കോട്ടയം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന് കെ ഇ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ഡോ.ജയിംസ് മുല്ലശ്ശേരി. അക്കാദമിക് കാര്യങ്ങള്‍ക്കൊപ്പം വ്യക്തിത്വ വികസനവും സ്വഭാവരൂപീകരണവും വളര്‍ത്തിയെടുക്കുക എന്ന ചിന്തയും ഉള്‍ക്കൊണ്ടുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയം. കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ നടന്ന ജന്മഭൂമി പ്രതിഭാ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാസുരമായ ഒരു കാലമാണ് പ്രതീക്ഷിക്കുന്നത്. ഭാരതം ലോകരാഷ്‌ട്രങ്ങളുടെ ഇടയില്‍ വലിയൊരു ശക്തിയായി മാറി. വിദ്യാഭ്യാസ, ശാസ്ത്ര മേഖലകളില്‍ എല്ലാം നല്ല നേട്ടം പ്രകടമാണ്. ആര്‍ഷ ഭാരതസംസ്‌കാരത്തിന്റെ മൂല്യം ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ തലമുറയ്‌ക്ക് സാധിക്കണമെന്നും ജയിംസ് മുല്ലശ്ശേരി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നമ്മുടെ രാജ്യത്തിന് മുന്നോട്ടു പോകുന്നതിന് പ്രചോദനപ്പെടുന്ന വിധത്തില്‍ പ്രതിഭയെ വിനിയോഗിക്കുകയാണ് പ്രധാനമെന്ന് ഡോ.ടി.കെ.ജയകുമാര്‍ അഭിപ്രായപ്പെട്ടു. സമൂഹമെന്നത് നാം ഓരോരുത്തരുമാണ്. നമ്മള്‍ എന്ത് സംഭാവന ചെയ്യുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്തിന്റെ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് ഓരോ പടികള്‍ കയറുമ്പോഴും സമൂഹത്തിലെ മറ്റുള്ളവരേയും പരിഗണിച്ചു മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. അറിവും സംവേദനക്ഷമതയും വിനയവുമാണ് മുന്നേറാനുള്ള കരുത്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കോട്ടയം വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നടിയും അവതാരകയുമായ മീനാക്ഷി സമ്മാനദാനം ഉദ്ഘാടനം ചെയ്തു.
ഓക്‌സിജന്‍ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ജനറല്‍ മാനേജര്‍ റെനിന്‍ തോമസ്, അച്ചായന്‍സ് ഗോള്‍ഡ് എംഡി ടോണി വര്‍ക്കിച്ചന്‍, കോട്ടയം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശങ്കരന്‍, ദര്‍ശന അക്കാഡമി ഡയറക്ടര്‍ ഫാ.എമില്‍ പുള്ളിക്കാട്ടില്‍, മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.ജയിന്‍ എ.എസ്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍, യൂണിറ്റ് മാനേജര്‍ അം.ആര്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: