ആലത്തൂര്‍: ടൗണിലെ കോര്‍ട്ട് റോഡില്‍ വ്യാപാര സ്ഥാപനങ്ങള്‍ റോഡിന്റെ ഭാഗത്തേക്ക് ഇറക്കി നടത്തിയിട്ടുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ആലത്തൂര്‍ ഗ്രാമപഞ്ചായത്ത്. എന്നാല്‍ കോര്‍ട്ട് റോഡ് വികസിപ്പിക്കുന്നതിനായി നടത്തിയ സര്‍വേയില്‍ അപാകതയുണ്ടെന്ന് വ്യാപാരികള്‍. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സര്‍വേയിലെ അപാകതകളെ സംബന്ധിച്ച് വ്യാപാരികള്‍ രൂക്ഷമായ എതിര്‍പ്പ് ഉന്നയിച്ചത്. ആദ്യം അളന്ന സര്‍വേ മാറ്റി രണ്ടാമത് അളന്ന സര്‍വെയിലാണ് അപാകതയെന്നാണ് വ്യാപാരികളുടെ ആക്ഷേപം.
റവന്യൂ, പോലീസ് വിഭാഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ടൗണിലെ അനധികൃത പാര്‍ക്കിംഗിനെ കുറിച്ചും തെരുവു കച്ചവടങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നു. കെട്ടിട നിര്‍മാണ ചട്ടമനുസരിച്ച് പുതിയ കെട്ടിടങ്ങളിലെല്ലാം വാഹന പാര്‍ക്കിങ് സൗകര്യമുണ്ടാവേണ്ടതാണ്. എന്നാല്‍ ഇവയില്‍ പലതിലും പാര്‍ക്കിങ് കേന്ദ്രം ഇല്ലാതായത് എങ്ങനെയെന്നും പഞ്ചായത്തിനോട് ചോദ്യമുയര്‍ന്നു.
റോഡിലേക്കിറക്കിയ ഭാഗം പൊളിച്ച് നീക്കാന്‍ പഞ്ചായത്ത് ആവശ്യമായ നോട്ടീസ് നല്‍കും. റവന്യു രേഖകള്‍ പ്രകാരം അളന്ന് അടയാളപ്പെടുത്തിയ ഭാഗങ്ങളിലെ നിര്‍മാണങ്ങളാണ് പൊളിച്ചുനീക്കുക. അതില്‍ തര്‍ക്കമുള്ളത് വീണ്ടും പരിശോധിക്കും. മെയിന്‍ റോഡിനോട് ചേര്‍ന്ന പവിഴം കോര്‍ണര്‍ മുതല്‍ സ്വാതി ജങ്ഷന്‍ വരെയുള്ള ഭാഗത്തെ നിര്‍മാണങ്ങളാണ് ഒഴിപ്പിക്കുന്നത്. താലൂക്ക് ഓഫിസ് റോഡ് ഭാഗം മുതല്‍ കോര്‍ട്ട് റോഡ് വരെയുള്ള ഭാഗത്തെ നവീകരണം, പുതിയങ്കം തെക്കുമുറി വരെയുള്ള റോഡ് നവീകരണം എന്നിവയുടെ ഭാഗമായാണ് നടപടി.
റോഡിലേക്ക് തള്ളിനില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കും. കാര്‍, ഓട്ടോ എന്നിവയുടെ സ്റ്റാന്റ്, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവയുടെ പുനഃക്രമീകരണം, വണ്‍വേ സംവിധാനം കാര്യക്ഷമമാക്കല്‍, പാര്‍ക്കിങ്ങിന് സ്ഥലം കണ്ടെത്തല്‍, നടപ്പാത തടസപ്പെടുത്തിയുള്ള വ്യാപാരം ഒഴിവാക്കല്‍ എന്നിവയും ഇതിന്റെ ഭാഗമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍വേയിലെ അപാകതക്കെതിരെ വ്യാപാരികളിലെ ഭൂരിഭാഗം പേരും കോടതിയിലേക്ക് പരാതിയുമായി പോകാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക