കോണ്‍ക്രീറ്റ് വീടുകള്‍ക്ക് മുന്‍വശത്തെ പ്രധാന വാതിലിന്, നേരേ ഗേറ്റ് വരുന്നത് ദോഷമാണോ?
പ്രധാന വാതിലിനുനേരേ ഗേറ്റ് വരുന്നത് ദോഷം തന്നെയാണ്. പണ്ടത്തെ ആരൂഢ കണക്കിലുള്ള വീടുകള്‍ക്ക് നേര്‍നേര്‍ വാതിലും ഗേറ്റും കൊടുക്കുമായിരുന്നു. ഇപ്പോഴത്തെ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് നേര്‍വാതിലും ഗേറ്റും കൊടുത്താല്‍ സമ്പത്തിനെ സാരമായി ബാധിക്കും. കൂടാതെ പുറത്തു നിന്നു വരുന്ന ഊര്‍ജപ്രവാഹം വീടിനകത്ത് തങ്ങി നില്ക്കാതെ പുറത്തേക്ക് പോകുന്നതിന് ഇടയാകും.
തെക്കോട്ട് പ്രധാനവാതില്‍ കൊടുത്തു പണിയുന്നത് തെറ്റാണോ?
പലരും തെക്കു ദര്‍ശനം ഭയപ്പെടുന്നുണ്ട്. തെക്കിനെ യമദിക്കായിട്ടാണ് പറയപ്പെടുന്നത്. തെക്ക് ദര്‍ശനമുള്ള വീടിന് പ്രധാന വാതില്‍ കൊടുക്കുമ്പോള്‍ അതിന്റെ ഉച്ചസ്ഥാനത്തു തന്നെയായിരിക്കണം കൊടുക്കേണ്ടത്. തെക്ക് ദര്‍ശനം ഒരിക്കലും ഭയപ്പെടേണ്ട കാര്യമേയല്ല. ധാരാളം ഭാഗ്യങ്ങള്‍ കൊണ്ടു വരുന്ന ദിക്കാണ് തെക്ക്. ദക്ഷിണധ്രുവത്തില്‍ നിന്നു വരുന്ന കാന്തികവലയം ഏറ്റവും കൂടുതല്‍ കിട്ടുന്ന ഭാഗമാണ്. വിധിപ്രകാരം തെക്ക് ദര്‍ശനമായി വീട് പണികഴിപ്പിച്ചാല്‍ എല്ലാ സൗഭാഗ്യവും ഉണ്ടാകും. പണ്ടു കാലത്തെ നാലുകെട്ട്, എട്ടുകെട്ട് ഇവയുടെ പൂമുഖം, തെക്കോട്ട് തന്നെയായിരുന്നു.
വാസ്തുശാസ്ത്രപരമായി പണികഴിപ്പിച്ച വീടിനകത്ത് ഫര്‍ണിച്ചറുകള്‍ ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
വീടിന്റെ പ്രധാനവാതില്‍ മറയത്തക്ക വിധം സോഫയോ മറ്റു ഫര്‍ണിച്ചറുകളോ ഇടരുത്. ഭാരമുള്ള ഫര്‍ണിച്ചറുകള്‍ എല്ലാം തന്നെ ഹാളിന്റെ തെക്കുഭാഗത്ത് ക്രമീകരിക്കുക. വീടിന്റെ മധ്യഭാഗം ഒഴിച്ചിടുക. ബെഡ്‌റൂമില്‍ കട്ടില്‍ ഇടുമ്പോള്‍ ഒന്നുകില്‍ കിഴക്കോട്ടോ അല്ലെങ്കില്‍ തെക്കോട്ടോ തലവച്ച് കിടക്കണം. വീട്ടിലെ അലമാരകള്‍ എല്ലാം തന്നെ വടക്കോട്ടു നോക്കി വയ്‌ക്കുന്നതാണ് ഉത്തമം.
ഇരുനില വീടുപണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
രണ്ടുനില ഒരുമിച്ച് ഒരു കുടുംബമാണ് കഴിയുന്നതെങ്കില്‍ അടുക്കളയും ഡൈനിങ്ഹാളും പൂജാമുറിയും താഴത്തെ നിലയില്‍ വരാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവര്‍ക്ക് കിടക്കാന്‍ താഴത്തെ നിലയില്‍ വടക്കു കിഴക്കു ഭാഗത്ത് മുറി ക്രമീകരിക്കുന്നത് നല്ലതാണ്. രണ്ടാമത്തെ നില പണിയുമ്പോള്‍ വടക്ക് കിഴക്ക് ഭാഗം ബാല്‍ക്കണിയായിട്ട് വരുന്നത് നല്ലതാണ്. തെക്ക് പടിഞ്ഞാറു ഭാഗമായ കന്നിമൂലയില്‍ മുറി ഉണ്ടായിരിക്കണം. ആ ഭാഗം ഒഴിച്ചിടുകയോ, ബാല്‍ക്കണിയായി മാറ്റുകയോ അരുത്. സ്റ്റെയര്‍ കെയ്‌സിന്റെ ടവര്‍ തെക്കുഭാഗത്ത് വരുന്നത് നല്ലതാണ്.
വീട് പണിയുമ്പോള്‍ ഏതെല്ലാം ദിക്കാണ് കൂടുതല്‍ മുറ്റമായി ഉപയോഗിക്കേണ്ടത്?
വീട് പണികഴിപ്പിച്ച് ചുറ്റുമതില്‍ കെട്ടിയാല്‍ മാത്രമേ അതൊരു വാസ്തു മണ്ഡലം ആകുകയുള്ളൂ. മതില്‍ കെട്ടുമ്പോള്‍ വടക്കു ഭാഗവും കിഴക്കു ഭാഗവും കൂടുതല്‍ സ്ഥലം ഇടണം. തെക്കും പടിഞ്ഞാറും കുറച്ച് സ്ഥലം ഇട്ടാല്‍ മതിയാകും. ചുറ്റുമതിലിന് നാലുവശത്തും ഗേറ്റ് കൊടുക്കുന്നത് നല്ലതല്ല. ഒരു വീടിന് രണ്ടു ഗേറ്റുകള്‍ വരാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക