കോട്ടയം : കോട്ടയം തിരുവാര്‍പ്പില്‍ സ്വകാര്യ ബസിന് മുന്നില്‍ സിഐടിയു കൊടി കുത്തിയ സംഭവത്തില്‍ ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മര്‍ദ്ദനം. പോലീസുകാര്‍ നോക്കി നില്‍ക്കേയാണ് ബസുടമയായ രാജ്മോഹന്‍ സിഐടിയു നേതാവിന്റെ മര്‍ദ്ദനമേല്‍ക്കുന്നത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. ബസില്‍ നിന്നും സിഐടിയുവിന്റെ കൊടി അഴിച്ചുമാറ്റുന്നതിനിടെ രാജ്മോഹനെ സിഐടിയു നേതാവ് മര്‍ദ്ദിക്കുകയായിരുന്നു. കൊടി അഴിച്ചാല്‍ വീട്ടില്‍ കയറി തല്ലുമെന്നും നേതാക്കള്‍ ഭീഷണിപ്പെടുത്തി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാര്‍പ്പ് പഞ്ചായത്ത് അംഗവുമായ കെ.ആര്. അജയാണ് മര്‍ദ്ദിച്ചത്. പോലീസിന്റെ സാന്നിധ്യത്തിലാണ് ഇത്തരത്തില്‍ കോടതി ഉത്തരവിന്റെ ലംഘനം ഉണ്ടായിരിക്കുന്നത്.
കര്‍ഷകര്‍ക്ക് വേണ്ടി താന്‍ നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് ബസ് സര്‍വീസ് നടത്താന്‍ ജീവനക്കാരാരും വന്നില്ല. തന്നെ തല്ലാന്‍ തയ്യാറാകുന്നവര്‍ ജീവനക്കാരെ കൊല്ലാന്‍ വരെ ശ്രമിക്കും. ഇതാണോ വ്യവസായ കേരളം, ഇങ്ങനെയാണോ നമ്പര്‍ വണ്‍ കേരളമെന്ന് പറയേണ്ടത്.
പോലീസുകാരോട് ചോദിച്ച ശേഷമാണ് താന്‍ കൊടി അഴിക്കാന്‍ പോയത്. തന്നെ പോലീസുകാര്‍ നോക്കിനില്‍ക്കെയാണ് ആക്രമിച്ചത്. ഇത് കോടതിയലക്ഷ്യമാണ്. അതിനാല്‍ നിയമപരമായി തന്നെ മുന്നോട്ട് പോകും. നാളെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. കോടതി ഞങ്ങള്‍ക്ക് പുല്ലാണെന്നാണ് അവര്‍ പറഞ്ഞത്. ഗുണ്ടകളാണ് ആക്രമണത്തിന് പിന്നില്‍. ജീവനക്കാര്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കുമരകം പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് ബസുടമ പ്രതിഷേധം ആരംഭിച്ചതോടെ സിപിഎം നേതാവ് അജയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. കോടതിയലക്ഷ്യ നടപടിയാണ് സിഐടിയു നേതാക്കള്‍ നടത്തിയത്. അധികാര ദുര്‍വിനിയോഗമാണെന്നും അധികാരമുള്ളത് കൊണ്ട് എന്തും ചെയ്യാമെന്ന തോന്നലാണ് സിഐടിയു നേതാക്കള്‍ക്കുള്ളതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: