ജ്യോതിഷ ഭൂഷണം
എസ്.ശ്രീനിവാസ് അയ്യര്‍
നക്ഷത്രങ്ങളേ സാക്ഷി!
സ്ഥിരം, ചരം, ഉഗ്രം, മിശ്രം, ലഘു, മൃദു, തീക്ഷ്ണം എന്നീ ഏഴ് നക്ഷത്ര വിഭാഗങ്ങളില്‍ ഒടുവിലത്തേതാണ് തീക്ഷ്ണം. ഇതിന് ദാരുണം എന്ന പേരും കൂടിയുണ്ട്..
സപ്തഗ്രഹങ്ങളാണ് ഇവയില്‍ ഓരോ വിഭാഗത്തിന്റെയും അധിപര്‍.. തീക്ഷ്ണം/ദാരുണ വിഭാഗത്തിന്റെ അധിനാഥന്‍ ശനിയാണ്. ഈ വിഭാഗത്തില്‍ നാല് നക്ഷത്രങ്ങളുണ്ട്. അവ തിരുവാതിര, ആയില്യം, കേട്ട, മൂലം എന്നിവയാകുന്നു.
ഈ നാല് നാളുകളും അന്നനക്ഷത്രങ്ങളല്ല. ‘ത്യാജ്യഗണം’ എന്ന വിഭാഗത്തില്‍ വരുന്നവയാണ്. പ്രായേണ ശുഭകാര്യങ്ങള്‍ക്ക് ഇവ സ്വീകരിക്കാറുമില്ല. തീക്ഷ്ണ നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളില്‍ മറ്റെന്തൊക്കെ ചെയ്യാനാവും? ആഭിചാരം, ഉഗ്രകര്‍മ്മങ്ങള്‍, പശു ദമാദികം അഥവാ ഹിംസ്രമൃഗങ്ങളെ നിയന്ത്രണത്തിലാക്കാന്‍ ഒക്കെ ഈ ദിവസം സ്വീകരിക്കാം.
ശനിയും ചൊവ്വയും ഗ്രഹങ്ങള്‍ക്കിടയില്‍ വിരുദ്ധചേരികളിലാണെങ്കിലും ഉഗ്രതയുടെയും തീക്ഷ്ണതയുടെയും കാര്യത്തില്‍ അവയ്ക്ക് തമ്മില്‍ പാരസ്പര്യമുണ്ട്. അതിനാല്‍ ചൊവ്വ, നാഥനായ ഉഗ്ര/ക്രൂര കര്‍മ്മങ്ങളും ശനി, നാഥനായിട്ടുള്ള തീക്ഷ്ണ/ദാരുണ കര്‍മ്മങ്ങളും ചൊവ്വ, ശനി ദിവസങ്ങളില്‍ ഏതില്‍ വേണമെങ്കിലും നിര്‍വഹിക്കാം എന്ന് സാരം. (പൂരം, പൂരാടം, പൂരുരുട്ടാതി, മകം, ഭരണി ഇവയഞ്ചുമാണ് ഉഗ്രനക്ഷത്രങ്ങള്‍).
ഉഗ്രനക്ഷത്രങ്ങളില്‍ ജനിച്ചവരില്‍ അവയുടെ നാഥനായ ചൊവ്വയുടെ പ്രകൃതം നിലീനമായിരിക്കും. അതുപോലെ തീക്ഷ്ണ/ദാരുണ നക്ഷത്രങ്ങളായ തിരുവാതിര, ആയില്യം, കേട്ട, മൂലം എന്നിവയില്‍ ജനിച്ചവര്‍ക്ക് ശനിയുടെ ദാരുണവും തീക്ഷ്ണവുമായ ശീലം ഉണ്ടാവും. തിരുവാതിര ഒഴികെ മറ്റുള്ള മൂന്ന് നാളുകളും അസുരഗണത്തില്‍ പെടുന്നവയാണെന്നും ഓര്‍ക്കത്തക്കതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: