സുനീഷ് കെ.
ആറുപതിറ്റാണ്ടുകള്ക്കിടയ്ക്ക് നിരവധി ശിഷ്യസമ്പത്തുണ്ട് ടീച്ചര്‍ക്ക്. അഭിമാനകരമായി ഓര്‍ക്കുന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ?
ഒറ്റവാക്കില്‍ പറയാനാവില്ല. കുറച്ചേറെ ശിഷ്യരുണ്ട്. എന്റെ അടുത്തുനിന്ന് പോയതാണ് വിനീത്. നമ്മള് റെക്കമെന്റ് ചെയ്താണ് വിനീത് നഖക്ഷതങ്ങളില്‍ അഭിനയിക്കുന്നത്. മോനിഷയും ആദ്യം ഇവിടെയാണ് പഠിച്ചത്. ജോമോള്‍ കുറെക്കാലം ഇവിടെ പഠിച്ചിട്ടുണ്ട്. വിനീത് എന്നുതന്നെ പേരായ എടുത്തുപറയേണ്ട മറ്റൊരു ശിഷ്യനുണ്ട്. സ്കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തില്‍ പങ്കെടുക്കാമെന്ന് ആദ്യമായി ഉത്തരവുണ്ടായ കൊല്ലം ഈ വിനീതായിരുന്നു മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടുന്നത്. സ്കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ ഓരോ വര്‍ഷവും വിനീത് പഠിപ്പിക്കുന്ന കുട്ടികള്‍ സമ്മാനം നേടുന്നുവെന്നത് സന്തോഷമുളവാക്കുന്ന കാര്യമാണ്. വിനീത് സ്വന്തമായി സ്കൂള്‍ തുടങ്ങി. കഥകളിയടക്കം അവിടെ പഠിപ്പിക്കുന്നുണ്ട്. ഇതൊക്കെ അഭിമാനകരമായ കാര്യങ്ങള്‍തന്നെയാണ്.
ഇന്ന് നമ്മുടെ കൗമാരപ്രതിഭകളുടെ സര്‍ഗ്ഗാത്മകമായ മാറ്റുരയ്ക്കലിന്റെ പ്രധാന വേദിയാണല്ലോ സ്കൂള്‍ യുവജനോത്സവം. ആദ്യകാലത്ത് അത്തരം വേദികളില്‍ ടീച്ചറുടെ സാന്നിധ്യമുണ്ടായിരുന്നുവെങ്കിലും പിന്നീടത് നിര്‍ത്തി. കലോത്സവവേദികളില്‍ നിന്നും മാറിനില്ക്കുവാനുള്ള കാരണമെന്താണ്?
അന്ന് സ്കൂള്‍, ജില്ല, സംസ്ഥാനം എന്നിങ്ങനെയായിരുന്നു മത്സരത്തിന്റെ രീതി. ഇന്നത്തെപ്പോലെ പരാതിയോ പരദൂഷണമോ ഇല്ല. വളരെ ക്ലീനായിരുന്നു കാര്യങ്ങള്‍. രക്ഷിതാക്കളും അതുപോലെതന്നെ. പഠിപ്പിക്കുക, കൊണ്ടുപോകുക. സമ്മാനം കിട്ടിയോ ഇല്ലയോ എന്നത് വിഷയമല്ല. ആര്‍ക്കും ഒരു പരാതിയുമില്ല.
ഇന്ന് നമ്മള് വളരെ വിഷമിച്ച് കഷ്ടപ്പെട്ട് എവിടെനിന്നോ പഠിച്ചെടുത്തുകൊണ്ടുവന്ന ഒരു സംഗതിയില്‍ നമ്മുടേതുകൂടി ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു വര്‍ണ്ണത്തില്‍ എന്തൊക്കെ ചെലുത്താമോ അതൊക്കെ ചെലുത്തി കമ്പോസ് ചെയ്ത് ഓര്‍ക്കസ്ട്ര വച്ച് റിഹേഴ്സല്‍ ചെയ്ത് കൊണ്ടുപോകുമ്പോള്‍ വിലയില്ലാത്ത അവസ്ഥ വരിക, ഗ്രേഡ് തരില്ല ഇങ്ങനെയൊക്കെയായാല്‍ അതിനര്‍ത്ഥം ഞാന്‍ പഠിപ്പിച്ചിട്ട് കാര്യമില്ല എന്നാണ്. രക്ഷിതാക്കള്‍ക്കത് മനസ്സിലാവും. എന്നെ വിട്ടേക്കു, ആരുടെ അടുത്ത് പോയി വേണമെങ്കിലും പഠിച്ചോളൂ എന്ന് ഞാന്‍ പറഞ്ഞു. വിധിനിര്‍ണ്ണയത്തില്‍ നല്ലപോലെ മായം ചേര്‍ന്നുതുടങ്ങി. എങ്ങനെയാണ് അത് വരുന്നതെന്ന് ഇന്നുമെനിക്ക് അറിയില്ല.
നൃത്ത്യാലയ എന്ന ടീച്ചറുടെ സ്വന്തം സ്കൂളിന് 50 വയസ്സ് പിന്നിടുകയാണല്ലോ. ഒരു വ്യക്തി നടത്തുന്ന സ്ഥാപനം എന്ന നിലയില്‍ അമ്പത് വര്‍ഷം ചെറിയൊരു കാലമോ അനുഭവമോ അല്ല. ഈ വേളയില്‍ സ്ഥാപനത്തിന്റെ പിന്നിട്ട കാലത്തെ എങ്ങനെയാണ് ഓര്‍മ്മിച്ചെടുക്കുന്നത്? എന്താണ് തുടര്‍പരിപാടികള്‍?
ചാലപ്പുറം എനിക്ക് ഏറെ ഇഷ്ടപ്പെട്ടൊരു പ്രദേശമാണ്. ടൗണിനടുത്താണെങ്കിലും വലിയ ശബ്ദകോലാഹലങ്ങളൊന്നുമില്ലാത്ത ഒരു സ്ഥലം. ടീച്ചറുടെ അടുത്തുനിന്നേ പഠിക്കൂ എന്ന് നിര്‍ബന്ധബുദ്ധിയുള്ള ഒരുപാട് രക്ഷിതാക്കള്‍ എല്ലാക്കാലത്തും ഇവിടെയുണ്ടായിരുന്നു. ആദ്യകാലത്ത് പഠിപ്പിക്കാന്‍ സ്ഥലമില്ലാതെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഒന്നുരണ്ട് കല്യാണമണ്ഡപങ്ങള്‍, ചില വീടുകളിലെ കാര്‍ഷെഡുകള്‍ എന്നിവിടങ്ങളിലൊക്കെ പഠിപ്പിച്ചിട്ടുണ്ട്. പിന്നീട് പ്രശസ്ത ഗൈനക്കോളജിസ്റ്റായ സുമതി മേനോന് അവരുടെ ചാലപ്പുറത്തുള്ള ക്ലിനിക്കിന്റെ ഒരു ഭാഗം ഒഴിവാക്കി പഠിപ്പിക്കാനുള്ള സൗകര്യമൊരുക്കി. വര്‍ഷങ്ങളോളം ഇവിടെ പഠിപ്പിച്ചിട്ടുണ്ട്. പിന്നീട് സ്വന്തമായി ഒരു സ്കൂള്‍ എന്ന ചിന്ത വന്നപ്പോള്‍ ഇവിടെ ചാലപ്പുറത്ത് തന്നെ ഒരു സ്ഥലം കണ്ടെത്തിയത് എംടിയായിരുന്നു. അന്ന് ഹോളോബ്രിക്സ് ഇറങ്ങിത്തുടങ്ങുന്നതേയുള്ളൂ. ഹൈദ്രാബാദില്‍ നിന്നും വിവിധ നിറങ്ങളിലുള്ള ടൈല്‍ കൊണ്ടുവന്നു. മുന്‍വശത്തെ തൂണും വാതിലുകളും ദേശമംഗലം മന പൊളിച്ചപ്പോള്‍ അവിടെ നിന്നും എംടി വാങ്ങിക്കൊണ്ടുവന്നു.
വരുന്ന ഒക്ടോബര്‍ 6, 7, 8 തീയതികളിലായി നൃത്താലയയുടെ വാര്‍ഷികാഘോഷങ്ങള്‍ നടത്തുവാനാണ് നിശ്ചയിച്ചിട്ടള്ളത്. പൂര്വവിദ്യാര്ത്ഥികളുടെയും മറ്റുമായ വലിയൊരു സംഗമമായിരിക്കും അത്.
ടീച്ചറുടെ കാലത്തെ പഠനരീതികളല്ലല്ലോ ഇന്നുള്ളത്. ഏറെ മാറിയ ഈ കാലത്ത് നിന്നുകൊണ്ട് നോക്കുമ്പോള്‍…
അച്ചടക്കത്തിന്റെ കാര്യത്തില്‍ അന്നും ഇന്നും എനിക്ക് യാതൊരു ഒത്തുതീര്‍പ്പുമില്ല. മുടങ്ങാതെ ക്ലാസില്‍ വരണമെന്നത് നിര്‍ബന്ധമാണ്. എന്ത് കാരണം പറഞ്ഞ് മുടങ്ങിയാലും ഞാനത് വകവയ്ക്കില്ല. വരുന്നില്ലെങ്കില്‍ വരണ്ട. അവിടെ തീര്‍ന്നു. അത്ര കര്‍ശനമായിരുന്നു. ഇപ്പോള്‍ വയസ്സായി. കാലം മാറി. കുട്ടികളെ അങ്ങനെ ചീത്തപറയാനും അടിക്കാനും
ഇന്ന് പറ്റില്ലല്ലോ. ഞാന്‍ നല്ലതുപോലെ തല്ലാറുണ്ട്. എന്റെ അച്ഛനും അമ്മയും പറയാറുണ്ട് അടികിട്ടാത്ത കുട്ടി ഒന്നിനും കൊള്ളില്ലെന്ന്. ഇപ്പോഴത്തെ പഠനരീതിയും സമ്പ്രദായങ്ങളുമെല്ലാം ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് പഠിച്ചിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥി സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടിയാല്‍ ഉടന്‍ കട്ടയും കോലുമെടുത്ത് പഠിപ്പിക്കാന്‍ തുടങ്ങുന്ന അവസ്ഥയുണ്ട്. അവനവന്റെ ഉള്ളിലെ നര്‍ത്തകിയെ വളര്‍ത്താനുള്ള ശ്രദ്ധയില്ല. പഠിച്ചതുതന്നെ പഠിപ്പിക്കുകയെന്നതേയുള്ളൂ. ടീച്ചര്‍ ആവുകയെന്നത് പ്രയാസപ്പെട്ട് ഉണ്ടാക്കേണ്ട ഒരു സാധനമാണ്. കാരണം അതില്‍ ഒരുപാട് സംഗതികള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. വെറുതെ ഒരു സുപ്രഭാതത്തില്‍ ടീച്ചറാവുകയെന്നത് മണ്ടത്തരമാണ്.
ഞാനിവിടെ വരുന്ന കുട്ടികളോട് പറയാറുണ്ട്. നിങ്ങള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ മാത്രം പഠിച്ചാല്‍ മതി. താത്പര്യമുള്ള പത്ത് കുട്ടികളുണ്ടായാല്‍ മതി. ഇക്കാര്യത്തില്‍ നമ്മേക്കാള്‍ ഒരുപടി മുന്നിലാണ് വിദേശികള്‍ എന്നുപറയാം. അവര്‍ സമര്‍പ്പണമനോഭാവത്തോടെയാണ് നമ്മുടെ കലകള്‍ പഠിക്കാന്‍ ശ്രമിക്കുന്നത്.
നൃത്തജീവിതത്തിന്റെ അറുപതാണ്ടുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ടീച്ചറെ സംബന്ധിച്ച് എന്താണ് നൃത്തം എന്ന് നിര്‍വചിക്കാമോ?
എനിക്ക് നൃത്തമൊഴിഞ്ഞ് മറ്റൊരു ജീവിതമില്ല. എന്റെ കല ആത്മാവിനുള്ളില്‍ കിടക്കുന്നതാണ്. ഇനിയൊരാഗ്രഹമുള്ളത് മകളുടെയും മരുമകന്റെയും കൂടെ ഒരു വേദിയില്‍ ആടണം എന്നുള്ളതാണ്. അതൊരു ചെറിയ വേഷമാണെങ്കില്‍ പോലും. അതിന് ഭഗവാന് അവസരം ഉണ്ടാക്കിത്തരുമെന്നുതന്നെയാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: