അനൂപ് ഒ.ആര്‍
ഇഷ്ടദേവനായ ഗണപതി ഭഗവാന്റെ നില്‍ക്കുന്ന രൂപത്തിലുള്ള കേരളത്തിലെ തന്നെ ഏറ്റവും വലിയ ശില്‍പ്പം ഭംഗിയൊട്ടും ചോരാതെ നിര്‍മിക്കാനായതിന്റെ സന്തോഷത്തിലാണ് ശില്‍പ്പി മാഞ്ഞൂര്‍ സൗത്ത് കാളാശേരില്‍ ദിനീഷ് കെ. പുരുഷോത്തമന്‍.
ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്ക് സമീപം പുതുക്കുളം മന വക നാഗരാജ ക്ഷേത്രത്തിലാണ് 27.5 അടി ഉയരമുള്ള ബാലഗപതി ഭഗവാന്റെ ചതുര്‍ബാഹുശില്‍പ്പം നിര്‍മിച്ചിരിക്കുന്നത്. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് ശില്‍പം നാടിന് സമര്‍പ്പിച്ചത്.
സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ശില്‍പ്പം കാണാനും, ഒപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്താനുമായി ഭക്തജനങ്ങളടക്കം നിരവധി പേരാണ് ഇപ്പോള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഒരു വര്‍ഷമെടുത്താണ് ക്ഷേത്രകവാടത്തിലെ വാസുകി പ്രതിമയ്‌ക്ക് അഭിമുഖമായി ഗണപതി ശില്‍പ്പം പൂര്‍ത്തിയാക്കിയത്.
നിരവധി പ്രത്യേകതകളുള്ള ശില്‍പത്തിന്റെ തറയുടെ ഉയരം ഏകദേശം രണ്ടരയടിയാണ്. വാഹനമായ എലിയോടൊപ്പമുള്ള ശില്‍പ്പത്തിന്റെ മാത്രം ഉയരം 25 അടി വരും. ബാലഗണപതിയുടെ നാല് കൈകളില്‍ പിന്നിലെ വലതുവശത്തെ കൈയില്‍ മഴുവും ഇടതുവശത്തെ കൈയില്‍ ശംഖുമാണുള്ളത്. മുന്നിലെ വലത് കൈ അഭയഹസ്ത മാതൃകയില്‍ നിര്‍മിച്ചപ്പോള്‍ ഇടത് കൈയില്‍ മോദകമാണുള്ളത്.
വിഷ്ണു നമ്പൂതിരിയുടെ അഭിലാഷം
ക്ഷേത്ര ട്രസ്റ്റിയായ പുതുക്കുളം മനയിലെ വിഷ്ണു നമ്പൂതിരിയുടെ (ചെയര്‍മാന്‍, ബ്രാഹ്മിണ്‍സ് ഫുഡ് പ്രൊഡക്ടസ്) അഭിലാഷ പ്രകാരമായിരുന്നു നിര്‍മാണം. 21 വയസ് മുതല്‍ 3 പതിറ്റാണ്ടോളം മനയില്‍ ഗണപതി പൂജ നടത്തിയിരുന്ന അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതോടെ പൂജ മുടങ്ങി. ഇതിനു ശേഷമാണ് ക്ഷേത്രത്തില്‍ ഇത്തരത്തിലൊരു ഗണപതി വിഗ്രഹം നിര്‍മിച്ച് നല്‍കണമെന്ന ആഗ്രഹം ഉണ്ടായത്. പിന്നാലെ ദിനീഷിനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ആറ് വര്‍ഷം മുമ്പ് ഇവിടെ തന്നെ 25 അടി ഉയരമുള്ള വാസുകിയുടെ ശില്‍പ്പം നിര്‍മിച്ചതും ദിനീഷായിരുന്നു. അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന അന്തരിച്ച ഡോ. മേജര്‍ ആര്‍. ലാല്‍കൃഷ്ണയാണ് ദിനീഷിനെ ക്ഷേത്രത്തിന് പരിചയപ്പെടുത്തുന്നത്. പിന്നാലെ വിഷ്ണു നമ്പൂതിരിയുടെ മകനായ ശ്രീനാഥ് വിഷ്ണു ബന്ധപ്പെട്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു.
ഒരുവര്‍ഷമെടുത്ത നിര്‍മാണം
ഗണേശ ശില്‍പ്പം അളവിന് അനുസരിച്ച് രൂപകല്‍പന ചെയ്ത് കമ്പിയും ഇരുമ്പ് നെറ്റും വച്ച് കോണ്‍ക്രീറ്റ് ചെയ്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തോളം രാപകല്‍ ജോലിയെടുത്താണ് ശില്‍പ്പ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. 20 ലക്ഷം രൂപയാണ് ആകെ നിര്‍മാണ ചെലവ്. ആദ്യഘട്ടത്തില്‍ പില്ലറ്റുകളും കോണ്‍ക്രീറ്റ് ബീമുകളും സ്ഥാപിച്ച് പ്രാഥമിക രൂപം ഉണ്ടാക്കിയെടുത്തു.
പിന്നീട് ഘട്ടം ഘട്ടമായാണ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. തരി തീരെ ഇല്ലാത്ത മണല്‍ ഉപയോഗിച്ചാണ് പിന്നീടുള്ള നിര്‍മാണങ്ങള്‍ നടത്തിയത്. ദിവസങ്ങളെടുത്താണ് ഓരോ ചെറിയ ഭാഗവും പുര്‍ത്തിയാക്കിയത്. അവസാന ഘട്ടത്തിലാണ് ആഭരണങ്ങള്‍ നിര്‍മ്മിച്ചത്. പിന്നീട് വെള്ളച്ചായം പൂശി മിനുക്കുപണികള്‍ നടത്തി. അവസാനഘട്ടത്തിലാണ് സുവര്‍ണ്ണ നിറം നല്‍കിയത്. ബിജു പള്ളിക്കത്തോട്, ജിഷ്ണു കുടമാളൂര്‍ എന്നിവര്‍ സഹായവുമായി നിര്‍മാണത്തിനൊപ്പമുണ്ടായിരുന്നു. ജോഷി വിളംബരം, ദാസ് അഞ്ചല്‍ എന്നിവര്‍ പ്രധാനജോലികളില്‍ പങ്കാളികളായി.
സ്വയം ആര്‍ജ്ജിച്ച കഴിവ്
ശില്‍പ നിര്‍മാണം പഠിച്ചിട്ടില്ലാത്ത ദിനീഷ് സ്വയം ആര്‍ജ്ജിച്ച കഴിവിലൂടെയാണ് ഈ രംഗത്തേക്ക് എത്തിയത്. 2005 മുതല്‍ ഈ മേഖലയില്‍ സജീവമായുണ്ട്. പഞ്ചാബിലെ പള്ളിയിലേക്ക് ശില്‍പ്പം നിര്‍മിച്ചാണ് തുടക്കം. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ബിരുദം നേടിയുണ്ട്. അടിസ്ഥാനമായി പഠിച്ച അറിവുകള്‍ ഉപയോഗിച്ച് ത്രിമാനരൂപമുണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നതെന്നും, ഇതിനായി പ്രത്യേകം പരിശീലനം നേടിയിട്ടില്ലെന്നും ദിനേഷ് പറയുന്നു. കോണ്‍ക്രീറ്റിന് പുറമെ ഫൈബര്‍, പ്ലാസ്റ്റര്‍ ഓഫ് പാരീസ് പോലുള്ളവ ഉപയോഗിച്ച് ക്ഷേത്രങ്ങള്‍, പള്ളികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശില്‍പ്പങ്ങള്‍ നിര്‍മിച്ച് നല്‍കി വരുന്നുണ്ട്.
ഗോശാല കൃഷ്ണന്‍
ദിനീഷ് നിര്‍മിച്ച കൊടകര അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിലെ 25 അടി ഉയരമുള്ള ഗോശാല കൃഷ്ണന്റെ ശില്‍പം ഏറെ പ്രശ്സതമാണ്. വൈക്കം തോട്ടകത്ത് 7.5 അടി ഉയരമുള്ള അയ്യങ്കാളിയുടെ പൂര്‍ണ്ണകായ പ്രതിമ, കാലടിയിലെ സായി ശങ്കരകേന്ദ്രത്തില്‍ 5.5 അടി ഉയരമുള്ള സായിബാബയുടെ പൂര്‍ണ്ണകായ പ്രതിമ എന്നിവയും ദിനീഷിന്റെ കരവിരുതില്‍ പിറന്നതാണ്. സായിബാബയുടെ പൂര്‍ണ്ണ ശില്‍പ്പം മറ്റാരും ഇതുവരെ നിര്‍മിച്ചിട്ടില്ല. വയനാട് കുങ്കിച്ചിറയില്‍ മ്യൂസിയം ആന്റ് സൂ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ കുങ്കിയമ്മ എന്ന ശില്‍പ്പം നിര്‍മിച്ചിട്ടുണ്ട്. കുളത്തിന്റെ മധ്യത്തില്‍ പീഠത്തിലാണ് 10 അടി ഉയരമുള്ള ഈ ശില്‍പം സ്ഥാപിച്ചിരിക്കുന്നത്. ഇതിനൊപ്പം സംസ്ഥാനത്തിനകത്തും പുറത്തുമായി ദൈവങ്ങളുടേയും മഹാന്മാരുടേയുമടക്കം നിരവധി ജീവന്‍തുടിക്കുന്ന ശില്‍പ്പങ്ങള്‍ ദിനീഷിന്റേതായി പിറവിയെടുത്തിട്ടുണ്ട്. ഒടിയന്‍ സിനിമയിലെ മോഹന്‍ലാലിന്റെ ഫൈബര്‍ ശില്‍പ്പം രൂപകല്‍പ്പന ചെയ്തതും ദിനീഷാണ്. മള്ളിയൂരിനെക്കുറിച്ച് സതീര്‍ത്ഥ്യന്‍ എന്ന പേരിലും, അയ്യപ്പനെക്കുറിച്ച് ശരണാര്‍ദ്രം എന്ന പേരിലുമായി ഭക്തിഗാനങ്ങളും ദിനീഷ് രചിച്ചിട്ടുണ്ട്.
തികഞ്ഞ ഗണപതി ഭക്തന്‍
മള്ളിയൂരിന് സമീപം താമസിക്കുന്ന ദിനീഷ് ചെറുപ്പം മുതല്‍ ഇവിടുത്തെ ഗണപതി ക്ഷേത്രത്തില്‍ പോകാറുണ്ട്. പുതുക്കുളത്ത് നിന്ന് ഗണപതി വിഗ്രഹം നിര്‍മിക്കണമെന്ന് അറിയിച്ചപ്പോള്‍ ആദ്യം മനസില്‍ വന്നതും, പൂര്‍ത്തിയാക്കാനാകുമെന്ന വിശ്വാസം നല്‍കിയതും ചെറുപ്പം മുതല്‍ തനിക്ക് ഏറെ ധൈര്യം പകര്‍ന്ന ആ വിശ്വാസമാണ്. അതിനൊപ്പം അവിടെ നിന്നുതന്നെ നമ്പൂതിരിയെത്തി വിഗ്രഹം സമര്‍പ്പിച്ചതും നിമിത്തമായാണ് താന്‍ കാണുന്നതെന്നും ദിനീഷ് പറയുന്നു. തപസ്യ കലാസാഹിത്യവേദി ഏറ്റുമാനൂര്‍ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് ദിനീഷ്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ വിവിധ ക്ഷേത്രങ്ങളും പള്ളികളും ശില്‍പ്പനിര്‍മാണത്തിനായി ദിനേഷിനെ ബന്ധപ്പെടുന്നുണ്ട്. അധ്യാപികയായ അനുവാണ് ഭാര്യ. മക്കള്‍: ഭഗവത്, ആഗ്‌നേയ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94973 23328.
പ്രതികരിക്കാൻ ഇവിടെ എഴുതുക: