ഷൊർണൂർ: കാസർകോഡ് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ കയറിയ യുവാവ് മണിക്കൂറുകളോളം വാതിൽ തുറക്കാൻ കൂട്ടാക്കാതെ യാത്രക്കാരെയും റെയിൽവെ ജീവനക്കാരെയും മറ്റും ആശങ്കയിലാക്കി.
മഹാരാഷ്ട്ര ഛത്രപതി സ്വദേശി എന്ന് പറയുന്ന ചരൺ നാരായണൻ (26) ആണ് വന്ദേ ഭാരത് ട്രെയിനിൽ “ശുചി മുറി നാടകം ” നടത്തിയത്. ടിക്കറ്റെടുക്കാതെ കാസർഗോഡ് സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഓടികയറിയ യുവാവ് പിന്നീട് ശുചി മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇയാൾ ടോയ്ലറ്റിൽ നിന്ന് പുറത്തിറങ്ങാതിരുന്നത് ശ്രദ്ധിച്ച യാത്രക്കാർ റെയിൽവെ ജീവനക്കാരെ വിവരം അറിയിച്ചു. അകത്ത് നിന്ന് പൂട്ടിയ ഡോറിന്റെ ലോക്ക് തുറക്കാനാവാതെ യുവാവ് കുടുങ്ങി എന്നാണ് ആദ്യം ധരിച്ചത്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഇയാൾ ആത്മഹത്യ ചെയ്തിരിക്കുമോ എന്ന നിലയിലേക്ക് ആശങ്ക വളർന്നു. യാത്രക്കാരും ട്രെയിനിലെ ജീവനക്കാരും ആർ.പി.എഫ് – ആർ.പി ഉദ്യോഗസ്ഥരും അനുനയത്തിൽ ഇടപെട്ടിട്ടും ഇയാൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. ഡോർ ഉള്ളിൽ നിന്ന് പൂട്ടിയതിന് പുറമെ ഇയാൾ കയറിട്ട് കെട്ടുകയും ചെയ്തു.
ഇയാളെ പുറത്തിറക്കാൻ കണ്ണൂർ, കോഴിക്കോട് റെയിൽവെ സ്റ്റേഷനുകളിൽ നടത്തിയ ശ്രമം വിജയിച്ചില്ല. ഒടുവിൽ വന്ദേ ഭാരത് വൈകീട്ട് 5.25 ന് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ കാത്തു നിന്ന റെയിൽവെ സംരക്ഷണസേന, റെയിൽവെ പൊലീസ്, റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് ശുചിമുറിയുടെ വാതിൽ കുത്തി പൊളിച്ച് യുവാവിനെ പുറത്തിറക്കി. ശുചി മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയതിന് പുറമെ കയർ കൊണ്ട് മുറുക്കി കെട്ടുകയും ചെയ്തിരുന്നു. ഇതോടെ സെൻസർ ഉപയോഗിച്ച് ഡോർ തുറക്കാനുളള ആദ്യ ശ്രമം നടന്നില്ല.
പതിനഞ്ച് മിനിറ്റ് നേരത്തോളം വന്ദേ ഭാരത് ഇതിനായി ഇവിടെ നിർത്തിയിടേണ്ടി വന്നു. വൻ പൊലീസ് സംഘം ചേർന്ന് പുറത്തിറക്കിയ യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത ഇയാളുടെ കൈവശം യാത്രാബാഗോ ലഗേജോ ഇല്ലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വ്യക്തത വരുത്തുമെന്ന് ആർ.പി.എഫ്. അസി.കമാൻഡൻ്റ് ഷാജു പ്രഭാകർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: