അക്രമസമരത്തിലൂടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്ത് മന്ത്രിയും, മുഖ്യമന്ത്രി പിണായി വിജയന്റെ മരുമകനുമായ മുഹമ്മദ് റിയാസിന് കോടതിവിധിയെത്തുടര്‍ന്ന് നാല് ലക്ഷത്തോളം രൂപ പിഴയടക്കേണ്ടിവന്നത് സിപിഎമ്മിന്റെ സാമൂഹ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ മുഖം പുറത്തുകൊണ്ടുവരുന്നതാണ്. പത്ത് വര്‍ഷം മുന്‍പ് സിപിഎമ്മിന്റെ പതിവ് കലാപരിപാടിയായ കേന്ദ്രവിരുദ്ധ സമരത്തിന്റെ ഭാഗമായി വടകര പോസ്റ്റോഫീസ് ആക്രമിച്ച കേസിലാണ് അന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ നേതാവായ റിയാസ് ഒന്നാം പ്രതിയായത്. വടകര ഹെഡ് പോസ്റ്റോഫീസിലെ സാധനസാമഗ്രികള്‍ തല്ലിതകര്‍ത്തതിന് റിയാസ് ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കെതിരെ സബ്കോടതിയുടെ വിധിയുണ്ടായി. ഇതിനെതിരെ ജില്ലാ കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരായ അപ്പീല്‍ കാലതാമസം ചൂണ്ടിക്കാണിച്ച് ഹൈക്കോടതി സ്വീകരിച്ചില്ല. എന്നിട്ടും വിചാരണക്കോടതി വിധിച്ച പിഴതുക അടയ്ക്കാതെ റിയാസും കൂട്ടരും ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. പോലീസും പ്രോസിക്യൂഷനും ഇതിന് സഹായം ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ ശക്തമായ നടപടി സ്വീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട് വരികയും, ഇപ്പോള്‍ പിഴയടച്ച് രക്ഷപ്പെടുകയും ചെയ്തിരിക്കുകയാണ്. പത്തുവര്‍ഷം മുന്‍പത്തെ തുകയും പലിശയും അധികചെലവുമടക്കമാണ് മന്ത്രിക്ക് നാല് ലക്ഷത്തോളം രൂപ കെട്ടിവയ്ക്കേണ്ടിവന്നത്.
ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന മുഹമ്മദ് റിയാസ് പാര്‍ട്ടി നേതാവെന്ന നിലയില്‍ സിപിഎമ്മിന്റെ ക്രിമിനല്‍ മുഖങ്ങളില്‍ ഒന്നായിരുന്നു. പാര്‍ട്ടിക്കുവേണ്ടി ആരെ വേണമെങ്കിലും പുലഭ്യം പറയാനും, എന്ത് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്താനും തയ്യാറുള്ളയാള്‍ എന്ന പ്രതിച്ഛായയാണ് റിയാസിനുള്ളത്. നിരവധിതവണ ഈ മുഖം ജനങ്ങള്‍ മറയില്ലാതെ കണ്ടിട്ടുള്ളതുമാണ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ എസ്എന്‍സി ലാവ്ലിന് കേസില്‍ പ്രതിയായ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെളിവുകള്‍ നശിപ്പിക്കുന്നതിന് ഒരു മാധ്യമസ്ഥാപനത്തിന്റെ ഓഫീസ് കയ്യേറി തീയിട്ട സംഭവത്തില്‍ റിയാസ് ആരോപണവിധേയനാവുകയുണ്ടായി. അഴിമതിയുടെ തെളിവുകള്‍ കോടതിയിലെത്തിയാല്‍ പിണറായി വിജയന് ശിക്ഷിക്കപ്പെടുമെന്നതിനാല്‍ അത് നശിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് റിയാസിന്റെ നേതൃത്വത്തില്‍ അക്രമപ്രവര്‍ത്തനം നടത്തിയതെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. പാര്‍ട്ടിക്കുവേണ്ടി, അതിനേക്കാള്‍ പിണറായി വിജയനുവേണ്ടി നടത്തിയ ഒരു ധീരസാഹസിക കൃത്യമായിരുന്നു അത്. കുടുംബപരമായി പോലീസ് പശ്ചാത്തലമുള്ള റിയാസ് ഇത്തരം കാര്യങ്ങള്‍ക്ക് പ്രത്യേക ധൈര്യമുള്ളതായാണ് കാണപ്പെടുന്നത്. റിയാസിന്റെ ഭാഷയിലും ശരീരഭാഷയിലും ഇത് പ്രകടവുമാണ്. അന്ന് പിണറായിക്കുവേണ്ടി ചെയ്ത ‘ത്യാഗത്തിന്’ പ്രത്യുപകാരമായാണ് പാര്‍ട്ടിയില്‍ പലരെയും മറികടന്ന് റിയാസിന് മന്ത്രിസ്ഥാനം ലഭിച്ചതെന്ന് കരുതുന്നവര്‍ നിരവധിയാണ്.
അധികാരത്തിനുവേണ്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുമൊക്കെ ചെയ്യുമെങ്കിലും നിയമവാഴ്ചയെ അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. രാഷ്ട്രീയശത്രുതയുടെ പേരിലും സമരങ്ങളുടെ പേരിലും അക്രമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ പാര്‍ട്ടിയുടെ നേതൃത്വം ഒരുകാലത്തും മടിച്ചുനിന്നിട്ടില്ല. എത്ര കൊടിയ ഹിംസയും പൊതുപ്രവര്‍ത്തനത്തിന്റെ പേരില്‍ ന്യായീകരിച്ചുകളയും. കണ്ണൂരിലും മറ്റും നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്തതും, ടി.പി. ചന്ദ്രശേഖരനെ ആസൂത്രിതമായി കൊലചെയ്തതും ഇതില്‍പ്പെടുന്നു. കെ.ടി. ജയകൃഷ്ണന് മാസ്റ്ററെ കൊലചെയ്തവരെ ജീവിക്കുന്ന രക്തസാക്ഷികളായി ചിത്രീകരിച്ചതും, ടിപി കൊലക്കേസില്‍ പ്രതിയായ കുഞ്ഞനന്തനെ ജനങ്ങളുടെ കണ്ണിലുണ്ണിയെന്നു വിശേഷിപ്പിക്കുന്നതുെമാക്കെ ഈ മനോഭാവത്തിന്റെ പ്രകടനമാണ്. സമരത്തിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യം ലഭിച്ചവരാണ് സിപിഎമ്മുകള്‍ എന്നുപോലും പറയാവുന്നതാണ്. ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോടതി ഉത്തരവുണ്ടായാല്‍പ്പോലും ഇവര്‍ക്ക് അംഗീകരിക്കാന്‍ മടിയാണ്. ഈ മനോഭാവത്തിനേറ്റ കനത്ത തിരിച്ചടിയാണ് മന്ത്രി മുഹമ്മദ് റിയാസിന് കോടതിയില്‍ പിഴയൊടുക്കേണ്ടിവന്നത്. ഇപ്പോള്‍ പിഴയടച്ച കേസില്‍ പോലീസിനെ ഉള്‍പ്പെടെ ഭരണസ്വാധീനം ഉപയോഗിച്ച് കൂറുമാറ്റിയാണ് ക്രിമിനല്‍ കേസില്‍നിന്ന് റിയാസ് രക്ഷപ്പെട്ടത്. പിഴ അടച്ചതോടെ റിയാസ് കുറ്റം സമ്മതിച്ചിരിക്കുകയാണ്. പൊതുമുതല്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ, അങ്ങനെ ചെയ്തുകൊള്ളാമെന്ന് ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായ ആളാണ് റിയാസ്. മന്ത്രിയായി തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ട റിയാസ് രാജിവയ്ക്കുകയാണ് വേണ്ടത്. റിയാസിനെപ്പോലെ ഒരാളില്‍നിന്ന് അങ്ങനെയൊരു നടപടി ഉണ്ടാവില്ലെങ്കിലും ജനങ്ങള്‍ അത് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: