കായംകുളം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കി തന്നെ ചതിച്ചത് സുഹൃത്തും എസ്എഫ്ഐ നേതാവുമായിരുന്ന അബിന്‍ സി. രാജ് ആണെന്ന് അറസ്റ്റിലായ നിഖില്‍ തോമസിന്റെ വെളിപ്പെടുത്തല്‍. വെള്ളിയാഴ്ച അറസ്റ്റിലായ നിഖിലിനെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ നല്കിയാല് പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നുറപ്പു നല്കി മുന്‍ എസ്എഫ് ഐ നേതാവു കൂടിയായ അബിന്‍ കലിംഗ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയതെന്നാണ് നിഖില്‍ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്. ഇയാളിപ്പോള്‍ മാലിയില്‍ അധ്യാപക മേഖലയില്‍ ജോലി ചെയ്യുകയാണ്.കായംകുളം എസ്എഫ്ഐ മുന്‍ ഏരിയാ സെക്രട്ടറി കൂടിയാണ് അബിന്‍.
വ്യാജ സര്‍ട്ടിഫിക്കറ്റിനായി അബിന്‍ നിഖില്‍ 2 ലക്ഷം രൂപ കൈമാറിയതായി പൊലീസിനു തെളിവ് ലഭിച്ചിരുന്നു. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു. നേരത്തേ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ഏജന്‍സി നടത്തിയിരുന്ന അബിന്‍ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായി പൊലീസ് സംശയിക്കുന്നു. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങി.
അതേസമയം, ഇന്നു ഉച്ചക്ക് ശേഷം നിഖിലിനെ കോടതിയില്‍ ഹാദജരാക്കും. വ്യാജ രേഖകള്‍ നിര്‍മിച്ച നല്‍കിയത് കൊച്ചിയിലെ സ്ഥാപനത്തില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. ഒളിവില്‍ പോയതിനു ശേഷം കെഎസ്ആര്‍ടിസി ബസിലാണ് യാത്രകള്‍ നടത്തിയിരുന്നതെന്നും കൈയിലെ പണം തീര്‍ന്നതിനാല്‍ കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നതായും നിഖില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കോട്ടയത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നതിനിടെയാണ് നിഖില്‍ പൊലീസിന്റെ പിടിയിലായത്. നിഖില്‍ കൊട്ടാരക്കരയിലേക്ക് പോകാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സൂചന നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: