ചെന്നൈ: ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് കിരീട നേട്ടത്തിന് ഇന്ന് നാല്പതാണ്ട്. 1983 ജൂണ്‍ 25-നാണ് ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടനില്‍ ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആവേശകരമായ ഫൈനലില്‍ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയത്.
ഇന്ത്യയുടെ വിജയം 43 റണ്‍സിനാണ്.ഇന്ത്യ ലോകകപ്പ് നേടുമെന്ന് ആരും കരുതാത്ത കാലത്താണ് ഈ നേട്ടമുണ്ടാക്കിയത്.ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഓപ്പണിംഗ് ബാറ്റ്സ്മാന്മാരായ സുനില്‍ ഗവാസ്കറും കൃഷ്ണമാചാരി ശ്രീകാന്തും മികച്ച തുടക്കം നല്കി. എന്നാല്‍ രണ്ട് ബാറ്റ്സ്മാന്മാര്ക്കും കൂടുതല്‍ നേരം ക്രീസില്‍ തുടരാനായില്ല. ഇന്ത്യ 2 വിക്കറ്റിന് 59 എന്ന നിലയില്‍.
ക്യാപ്റ്റന്‍ കപില്‍ ദേവ് 15 റണ്‍സ് നേടി. വാലറ്റക്കാരും കുറച്ച് റണ്‍സ് നേടിയതാണ് ഇന്ത്യക്ക് കരുത്തായത്. സന്ദീപ് പാട്ടില്‍ 27 റണ്‍സും മദന്‍ലാല്‍ 17 റണ്‍സും നേടി. ബാറ്റിംഗിലും ബൗളിംഗിലും നിര്‍ണായക പങ്കുവഹിച്ച മൊഹീന്ദര്‍ അമര്‍നാഥാണ് 26 റണ്‍സും 3 വിക്കറ്റും വീഴ്ത്തി മാന്‍ ഓഫ് ദി മാച്ചായത്.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായെങ്കിലും 54.4 ഓവറില്‍ 183 റണ്‍സാണ് ഇന്ത്യ നേടിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തി ആന്‍ഡി റോബര്‍ട്ട്സും രണ്ട് വിക്കറ്റ് വീതം നേടി മാല്‍ക്കം മാര്‍ഷലും മൈക്കല്‍ ഹോള്‍ഡിംഗും ലാരി ഗോംസും വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി മികച്ച ബൗളിംഗ് കാഴ്ച വച്ചു.
മറുപടി ബാറ്റിംഗില്‍ ഗോര്‍ഡന്‍ ഗ്രീനജിനെ ബല്‍വീന്ദര്‍ സന്ധു നേരത്തേ പുറത്താക്കിയെങ്കിലും ഡസ്മണ്ട് ഹെയിന്‍സും വിവ് റിച്ചാര്‍ഡ്സും ബാറ്റ് വീശിയതോടെ വിന്‍ഡീസ് 50 കടന്നു. എന്നാല്‍ മദന്‍ലാല്‍ ഇരുവരെയും പുറത്താക്കിയതോടെ മൂന്ന് വിക്കറ്റിന് 57 റണ്‍സ് എന്ന നിലയിലായി.പിന്നാലെ ഗോംസും മദന്‍ലാലിന് മുന്നില്‍ വീണു.
ക്യാപ്റ്റന്‍ ക്ലൈവ് ലോയിഡിനെ കപില്‍ ദേവ് ക്യാച്ചിലൂടെ പുറത്താക്കിയതോടെ സ്കോര്‍ 66ന് 5 വിക്കറ്റ് എന്ന നിലയിലായി.ജെഫ് ഡുജോണും മാല്‍കം മാര്‍ഷനും തുടര്‍ന്ന് 43 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും അമര്‍നാഥ് പുറത്താക്കി. അപ്പോള്‍ സ്കോര്‍ 119. കപില്‍ ദേവ് ആന്‍ഡി റോബര്ട്ട്സിനെയും മൈക്കല്‍ ഹോള്‍ഡിംഗിനെ അമര്‍നാഥും വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കിരീടം ഇന്ത്യക്ക് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: