പുതുക്കാട്: ആറ്റപ്പിള്ളി റെഗുലേറ്റര്‍ വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്കാന്‍ ഇറിഗേഷന്‍ വകുപ്പ് സെക്രട്ടറിക്ക് കോടതിയുടെ നിര്‍ദ്ദേശം. ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തനക്ഷമമാക്കണമെന്നുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1982ല്‍ സര്‍ക്കാര്‍ അനുമതി നല്കിയ പദ്ധതി നാലു പതിറ്റാണ്ടു പിന്നിട്ടിട്ടും പ്രവര്‍ത്തനക്ഷമമാകാത്തതിനെത്തുടര്‍ന്ന് ആറ്റപ്പിള്ളി റെഗുലേറ്റര്‍ പാലം കമ്മറ്റി സെക്രട്ടറി കൂടിയായ നന്തിപുലം സ്വദേശി ജോസഫ് ചെതലന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ് ഉണ്ടായിരിക്കുന്നത്.
രണ്ടാഴ്ചക്കകം എന്തെല്ലാം പ്രവര്‍ത്തികള്‍ നടത്തിയാലാണ് പാലം പ്രവര്‍ത്തനക്ഷമമാകുക, അതിനായി എത്ര സമയം ആവശ്യമായി വരും തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ച് ഇറിഗേഷന്‍ വകുപ്പ് സെക്രട്ടറിയോട് സത്യവാങ്മൂലം നല്കാനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. എന്‍. വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവര്‍ ഉത്തരവിട്ടിരിക്കുന്നത്. 2008 ല്‍ നിര്‍മാണം ആരംഭിച്ച പദ്ധതി പലവിധത്തിലുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് മുന്നോട്ടു പോയത്. ഇപ്പോഴും പാലത്തിന്റെ ബേസ്‌മെന്റിനടിയിലൂടെ ഒഴുകി ജലം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഏകദേശം 17 കോടി രൂപ ചിലവഴിച്ചിട്ടും വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ ആറ്റപ്പിള്ളി റെഗുലേറ്റര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. നിര്‍മാണത്തിലെ അപാകതയാണ് ഇത്തരം പാഴ്ചിലവിനു കാരണമെന്ന് ആക്ഷേപമുണ്ടെങ്കിലും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനോ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് കൃഷിക്കുപകാരപ്രദമാകുന്ന വിധത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നതിനോ ആരും മുന്‍കൈ എടുത്തില്ല. ഒടുവില്‍ ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഇടപെടല്‍ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: