മണ്ണാര്‍കാട്: വ്യാജരേഖ കേസില്‍ അറസ്റ്റിലായ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയ്ക്ക് ജാമ്യം. മണ്ണാര്‍കാട് കോടതി ഉപാധികളോടെ ആണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. പാസ്പോര്‍ട്ട് സമര്‍പ്പിക്കണം, രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണം, കേരളം വിട്ടു പോകരുത് എന്നിവയാണ് ഉപാധികള്‍. അഗളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം അനുവദിച്ചത്. അതേസമയം, നീലേശ്വരം പോലീസിന് വിദ്യയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്കി.
നേരത്തേ, വിദ്യയുടെ ഫോണില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കിയികരുന്നു. ഫോണിലും മെയിലിലും ഉണ്ടായിരുന്ന പല രേഖകളും ഡിലീറ്റ് ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സൈബര്‍ വിദഗ്ധര്‍ക്ക് പരിശോധനയ്ക്കായി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തിയതായാണ് സൂചന.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. മഹാരാജാസിലെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നാണ് വിദ്യ ആവര്‍ത്തിക്കുന്നത്. വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു.
അതേസമയം സകല മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് വിദ്യയുടെ അറസ്റ്റ് എന്നും തീവ്രവാദ കേസുകളിലെ പ്രതിയോടെന്ന പോലെയാണ് പോലീസ് പെരുമാറുന്നതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. വിദ്യയുടെ ആരോഗ്യസ്ഥിതിയും കോടതിയെ ധരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: