ന്യൂദല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുമ്പോള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 നടപ്പാക്കിയ കോണ്‍ഗ്രസാണ് സ്വേച്ഛാധിപതികള്‍ എന്ന് തിരിച്ചടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
എന്താണ് ആര്‍ട്ടിക്കിള്‍ 356
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി സംസ്ഥാനത്തിന്റെ ഭരണം കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ രാഷ്ട്രപതിക്ക് സാധിക്കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 356. ഭരണഘടനാ സംവിധാനത്തില്‍ തകരാറുണ്ടെന്ന് സ്വമേധയാ ബോധ്യപ്പെടുന്ന അവസരത്തിലോ, സംസ്ഥാനത്തെ ഗവര്‍ണറുടെ റിപ്പോര്ട്ടിന്മേലോ രാഷ്ട്രപതിക്ക് എപ്പോള്‍ വേണമെങ്കിലും സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാം. ആര്‍ട്ടിക്കിള്‍ 356 പ്രകാരം ഒരു സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ആറ് മാസത്തേക്ക് ഏര്‍പ്പെടുത്താനാവും. ഓരോ ആറ് മാസം കൂടുമ്പോഴും പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ ഈ കാലാവധിയില്‍ മാറ്റം വരുത്താനാവും. ഇത്തരത്തില്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ മൂന്ന് വര്‍ഷം വരെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനാവും.
ഫാസിസത്തിന്റെ തല്‍സ്വരൂപമായ അനുച്ഛേദം 356 ദുരുപയോഗം ചെയ്തത് കോണ്‍ഗ്രസാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ 356-ാം വകുപ്പ് 90 തവണ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ ഉപയോഗിച്ചു. ഇന്ദിരാ ഗാന്ധി എന്ന മുന്‍ പ്രധാനമന്ത്രി മാത്രം 50 തവണയാണ് ഈ വകുപ്പ് പ്രയോഗിച്ച് തനിക്കിഷ്ടമില്ലാത്ത വിവിധ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ടത്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരായ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് 356ാം വകുപ്പുപയോഗിച്ച് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരാണ്.
അടിയന്തിരാവസ്ഥക്കാലം
1975 ജൂൺ 25നാണ് അടിയന്തിരാവസ്ഥ നിലവിൽ വന്നത്. ഇതും കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തന്നെയാണ് പ്രഖ്യാപിച്ചത്. രാജ്യം എന്നുവരെ കണ്ടതിൽ വെച്ചേറ്റവും വലിയ ഭരണകൂട അടിച്ചമർത്തലാണ് പിന്നീടുള്ള രണ്ടുവർഷക്കാലയളവിൽ നാം കണ്ടത്. കവികളെ, രാഷ്ട്രീയക്കാരെ, കോണ്‍ഗ്രസ് സര്‍ക്കാരിന് വിരുദ്ധമായ അഭിപ്രായം പറയുന്നവരെ എല്ലാം ഇന്ദിരാ സര്‍ക്കാര്‍ അടിച്ചമര്‍ത്തി.
356ാം വകുപ്പ് രാഷ്ട്രീയാധികാരമായി കൂടുതലും ഉപയോഗിച്ചത് കോണ്‍ഗ്രസ്
1959 വരെയുള്ള കാലഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാര്‍ ആറ് തവണയാണ് ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ചിട്ടുള്ളത്. 1959ല്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടാനുപയോഗിച്ചതും ഇതേ ആര്‍ട്ടിക്കിള്‍ ആണ്. 1960ല്‍ 11 തവണയാണ് ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ചത്. 1966ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നതോടെ 1967നും 1969നും ഇടയില്‍ ഏഴ് തവണയാണ് ആര്‍ട്ടിക്കിള്‍ 356 പ്രയോഗിച്ച് വിവിധ സംസ്ഥാനസര്‍ക്കാരുകളെ പിരിച്ചുവിട്ടു. 1970നും 1974നും ഇടയില്‍ 19 തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആര്‍ട്ടിക്കിള്‍ 356 പ്രയോഗിച്ചു.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം അധികാരത്തില്‍ വന്ന ജനതാ പാര്‍ട്ടി സര്‍ക്കാര്‍ 9 കോണ്‍ഗ്രസ് സര്‍ക്കാരുകളെ പിരിച്ചുവിടാനും ഇതേ ആര്‍ട്ടിക്കിള്‍ ഉപയോഗിച്ചു. 1980കളില്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നതോടെ 9 സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. 1992-1993ല്‍ യുപിയിലെ കല്യാണ സിംഗിന്റെ സര്‍ക്കാരിനെ പിരിച്ചുവിട്ടു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ മൂന്ന് ബിജെപി സംസ്ഥാന സര്‍ക്കാരുകളെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായ നരസിംഹറാവു പിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: