ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് വിവാദക്കേസിൽ നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പോലീസ് കണ്ടെടുത്തു. കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റുകളാണ് കണ്ടെടുത്തത്. നിഖിലിന്റെ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നത്. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഓറിയോൺ എന്ന സ്ഥാപനത്തിൽ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.
നിഖിലിന്റെ കായംകുളം മാര്‍ക്കറ്റിനു സമീപത്തെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബികോം (ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്) എന്നു രേഖപ്പെടുത്തിയ ബിരുദ സര്‍ട്ടിഫിക്കറ്റിനൊപ്പം മൂന്നു വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, മൈഗ്രേഷന്‍ സര്‍ട്ടഫിക്കറ്റ് തുടങ്ങിയവയുമുണ്ടായിരുന്നു. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്നാണ് മാര്‍ക്ക് ലിസ്റ്റ്.
നിഖിലിന്റെ മുറിയിലെ അലമാരയിലായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍. പെട്ടെന്ന് ഒളിവില്‍ പോകേണ്ടി വന്നതിനാല്‍ ഇത് ഒളിപ്പിക്കാനായില്ല. നിഖിലിന്റെ അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചു. കോട്ടയം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് നിഖിലിനെ പോലീസ് പിടികൂടിയത്. വ്യാജ സര്‍ട്ടിഫിക്കറ്റ് റെഡിയാക്കി തന്നതിന് മുന്‍ എസ്എഫ് ഐ നേതാവ് അബിന്‍ സി. രാജുവിന് രണ്ടു ലക്ഷം രൂപയും നല്‍കിയതായി നിഖില്‍ മൊഴി നല്‍കിയിരുന്നു. അബിന്റെ അമ്മയുടെ അക്കൗണ്ട് വഴിയായിരുന്നു പണം കൈമാറിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അതേസമയം, നിഖിലിന്റെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായില്ല. ഒളിവില്‍ കഴിഞ്ഞപ്പോള്‍ കൈയിലെ പണം മുഴുവന്‍ തീര്‍ന്നെന്നും മൊബൈല്‍ ഫോണ്‍ ഓടയില്‍ എറിഞ്ഞെന്നുമാണ് നിഖില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: