തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപത്തെ സർക്കാർ ഭൂമി വ്യാപാര മുതലാളിമാർക്ക് തീറെഴുതാൻ നീക്കം. ഇതിനു പിന്നാലെ ഭൂമി തട്ടിയെടുക്കാൻ സിഐടിയു കൊടികുത്തി. ഗണപതി ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മൂന്ന് സെന്റ് ഭൂമിയാണ് സമീപത്തെ വ്യാപാര മുതലാളിമാർക്ക് തീറെഴുതാൻ അണിയറയിൽ നീക്കം നടത്തുന്നത്. ഇവർ നടത്തിയിരുന്ന കച്ചവട സ്ഥാപനങ്ങൾ തീപിടുത്തത്തിൽ കത്തി നശിച്ചതിനാൽ കെട്ടിട നിർമാണത്തിന് ഭൂമി കൊടുക്കുന്നു എന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. സ്ഥലം വിട്ടുനൽകും കെട്ടിടം നിർമിച്ച് സ്ഥാപനം തുടങ്ങാം എന്ന വ്യവസ്ഥയിൽ കരാർ ഉറപ്പിക്കാനാണ് റവന്യൂ വകുപ്പിന്റെ നീക്കം. എന്നാൽ കത്തിയ സ്ഥാപനങ്ങൾ പണി ചെയ്ത് വീണ്ടും വ്യാപാരങ്ങൾ തുടങ്ങിക്കഴിഞ്ഞു.
വലിയ അട്ടിമറിയാണ് പ്രദേശത്തെ എംഎൽഎകൂടിയായ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടക്കുന്നത്. സ്ഥല പരിമിതിയിൽ വീർപ്പ് മുട്ടുന്ന പ്രസിദ്ധമായ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് ഈ വസ്തു നൽകാൻ ക്ഷേത്രത്തിന്റെ ഭരണാധികാരിയായ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും സർക്കാരിന് പലതവണ കത്ത് നൽകി. സർക്കാർ നിശ്ചയിക്കുന്ന വിലയും നൽകാമെന്ന് സൈനിക കേന്ദ്രം അറിയിച്ചു. ഇതിലേയ്‌ക്കായി നിരവധി തവണ സർക്കാരിനെ സമീപിക്കുകയും ചെയ്തു. എന്നിട്ടും മറുപടി നൽകാതെയാണ് ഭൂമി മറ്റുള്ളവർക്ക് നൽകാനുള്ള നീക്കം തുടങ്ങിയത്. ഇവിടെ നിർമിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ മത്സ്യ മാംസാദികൾ വരെ വിൽക്കുന്ന കേന്ദ്രമായി ഭാവിയിൽ മാറും. ഇതിലേയ്‌ക്കുള്ള ഗൂഢ നീക്കമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും നടത്തുന്നത്.
ഇതിനിടെ സിഐടിയു ഭൂമിയിൽ കൊടിനാട്ടി. വ്യാപാര സ്ഥാപനങ്ങൾ നിർമിക്കുമ്പോൾ തങ്ങൾക്ക് സൗജന്യമായി കടമുറികൾ ലഭിക്കുന്നതിനു വേണ്ടിയാണിത്. വസ്തുവിനു മുന്നിലാണ് തേങ്ങയുടെ വ്യാപാരം നടത്തുന്നത്. ഒരു വട്ടിപ്പലിശക്കാരനാണ് വ്യാപാരം നിയന്ത്രിക്കുന്നത്. ഇയാൾക്ക് സിഐടിയുവുമായി അടുത്ത ബന്ധമുണ്ട്. തേങ്ങാകച്ചവടം നിയന്ത്രിക്കുന്നതിനുവേണ്ടി കടമുറി ലഭിക്കുന്നതിനാണ് മുൻകൂറായി കൊടികുത്തിയത്.
ഭൂമി ഗണപതിക്ഷേത്രത്തിനു വിട്ടു നൽകണമെന്ന് ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഹിന്ദു ഐക്യവേദി സർക്കാരിന് നിവേദനം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: