിൽ സിക്സൺ എൽ (46) തുടങ്ങിയ വർക്കല സ്വദേശികളുൾപ്പെടെയാണ് ഇറാൻ പോലീസിന്റെ പിടിയിൽ അകപ്പെട്ടത്.
കഴിഞ്ഞ 18 ന് വൈകുന്നേരം ആണ് അജ്മൽ നിന്നും ഇവർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. വള്ളം ഉടമയായ അജ്മൽ സ്വദേശിയും പിടിയിലുണ്ട്. അതിർത്തി ലംഘനത്തിന്റെ പേരിൽ ഇറാൻ പോലീസിന്റെ പിടിയിലായ വിവരം കഴിഞ്ഞ തിങ്കളാഴ്ച തന്നെ നാട്ടിൽ വീട്ടുകാർക്ക് ലഭിച്ചിരുന്നു. ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാനോ അവരെ ബന്ധപ്പെടാനോ വീട്ടുകാർക്ക് സാധിച്ചിരുന്നില്ല. ഇതിനിടെ സംഘത്തിൽ ഉണ്ടായിരുന്ന സാജു ജോർജ് ഞങ്ങൾ ഇറാൻ പോലീസിന്റെ പിടിയിൽ ആണെന്നും ഇവിടെ നിന്നുമുള്ള സർക്കാർ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ മോചനം സാധ്യമാകൂ എന്നും മിനിട്ടുകൾ മാത്രം നീണ്ട ടെലഫോൺ സംഭാഷണത്തിലൂടെ വീട്ടുകാരെ അറിയിച്ചിരുന്നു. അതോടു കൂടി വീട്ടുകാർ പരിഭ്രാന്തരായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് മോചനം ലഭ്യമാക്കണമെന്നാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: