ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്കറിയ അപ്പീല്‍ പോകാനിരിക്കെ, സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്ത് പ്രിയ വര്‍ഗ്ഗീസ്. നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികളിൽ തന്റെ വാദവും കൂടി കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് പ്രിയ വർഗീസ് തടസ്സ ഹർജിയിൽ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഡോ. ജോസഫ് സ്‌കറിയ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കുമെന്നിരിക്കെയാണ് തടസ്സവാദവുമായി പ്രിയ വര്‍ഗ്ഗീസ് സുപീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സ്വജനപക്ഷപാതം ആരോപിച്ചും വേണ്ടത്ര യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി 2022 ആഗസ്ത് 17നാണ് പ്രിയ വർഗീസിന്റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു. നേരത്തെ പ്രിയ വര്‍ഗ്ഗീസ് എന്തുകൊണ്ടാണ് അസോസിയേറ്റ് പ്രൊഫസര്‍ പദവിയ്‌ക്ക് അനര്‍ഹയെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി വിശദമായ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണര്‍ പ്രിയയുടെ നിയമനം മരവിപ്പിച്ചത്. നിയമനത്തിനായുള്ള റിസര്‍ച് സ്‌കോര്‍ പ്രിയ വര്‍ഗീസിന്‍റേത് 156 ഉം, രണ്ടാം സ്ഥാനത്തുള്ള ജോസഫ് സ്‌കറിയയ്‌ക്ക് 651 പോയിന്‍റുമായിരുന്നു. തുടര്‍ന്ന് അഭിമുഖത്തിന് ശേഷം പ്രിയ ഒന്നാമതായി എത്തിയെന്നതാണ് വിവാദമായത്. അഭിമുഖത്തില്‍ ലഭിച്ച മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കിയതും വിവാദമായിരുന്നു.ഇതെല്ലാം വിവാരാവകാശ രേഖകള്‍ വഴി പുറത്തുവന്നു. അതിനു പിന്നാലെയാണ് പ്രിയയുടെ നിയമന ഉത്തരവ് സംസ്ഥാന ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്. കണ്ണൂർ വി സി, ഇന്‍റർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർക്ക് കാരണംകാണിക്കൽ നോട്ടിസ് അയയ്‌ക്കാനും ഗവർണർ ഉത്തരവിട്ടിരുന്നു.സര്‍വ്വകലാശാലകളില്‍ നിയമനങ്ങളില്‍ മെറിറ്റ് നിലനിര്‍ത്തപ്പെടുന്നുണ്ടോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കുന്ന സംഘടനയാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി.
ഇതിനു പിന്നാലെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയിൽ ഹർജി നൽകിയത് ഗവർണറുടെ ഉത്തരവിന് ശേഷമാണ്. ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയിൽ നല്‍കിയ ഹർജിയില്‍ പ്രിയയ്‌ക്ക് നിശ്ചിത യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കണമെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചത്. യുജിസി മാനദണ്ഡപ്രകാരം മതിയായ അധ്യാപന യോഗ്യതയില്ലെന്നും ഗവേഷണകാലം അധ്യാപന പരിചയമായി കാണാനാവില്ലെന്നുമായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് വിധിച്ചത്. എന്നാൽ ഈ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനെതിരെ ഡോ. ജോസഫ് സ്കറിയ സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് പ്രിയ വര്‍ഗ്ഗീസ് തടസ്സഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: